800 വര്‍ഷമായി ഇവിടുത്തെ കോടതിയും, പൊലീസും ആരാച്ചാരുമെല്ലാം ഈ കുടുംബം; ഹിന്ദുക്ഷേത്രം ഭരിക്കുന്ന ജൈന കുടുംബത്തിലെ ധര്‍മ്മാധികാരി; ദിവസവും അമ്പതിനായിരംപേര്‍ക്ക് സൗജന്യ ഭക്ഷണം; കര്‍ണാടക രത്നയും പത്മഭൂഷണും വിഭൂഷണും; ധര്‍മ്മസ്ഥലയുടെ 'ചക്രവര്‍ത്തി' വീരേന്ദ്ര ഹെഗ്ഡെയുടെ കഥ!

ധര്‍മ്മസ്ഥലയുടെ 'ചക്രവര്‍ത്തി' വീരേന്ദ്ര ഹെഗ്ഡെയുടെ കഥ!

Update: 2025-08-04 10:05 GMT

നായകര്‍ പ്രതിനായകര്‍ ആവുന്നത്, പലപ്പോഴും സിനിമയില്‍ മാത്രമല്ല ജീവിത്തിലും സംഭവിക്കാറുണ്ട്. ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡെക്ക് ഉണ്ടായിരുന്ന ഇമേജ്, ശരിക്കുമൊരു മനുഷ്യസ്നേഹിയുടേതായിരുന്നു. പ്രതിദിനം അമ്പതിനായിരം പേര്‍ക്ക് ഭക്ഷണം സൗജന്യമായി കൊടുക്കുന്ന ധര്‍മ്മസ്ഥയുടെ അടുക്കളയുടെ ഉപജ്ഞാതാവ് എന്ന പേരില്‍ വിദേശ മാസികകള്‍പോലും അദ്ദേഹത്തെക്കുറിച്ച് ലേഖനമെഴുതി. പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരുന്നു. ഓണറി ഡോക്ടറേറ്റ്, കര്‍ണാടക രത്ന, പത്മഭൂഷണും വിഭൂഷണും, ഒപ്പം രാജ്യസഭാംഗത്വവും...

അങ്ങനെ തിളങ്ങി നില്‍ക്കുമ്പോഴും, 77 വയസ്സുള്ള ഈ വയോധികനെചൊല്ലി വര്‍ഷങ്ങളായി ധര്‍മ്മസ്ഥലയിലും പരിസരത്തും വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പുറംലോകം അറിഞ്ഞില്ല. ഇപ്പോള്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ, അവിടെ നടന്ന നൂറുകണക്കിന് ദുരൂഹമരണങ്ങളുടെ വിവരങ്ങള്‍ പുറത്താവുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എസ്ഐടി സംഘം രൂപീകരിക്കപ്പെടുകയും, അവര്‍ സാക്ഷിയുമൊത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന പറയുന്ന നേത്രാവതി നദിയുടെ കരയില്‍ പരിശോധിക്കയുമാണ്. നിരവധി അസ്ഥികള്‍ സംഘം കണ്ടെടുക്കുകയും ചെയ്തു. ഇതോടെ 'നീതിയുടെ ആരാധനാലയത്തില്‍' അനീതി വിളയാടുന്നുവെന്ന് ഉറപ്പായി. അതുവരെ നായകനായിരുന്ന വീരേന്ദ്ര ഹെഗ്ഡേ വില്ലനും. കാരണം ഹെഗ്ഡെ കുടുംബമാണ് കേസിലെ പ്രതികളെ രക്ഷിക്കുന്നത് എന്നാണ് ധര്‍മ്മ സ്ഥല ആക്ഷന്‍ കമ്മറ്റിയുടെ പ്രധാന ആരോപണം.

ഒന്നും രണ്ടുമല്ല, രണ്ടായിരത്തോളം ദുരൂഹമരണങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗം പി ജയന്ത് പറയുന്നത്. നിരവധി വിദ്യാര്‍ത്ഥിനികളെപ്പോലും ബലാത്സഗം ചെയ്ത് കൊന്നുവെന്നും, 1978 മുതല്‍ തുടര്‍ച്ചായി കൊലകള്‍ നടന്നുവെന്ന് പറയുമ്പോള്‍ നാം അമ്പരന്നുപോവും. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് ചിന്തിച്ചുപോവും. പക്ഷേ ആക്ഷന്‍ കമ്മറ്റി പറയുന്നത്, ഇനിയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ലാത്ത സ്ഥലമാണ് ധര്‍മ്മസ്ഥല എന്നാണ്. തങ്ങള്‍ക്ക് വേണ്ടത് കഴിഞ്ഞ എട്ടുനുറ്റാണ്ടായി ധര്‍മ്മസ്ഥലയുടെ പൊലീസും കോടതിയും ആരാച്ചാരുമല്ലാമായ ഹെഗ്ഡേ കുടുംബത്തില്‍നിന്നുള്ള സ്വാതന്ത്ര്യം കുടിയാണെന്ന് അവര്‍ പറയുന്നു.

