ലക്ഷ്യമിടുന്നത് പനാമ തൊട്ട് ഗ്രീന്‍ലാന്‍ഡുവരെ പടര്‍ന്നു കിടക്കുന്ന വിശാല സാമ്രാജ്യം; കാനഡയെ 51-