ദിവസും അമ്പതിനായിരംപേരെ ഊട്ടുന്നു

ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരി രത്നവര്‍മ ഹെഗ്ഗഡെയുടെയും, രത്നമ്മ ഹെഗ്ഗഡെയുടെയും മൂത്ത മകനാണ് വീരേന്ദ്ര ഹെഗ്ഡേ. മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയായ തുളു ജൈന്‍ ബണ്ട് വംശപരമ്പരയിലെ പെര്‍ഗേഡ് രാജവംശത്തില്‍ പെട്ടയാളാണ് അദ്ദേഹം. 1968 ഒക്ടോബര്‍ 24 ന്, തന്റെ 19-ാം വയസ്സില്‍, വംശ പരമ്പരയിലെ 21-ാമനായി അദ്ദേഹം ആ സ്ഥാനത്ത് എത്തി. കഴിഞ്ഞ 55 വര്‍ഷമായി അദ്ദേഹം ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരിയാണ്. സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, തത്ത്വചിന്തകന്‍, മനുഷ്യസ്നേഹി എന്നീ നിലകളിലാണ്, അദ്ദേഹത്തെ ധര്‍മ്മസ്ഥലയുടെ വെബ്സൈറ്റ് വിശേഷിപ്പിക്കുന്നത്.


 



ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരി എന്നാല്‍ ഫലത്തില്‍ അവിടുത്തെ ചക്രവര്‍ത്തി എന്നുതന്നെയാണ് അര്‍ഥം. ഇന്നും ഫ്യൂഡലിസത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ടുമാറാത്ത ഒരു സമൂഹത്തിലെ കോടതിയും പൊലീസും അദ്ദേഹമാണ്. ട്രസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെയും അതിന്റെ സ്വത്തുക്കളുടെയും ഭരണവും അദ്ദേഹമാണ് നിര്‍വഹിക്കുന്നത്. ഒരുപാട് സാമൂഹിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ധര്‍മ്മസ്ഥല ട്രസ്റ്റ് നടത്തുന്നുണ്ട്. ഡോ ഹെഗ്ഡേ ധര്‍മ്മാധികാരിയാതോടെ അതിവേഗത്തിലുള്ള വികസനമാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. പ്രതിദിനം അമ്പതിനായിരം പേര്‍ക്ക് സൗജന്യമായ ഭക്ഷണം കൊടുക്കുന്ന അന്നദാതാവായിട്ടാണ് ഡോ ഹെഗ്ഡേയെ, അദ്ദേഹത്തിന്റെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ അന്നപൂര്‍ണ്ണ അടുക്കളയില്‍ നിന്ന് പ്രതിദിനം ഏകദേശം 50,000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുവെന്നണ് പറയുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ടിവി ഷോയായ 'മെഗാ കിച്ചണ്‍സില്‍'ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. ( ഇത് പെരുപ്പിച്ച കണക്കാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പരമാവധി പതിനായിരമേ വരൂ എന്നാണ് ഇവരുടെ വാദം)

അതുപോലെ ഈ നാട്ടിലെ പള്ളിക്കൂടം മുതല്‍ കൊളജ് വരെ അവരുടേതാണ്. എസ്ഡിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രസിഡന്റ് എന്ന നിലയില്‍ നിരവധി വിദ്യാഭ്യാസ സ്ഥപാനങ്ങളുടെ അധ്യക്ഷനാണ് ഡോ. ഹെഗ്ഡേ. പ്രൈമറി സ്‌കൂള്‍ മുതല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍, ആയുര്‍വേദ, ഡെന്റല്‍ കോളജളുകള്‍ വരെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളുടെയും തലവനാണ് അദ്ദേഹം. എസ്‌കെഡിആര്‍ഡിപി എന്ന തന്റെ സ്വപ്ന പദ്ധതികളിലൂടെ ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം, സംരംഭകത്വം എന്നിവയിലും, അദ്ദേഹം ഇടപെടുന്നുണ്ട്. ഈ നാടിന്റെ വികസനം തന്നെ ധര്‍മ്മസ്ഥല ട്രസ്റ്റ് നടത്തുന്നതാണ് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുക. സൗജന്യ കുടിവെള്ള പദ്ധതിതൊട്ട് കര്‍ഷകര്‍ക്കുള്ള മെക്രോഫിനാന്‍സ് വായ്പ്പവരെ ഇതില്‍പെടും. കാറുകളോട് വലിത താല്‍പ്പര്യമുള്ളയാളാണ് വീരേന്ദ്ര ഹെഗ്ഡേ. അദ്ദേഹത്തിന് 30ഓളം വിന്റേജ് കാറുകളുടെ ശേഖരം ഉണ്ട്. ധര്‍മ്മസ്ഥല സന്ദര്‍ശന വേളയില്‍, വീരേന്ദ്ര ഹെ്ഗഡെയുടെ വിന്റേജ് കാര്‍ ശേഖരവും കാണണം എന്ന് അന്താരാഷ്ട്ര മാസികളില്‍ വരെ വാര്‍ത്ത വന്നിട്ടുണ്ട്.

രാഷ്ട്രീയമായി നോക്കിയാല്‍ ഹെഗ്ഡെ എല്ലാ പാര്‍ട്ടിയുടെയും ആളാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും, ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തിന് ഒപ്പമാണ്. ധര്‍മ്മസ്ഥല സന്ദര്‍ശിച്ച് ഹെഗ്ഡെയുടെ ആതിഥ്യം സ്വകീരിക്കാത്ത രാഷ്ട്രീയക്കാരില്ല. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ബിജെപി ഭരിക്കുമ്പോഴും അദ്ദേഹത്തിന് അംഗീകാരങ്ങള്‍ ഒഴുകിയെത്തി. 1993-ല്‍ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ രാജര്‍ഷി പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന 2000ത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തിനും മത സൗഹാര്‍ദ്ദത്തിനും വീരേന്ദ്ര ഹെഗ്ഡെയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന 2009-ല്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടകരത്‌നം പുരസ്‌കാരം നല്‍കി. 2015-ല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് പത്മവിഭൂഷണും സമ്മാനിച്ചു. 2022-ല്‍ അദ്ദേഹം രാജ്യസഭാംഗമായി. സൗജന്യ എന്ന പെണ്‍കുട്ടിയുടെ ബലാത്സഗക്കൊലയെ തുടര്‍ന്ന് ആരോപണം കത്തിനില്‍ക്കുന്ന സമയത്താണ് ബിജെപി സര്‍ക്കാര്‍ ഹെഗ്ഡെയെ സാമൂഹിക സേവനങ്ങളുടെ പേരില്‍ പാര്‍ലിമെന്റില്‍ എത്തിച്ചത് എന്നോര്‍ക്കണം!

കോടികള്‍ വരുമാനുള്ള ക്ഷേത്രം

ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരായി, ദിഗംബര ജൈന സമുദായത്തില്‍ പെട്ടവര്‍ എത്തുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എറ്റവും വിചിത്രം, മഞ്ജുനാഥ ക്ഷേത്രം ഒരു കുടുംബ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. വര്‍ഷം നാല്‍പ്പതു ലക്ഷത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു എന്നാണ് ഏകദേശ കണക്ക്. അവിടെ കുമിഞ്ഞുകൂടുന്ന സ്വത്തുക്കള്‍ ഒരു കുടുംബത്തിലേക്കാണ് ചെന്നെത്തുന്നത്. ഇവിടെ യാതൊരു ഓഡിറ്റുമില്ല. ഇ ഡി ആദായനികുതി വകുപ്പ് പരിശോധനയില്ല. ഇവിടെ വന്നുവീഴുന്ന ശതകോടികള്‍ എടുത്ത്, ചെറിയ ഒരു വരുമാനം സാമൂഹിക സേവനത്തിനായി വിനിയോഗിക്കയാണ് ഹെഗ്ഡേ കുടംബം ചെയ്യുന്നത് എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ വഴി, കുടിവെള്ള പദ്ധതികള്‍ വന്നാലും, അത് ഹെഗ്ഡേ കുടുംബത്തിന്റെ ക്രെഡിറ്റിലാവും അറിയപ്പെടുക. ഒരു ജൈന ട്രസ്റ്റ് നടത്തുന്നതുകാണ്ടാണ് സര്‍ക്കാര്‍, മഞ്ജുനാഥ ക്ഷേത്രം ഏറ്റെടുക്കാത്തത് എന്നാണ് വാദം. ജൈനര്‍ക്ക് ഒപ്പം ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ധര്‍മസ്ഥലയിലെ ഇതര ബ്രാഹ്‌മണ കുടുംബങ്ങളാണ്. പക്ഷേ ഇപ്പോള്‍ വിവാദങ്ങളെ തുടര്‍ന്ന് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പക്ഷേ അത് നടക്കാതെപോവുന്നതും വിശ്വാസങ്ങളുടെയും ഐതീഹ്യത്തിന്റെയും പേരിലാണ്.


 



800 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുഡുമ എന്നായിരുന്നു ധര്‍മ്മസ്ഥല അറിയപ്പെട്ടിരുന്നതത്രേ. നെല്ലിയാടി ബീഡു എന്ന വീട്ടില്‍ ജൈന മേധാവി ബിര്‍മന്ന പെര്‍ഗഡെയും ഭാര്യ അമ്മു ബല്ലാല്‍ത്തിയും താമസിച്ചിരുന്നു. ഐതിഹ്യമനുസരിച്ച്, ധര്‍മ്മത്തിന്റെ കാവല്‍ മാലാഖമാര്‍ മനുഷ്യരൂപം സ്വീകരിച്ച് ധര്‍മ്മം ആചരിക്കുന്നതും തുടരാനും പ്രചരിപ്പിക്കാനും കഴിയുന്നതുമായ ഒരു സ്ഥലം തേടി വരികയായിരുന്നു. പര്‍ഗഡെ ദമ്പതികള്‍, അവരുടെ പതിവ് പോലെ സന്ദര്‍ശകരെ സ്വീകരിച്ചു. അവരുടെ ആത്മാര്‍ത്ഥതയിലും ഔദാര്യത്തിലും സന്തുഷ്ടരായ ആ രാത്രിയില്‍ ധര്‍മ്മ ദൈവങ്ങള്‍ പെര്‍ഗഡെയുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം അവര്‍ അദ്ദേഹത്തോട് വിശദീകരിച്ചു, ദൈവാരാധനയ്ക്കായി തന്റെ വീട് ഒഴിയാനും ധര്‍മ്മ പ്രചാരണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ഒന്നും ചോദിക്കാതെ, പെര്‍ഗഡെ മറ്റൊരു വീട് പണിയുകയും നെല്ലിയാടി ബീഡ് ആരാധനക്കായി വിട്ടുകൊടുക്കുകയും ചെയ്തുവെന്നാണ് കഥ.

ധര്‍മ്മ ദൈവങ്ങള്‍ വീണ്ടും പെര്‍ഗഡെയുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു. നാല് ദൈവങ്ങളെ - കാലരാഹു, കളാര്‍കൈ, കുമാരസ്വാമി, കന്യാകുമാരി എന്നിവരെ - പ്രതിഷ്ഠിക്കുന്നതിനായി പ്രത്യേക ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. അത് ജൈന ദൈവങ്ങളായിരുന്നു. ഇവിടെ പൂജകള്‍ നടത്താനായി വൈഷ്ണവ ബ്രാഹ്‌മണരെ കൊണ്ടുവന്നു. അപ്പോള്‍ അവരാണ് പെര്‍ഗഡെയോട് ഒരു ശിവലിംഗം സ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് മംഗലാപുരത്തിനടുത്തുള്ള കദ്രി മഞ്ജുനാഥ ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം വാങ്ങി. ഇതിന് ചുറ്റും മഞ്ജുനാഥ ക്ഷേത്രം നിര്‍മ്മിച്ചു. അന്ന് തൊട്ട് പെര്‍ഡെ കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. ചരുക്കിപ്പറഞ്ഞാല്‍ ഹിന്ദു ദൈവങ്ങളും ജൈന ദൈവങ്ങളും ഈ ക്ഷേത്രത്തിലുണ്ട്. പക്ഷേ കാലക്രമത്തില്‍, നേത്രാവതിക്കരയിലെ ഈ ക്ഷേത്രം മഞ്ജുനാഥന്റെ പേരില്‍ പ്രശ്സതമായി. ആയിരക്കണക്കിനാളുകള്‍ ഇങ്ങോട്ട് ഒഴുകിയെത്തി.

പിന്നീട് ബാഹുബലി പ്രതിമ കൂടി വന്നതോടെ ഈ പ്രദേശത്തിന്റെ കീര്‍ത്തി വര്‍ധിച്ചു. ഒരൊറ്റ പാറക്കല്ലില്‍ തീര്‍ത്ത ശില്‍പ്പമാണ് ബാഹുബലിയുടേത്. ഏകദേശം 200ഓളം ആളുകള്‍ നാലുകൊല്ലം കൊണ്ട് പണിതതാണിത്. 1966- തുടങ്ങിയ നിര്‍മ്മാണം 1973-ലാണ് പുര്‍ത്തിയായത്. ശില്‍പ്പം പണിതത് കര്‍ക്കല എന്ന സ്ഥലത്തു വെച്ചാണ്. കര്‍ക്കല തൊട്ടു ധര്‍മ്മസ്ഥല വരെ ഏകദേശം 45 കിലോമീറ്റര്‍ ഉണ്ട്. ശില്‍പ്പം കൊണ്ട് വരാന്‍ പാലങ്ങള്‍ നിര്‍മ്മിച്ചു. ബോംബയില്‍ നിന്ന് 40ചക്രമുള്ള പ്രത്യേക ട്രോളി കൊണ്ട് വന്ന് 20 ആനയെ കൊണ്ട് വലിപ്പിച്ചു. അങ്ങനെ 40ദിവസം കൊണ്ട് പ്രതിമ. ധര്‍മ്മസ്ഥലയില്‍ കൊണ്ട് വന്നത്. പക്ഷേ ശില്‍പ്പം ഒരു കുന്നിന്‍ മുകളിലാണ് പ്രതിഷ്ഠിക്കുന്നത്. താഴേ നിന്ന് കുന്നില്‍ കൊണ്ടുവരാനും ഏകദേശം രണ്ട് വര്‍ഷം എടുത്തു. അങ്ങനെ 1975-ല്‍ പ്രതിമ മുകളില്‍ സ്ഥാപിച്ചു. ബാഹുബലി ശില്‍പ്പത്തിന്റെ തൊട്ടു മുന്‍പില്‍ തന്നെ പ്രതിമയുടെ നിര്‍മാണം രത്നവര്‍മ്മ ഹെഡ്ഡെയുടെ ശില്‍പമുണ്ട്. നമ്മുടെ വീരേന്ദ്ര ഹെഗ്ഡെയുടെ പിതാവാണ് ഇദ്ദേഹം.

ഈ കുടംബത്തിലെ മൂത്ത പുരുഷ അംഗം, ധര്‍മ്മ അധികാരി (മുഖ്യ ഭരണാധികാരി) സ്ഥാനം ഏറ്റെടുക്കുകയും ഹെഗ്ഡേ എന്ന പദവി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ അധികാരം പാരമ്പര്യമായി കൈമാറി. പെര്‍ഗഡെ കുടുംബത്തിലെ ഏകദേശം ഇരുപത് തലമുറകള്‍ പിന്നിട്ടുകഴിഞ്ഞു. ഹെഗ്ഡെ കുടുംബമാണ് അന്ന് മുതല്‍ പ്രദേശത്തെ സിവില്‍- ക്രിമിനല്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചത്. ഇത് എട്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും തുടരുന്നു!

സമാന്തര കോടതിയും പൊലീസും

പേരിനുമാത്രം പൊലീസ് സ്റ്റേഷനുള്ള സ്ഥലമാണ് ഇന്നും ധര്‍മ്മസ്ഥലയൊന്നാണ്, ധര്‍മ്മസ്ഥല ആക്ഷകമ്മറ്റി നേതാവ് പി ജയന്ത് പറയുന്നത്. 2012-ല്‍ സൗജന്യ എന്ന പതിനേഴുകാരിയെ ബലാത്സഗം ചെത്ത് കൊന്ന കേസ് ഉണ്ടായിരുന്ന സമയത്ത് ഇവിടെ പൊലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നില്ല. അതുവരെ ബെല്‍ത്തങ്ങാടിയിലായിരുന്നു പൊലീസ് സ്റ്റേഷന്‍. പിന്നീട് സൗജന്യകേസിലെ വിവാദങ്ങളെ തുടര്‍ന്നാണ് 2016ലോ മറ്റോ, ധര്‍മ്മസ്ഥയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ തുടങ്ങിയത്. പക്ഷേ സ്റ്റേഷന്‍ വെറും ഡമ്മിയാണെന്നും, കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുക, ഹെഗ്ഡെ കുടുംബമാണെന്നുമാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. ഡിവോഴ്സ് കേസുകള്‍ തൊട്ട് കൊലപാതക കേസുകള്‍ക്ക്വരെ വിധി പറയുക, ഹെഗ്ഡെയുടെ കോടതിയാണ്. വിശ്വാസപരമായ കാരണങ്ങളാല്‍ ഈയടുത്തകാലംവരെ ഇവിടുത്തുകാര്‍ സമീപിച്ചിരുന്നത്, ഇന്ത്യ ഗവണ്‍മെന്റിന്റെ ജുഡീഷ്യറിയെ ആയിരുന്നില്ല. ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ധര്‍മ്മം വിട്ട് പ്രവര്‍ത്തിക്കില്ല എന്നായിരുന്നു ഗ്രാമീണരുടെ വിശ്വാസം.


 



ഭൂപരിഷ്‌ക്കരണം നടന്നിട്ടില്ലാത്ത കര്‍ണ്ണാടകയില്‍ ഇന്നും പലയിടത്തും ജന്‍മി കുടിയാന്‍ വ്യവസ്ഥയുണ്ട്. ഈ കര്‍ഷകരെ ചൂഷണം ചെയ്താണ് ഹെഗ്ഡേ കുടുംബം തടിച്ച് കൊഴുക്കുന്നത് എന്നാണ് സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ആരോപിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഡേക്കെതിരെ ആദ്യം കേസ് കൊടുത്തത് ഒരു സിപിഎം നേതാവായിരുന്നു. കര്‍ഷക സംഘം താലൂക്ക് സെക്രട്ടറിയായിരുന്ന വിഷ്ണു മൂര്‍ത്തി ഭട്ടായിരുന്നു ഈ ധീരന്‍. അതേക്കുറിച്ച് അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു-''1980-1986 കാലം. കര്‍ഷക സംഘം താലൂക്ക് സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. ഓള്‍ ഇന്ത്യ കിസാന്‍ സഭ സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായിരുന്നു. ബല്‍ത്തങ്ങാടി, പൂത്തൂര്‍, സുള്ളിയ; ഈ മൂന്ന് പ്രദേശങ്ങളിലും സര്‍ക്കാരിന്റെ റവന്യൂ ഭൂമിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകര്‍ താമസിച്ചിരുന്നു. ജില്ലയില്‍ മാത്രമായി 5000 കര്‍ഷരുണ്ടായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രദേശത്ത് കൃഷി ചെയ്തുവെന്നാരോപിച്ച് ഇവര്‍ക്ക് മേല്‍ വലിയ തുക പിഴ ചുമത്തിയിരുന്നു.സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നവരുടെ രേഖകളും അവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴ വിവരങ്ങളുടെ രേഖകളും കണ്ടെടുത്തു. ഇവയെല്ലാം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു. ആ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജന്മിമാര്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കിയിരുന്ന തുകയേക്കാള്‍ വലുതായിരുന്നു അത്. സര്‍ക്കാരിന്റെ ഈ നടപടി തുടരാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ഞങ്ങള്‍ നടത്തിയ സമരമായിരുന്നു ധര്‍മ്മസ്ഥലയിലെ ആദ്യ സമരം.''- ഭട്ട് പറയുന്നു.

''ആ സമയത്തെ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്നു മലയാളിയായ ദേവാനന്ദ്. ഈ തിരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ് എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അയാളുടെ മകള്‍ പത്മലതയെ ഇവര്‍ തട്ടിക്കൊണ്ടു പോകുന്നത്. കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയത് ആയിരുന്നു പത്മലത. പ്രിന്‍സിപ്പളായിരുന്ന പ്രഭാകരെന്ന വ്യക്തിയും വീരേന്ദ്ര ഹെഗഡെയുടെ സഹോദരന്‍ ഡി ഹര്‍ഷേന്ദ്ര കുമാറും കാറിലുണ്ടായിരുന്നത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു പത്മലതയെ കൊണ്ടുപോയത്.

സാധാരണയായി ധര്‍മ്മസ്ഥലയില്‍ എന്ത് സംഭവമുണ്ടായാലും പോലീസ് കേസ് ആവാറില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കേണ്ടത് വീരേന്ദ്ര ഹെഗഡെുടെ കാല്‍ ചുവട്ടിലാണ്. പിന്നീട് അയാള്‍ പറയുന്നതാണ് ആ പ്രശ്‌നത്തിനുള്ള പരിഹാരം. എന്നാല്‍ ഞങ്ങള്‍ അന്ന് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒന്നോ രണ്ടോ ദിവസം നോക്കിയതിന് ശേഷം ആകാം പരാതി സ്വീകരിക്കുന്നതെന്നായിരുന്നു അന്ന് ലഭിച്ച മറുപടി. പരാതി സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് ഞാന്‍ പറഞ്ഞു. ബഹളം കേട്ടെത്തിയ തഹസില്‍ദാരുടെ ആവശ്യപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതാണ് ധര്‍മ്മസ്ഥലയിലെ ആദ്യ പരാതി. വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരെ ഈ സ്വതന്ത്ര ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പരാതിയും ഇതാണ്.''- ഭട്ട് പറയുന്നു. പക്ഷേ ആ കേസും എങ്ങുമെത്തിയില്ല.

മന്നാര്‍ഗുഡി മാഫിയയെപ്പോലെ

ശരിക്കും വീരേന്ദ്ര ഹെഗ്ഡേയല്ല പ്രശ്നക്കാരന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറും കൂട്ടരുമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ചില ക്രിമനല്‍ സ്വഭാവമുള്ള ജീവനക്കാര്‍ വഴി ഹര്‍ഷേന്ദ്ര കുമാറാണ് അഴിഞ്ഞാടുന്നത് എന്നും വീരേന്ദ്ര ഹെഗ്ഡെ അതിന് പിന്തുണ കൊടുക്കയാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ധര്‍മ്മസ്ഥലയിലും പരിസരത്തും ആര് എന്ത് മികച്ച സംരംഭം തുടങ്ങിയാലും അത് അവസാനം ഹെഗ്ഡേ ഫാമിലിയുടെ കൈയിലെത്തും. നല്ല രീതിയില്‍ ഫാം നടത്തുന്നവരെ, ഭീഷണിപ്പെടുത്തി എഴുതിവാങ്ങും. അതിന് അവര്‍ ഒരു വില നിശ്ചയിക്കും. അത് മേടിച്ച് സ്ഥലം വിട്ടോളണം. ഇല്ലെങ്കില്‍ ജീവന്‍ കാണില്ല. അങ്ങയൊണ് തന്റെ പിതാവിന് ജീവന്‍ നഷ്ടമായത് എന്നാണ് മലയാളിയായ അനീഷ് ഇപ്പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ധര്‍മ്മസ്ഥല മാഫിയ ഭൂമി തങ്ങള്‍ക്ക് വിറ്റുപോകാനുള്ള അന്ത്യശാസനം, തന്റെ പിതാവ് കേട്ടില്ലെന്നും ഇതിന്റെ പിറ്റേന്നാണ്, അദ്ദേഹം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് എന്നും അനീഷ് പറയുന്നു. അങ്ങനെ കൈയും കാലും വെട്ടിയതിന്റെയും, മുക്കിക്കൊന്നതിന്‍െയുമൊക്കെ എത്രയോ കഥകള്‍ ധര്‍മ്മസ്ഥ ആകഷന്‍ കമ്മറ്റിക്ക് പറയാനുണ്ട്! ക്ഷേത്രത്തില്‍ മര്‍ദനത്തിനായി ഇരുട്ടുമുറികള്‍ ഉണ്ടെന്നും അവര്‍ പറയുന്നു. സാക്ഷികളെ കൊന്നു തള്ളി. സൗജന്യ കേസിലെ മൂന്ന് സാക്ഷികളാണ് കൊല്ലപെട്ടത്.

വിഷ്ണു മൂര്‍ത്തി ഭട്ട് തന്റെ അനുഭവം പറയുന്നത് ഇങ്ങനെ.

''ധര്‍മ്മസ്ഥലയില്‍ നിരവധി ഗസ്റ്റ് ഹൗസുകളുണ്ട്. അവയിലേതിലെങ്കിലും താമസിക്കുന്ന പെണ്‍കുട്ടികളെ കണ്ട് മോഹം തോന്നിയാല്‍ ഇവര്‍ ഉടനടി സമീപിക്കും. വഴങ്ങുന്നവര്‍ക്ക് പണമോ പാരിതോഷികളങ്ങളോ നല്‍കും. എതിര്‍ത്താല്‍ മരണമായിരിക്കും ഫലം. ഒരു കേസും പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ആവില്ലെന്ന ധൈര്യം ഇവര്‍ക്കുണ്ട്. സഹകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കും.


 



നിരവധി കാണാതാകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയ്‌ക്കെതിരെ അന്ന് സംസാരിച്ച ഒരാളായിരുന്നു എംഎല്‍എ ആയിരുന്ന ആര്‍ വെങ്കിട്ടരാമന്‍. അസംബ്ലിയില്‍ ഈ പ്രശ്‌നം ഉന്നയിച്ചതിന് അദ്ദേഹത്തിനും പലതും നേരിടേണ്ടി വന്നു. സൗജന്യ കേസ് നടക്കുന്ന സമയത്ത് ബിജെപി നേതാവ് ആര്‍ അശോകയാണ് ആഭ്യന്തര മന്ത്രി. അന്ന് സൗജന്യയുടെ വീട്ടില്‍ പോകാതെ ഹെഗഡെയെ സന്ദര്‍ശിച്ച ഇവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയുമൊക്കെ ഹെഗഡെയ്ക്ക് പിന്തുണയായുണ്ട്.

ഇവര്‍ക്കെതിരെ സമരവും പ്രതിഷേധവുമായി എത്തുന്ന എല്ലാവര്‍ക്കും ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയതിന് ബല്‍ത്തങ്കടി ബസ് സ്റ്റാന്റില്‍ വച്ച് എന്നെ മര്‍ദിച്ച് അവശനാക്കിയിട്ടുണ്ട്. അന്ന് മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ചീഫ് ഓഫീസറുടെ സഹായത്തോടെ പരാതി നല്‍കുകയുണ്ടായി. 1987 സെപ്തംബറിലായിരുന്നു ഇത്. ബെല്‍ത്തങ്ങാടി സ്വദേശിയായിരുന്ന എനിക്ക് നാടുവിട്ട് ഇപ്പോള്‍ മംഗളൂരുവില്‍ താമസിക്കേണ്ടി വന്നതിന്റെ പശ്ചാത്തലം തന്നെ ഈ സംഭവങ്ങളാണ്''- ഭട്ട് പറയുന്നു.

അതുപോലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിലെത്തുന്ന സുന്ദരികളെയം ചിലന്തിവലയിലെന്നപോലെ കുടുങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്. 2003-ല്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മ്മസ്ഥല ക്ഷേത്രത്തിലേക്ക് യാത്ര പോയതായിരുന്നു. പിന്നെ കുട്ടിയുടെ വിവരമൊന്നുമില്ല. സഹപാഠിയായ രശ്മിയില്‍ നിന്ന് ഫോള്‍കോള്‍ വരുമ്പോഴാണ് അനന്യയെ കാണാനില്ലെന്ന വിവരം അമ്മ സുജാത ഭട്ട് അറിയുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് ഓടിയെത്തിയ സുജാത മകളുടെ ഫോട്ടോ നാട്ടുകാര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും കാണിച്ചുകൊടുത്ത് അന്വേഷണം ആരംഭിച്ചു. അനന്യയുടെ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അകമ്പടി സേവിക്കുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടതായി നിരവധി നാട്ടുകാര്‍ അവരോട് പറഞ്ഞു. പക്ഷേ ബെല്‍ത്തങ്ങാടി പോലീസ് അതൊന്നും അംഗീകരിച്ചില്ല. 'എന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും മകള്‍ ഒളിച്ചോടിയതായി ആരോപിക്കുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചാണ് അവര്‍ സ്റ്റേഷനില്‍ നിന്ന് പുറത്താക്കിയത്''- സുജാത് ഭട്ട് മാധ്യമങ്ങളോട് പറയുന്നു.

തുടര്‍ന്ന് സുജാത ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെയെ സമീപിച്ചു. പക്ഷേ ഫലമുണ്ടായില്ല. പക്ഷേ തുടര്‍ന്ന് അതിഭീകരമായ അനുഭവമാണ് ആ അമ്മക്ക് ഉണ്ടായത്. ആ രാത്രിയില്‍, നിരാശയോടെ ക്ഷേത്രത്തിന് പുറത്ത് ഇരിക്കുമ്പോള്‍, വെള്ള വസ്ത്രം ധരിച്ച ചില പുരുഷന്മാര്‍ തങ്ങള്‍ക്ക് ചില വിവരം ഉണ്ടെന്ന് അവകാശപ്പെട്ട് അവരെ കൂട്ടിക്കൊണ്ടുപോയി. സുജാതയെ കെട്ടിയിട്ട് വായ മൂടിക്കെട്ടി, ക്ഷേത്രത്തിനടുത്തുള്ള ഒരു ഇരുണ്ട മുറിയില്‍ രാത്രി മുഴുവന്‍ തടങ്കലില്‍ വച്ചു. തലക്കടിച്ചു. അതോടെ അവരുടെ ബോധം പോയി. മൂന്ന് മാസത്തോളം സുജാത കോമയില്‍ തുടര്‍ന്നു. ഓര്‍മ്മവരുമ്പോള്‍ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ്. എങ്ങനെ അവിടെ എത്തിയെന്ന് ഓര്‍മ്മയില്ലായിരുന്നു. ഐഡി, ബാങ്ക് രേഖകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. ആ ആക്രമണത്തില്‍ അവളുടെ തലയില്‍ എട്ട് തുന്നലുകള്‍ വേണ്ടിവന്നു. ഇപ്പോള്‍, പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ മകളുടെ ഒരു അസ്ഥിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ അമ്മ ധര്‍മ്മസ്ഥലയില്‍ എത്തിയത്. സുജാതയെന്ന ഒറ്റയാളിന്റെ മൊഴിയില്‍ നിന്നുതന്നെ ക്ഷേത്ര ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാണ്.

മരിച്ചവര്‍ മോക്ഷംതേടിയെത്തിയവര്‍?

അതുപോലെ സൗജന്യ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് ഹാജരാക്കിയത് ഡമ്മി പ്രതിയെയാണെന്നും, യഥാര്‍ത്ഥ പ്രതികളെ വീരേന്ദ്ര ഹെഗ്ഡെയുടെ കുടുംബം രക്ഷിക്കയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആദ്യമേ പറഞ്ഞിരുന്നു. കോടതി പ്രതിയെ വെറുതെ വിട്ടതോടെ അതും ശരിയായി. കൂട്ടബലാല്‍സംഗക്കേില്‍ ഒരു പ്രതിയെ മാത്രമാണ് സിബിഐ പോലും അറസ്റ്റ് ചെയ്തതും.

2023-ല്‍ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സൗജന്യകേസില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, 2025 ജനുവരിയില്‍ ആ ആവശ്യം തള്ളി. അതോടെ വിസ്മൃതിയിലാവാന്‍ തുടങ്ങിയ കേസിന് ജീവന്‍ വെപ്പിച്ചത് ഒരു യുട്യൂബറാണ്. കര്‍ണ്ണാടക മാധ്യമങ്ങളുടെ യാതൊരു സഹായവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് സൗജന്യയുടെ കുടുംബം പറയുന്നത്. 2025 ഫെബ്രുവരി 27 ന് കണ്ടന്റ് ക്രിയേറ്ററായ സമീര്‍ എംഡി എന്ന 25കാരന്‍ തന്റെ യൂട്യൂബ് ചാനലായ ധൂതയില്‍ അപ്ലോഡ് ചെയ്ത വീഡിയോ കര്‍ണാടകയില്‍ വൈറലായി, 1.8 കോടിയിലധികം പേര്‍ കണ്ടു. സൗജന്യവധത്തിന്റെ യഥാര്‍ത്ഥ ചിത്രം അതോടെയാണ് പുറത്തായത്. ക്ഷേത്രം നിയന്ത്രിക്കുന്ന ജൈന കുടുംബമായ ഹെഗ്ഡേമാര്‍ പ്രതിക്കൂട്ടിലായി. ഈ വീഡിയോയെ തുടര്‍ന്നുണ്ടായ കാമ്പയിനും ഇപ്പോള്‍ വിസില്‍ ബ്ലോവറായി എത്തിയ ശുചീകരണ തൊഴിലാളിയെ സ്വാധീനിച്ചു. അതാണ് അയാളുടെ വെളിപ്പെടുത്തലിലേക്ക് നയിച്ചത്.

ഇപ്പോള്‍ എസ്ഐടി അന്വേഷണം തുടങ്ങിയിട്ടും ധര്‍മ്മസ്ഥലയില്‍ ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ളവര്‍ ഹെഹ്ഡെ കുടംബത്തിന് ഒപ്പമാണ്. ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നില്‍ കേരള സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്ത് വന്നത്. ചില അദൃശ്യകൈകള്‍ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അശോക ആരോപിച്ചു. പരാതിയുമായി രംഗത്ത് വന്നയാള്‍ മുസ്ലിം ആണെന്നും ഇതിന് പിന്നില്‍ കേരള സര്‍ക്കാരാണെന്നും അശോക ആരോപിച്ചു.

വിശ്വാസപരമായ കാര്യങ്ങള്‍ക്ക് കൊണ്ട് ജനത്തിന് നല്ല ഭീതിയുണ്ട്. പല പൊലീസുകാരും എസ്ഐടി ടീമില്‍നിന്ന് പിന്‍മാറിയിരുന്നു. കാശിയിലേപ്പോലെ പ്രായമായവര്‍ പലരും മരണത്തിനായി ധര്‍മ്മസ്ഥലയില്‍ എത്താറുണ്ട് എന്നാണ് വീരേന്ദ്ര ഹെഗ്ഡെയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ വരുന്ന പലരും പ്രായാധിക്യം കൊണ്ട് മരണപ്പെടാറുണ്ട്. ഇവരെ ക്ഷേത്രത്തിനടുത്താണ് മറവു ചെയ്യാറുള്ളത്. അതുപോലെ യാചകരും മറ്റും മരിച്ചാല്‍ സംസ്‌ക്കരിക്കാറുണ്ട്. ഇതെല്ലാം പെരുപ്പിച്ച് ക്ഷേത്രത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഹെഗ്ഡേ അനുകൂലികള്‍ പറയുന്നത്. ഇതും കഴിഞ്ഞ് പിന്നാലെ ചില ഭൂമി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് വന്നു. ക്ഷേത്രഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ചില കേസുകളുണ്ട്. ഈ തല്‍പ്പര കക്ഷികളാണ് ആരോപണത്തിന് പിന്നിലെന്നാണ് ഹെഗ്ഡെ അനുകൂലികള്‍ പറയുന്നത്.


 



പക്ഷേ ഈ പറയുന്നതുപോലെ, ഹെഗ്ഡെ കുടുംബം നിരപരാധികളാണെങ്കില്‍ എന്തിനാണ് അവര്‍ അന്വേഷണത്തെ ഭയക്കുന്നത് എന്നാണ് ചോദ്യം. സൗജന്യയുടെ മരണം വിവാദമായപ്പോള്‍, ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ മീഡിയയും പ്രതികരിച്ചപ്പോള്‍, ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരന്‍ ഡി.ചചച ഹര്‍ഷേന്ദ്ര കുമാര്‍ ആണ് കേസിനുപോയത്. ധര്‍മ്മസ്ഥല ആരോപണങ്ങളെക്കുറിച്ചുള്ള ഏകദേശം 9,000 ലിങ്കുകളും വാര്‍ത്തകളും നീക്കം ചെയ്യാന്‍ ഇവര്‍ ഉത്തരവ് വാങ്ങി. ഇപ്പോഴും ഡോ വീരേന്ദ്ര ഹെഗ്ഡേ എന്ന മഹാമേരുവില്‍ തട്ടിയാണ് അന്വേഷണം ചിതറുന്നതും.

വാല്‍ക്കഷ്ണം: ധര്‍മ്മസ്ഥലയുടെ ദുരൂഹ മരണങ്ങള്‍ പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസ് സംവിധാനമാണ് ഇവിടെ. കാണാതായവര്‍ പരാതിപ്പെട്ടാല്‍ പൊലീസ് അടിച്ചോടിക്കയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ബെല്‍ത്തങ്ങാടി പൊലീസ് പറയുന്നത് തങ്ങളുടെ കൈയില്‍ കാണാതായവരുടെ ഒരു രേഖയുമില്ല എന്നാണ്. ഇത്തരം പരാതികള്‍, സ്്റ്റേഷനിലെ വേസ്റ്റ് സാധനങ്ങള്‍ക്ക് ഒപ്പം കത്തിച്ചുകളഞ്ഞുവെന്നാണ് മറുപടി!

Tags:    

Similar News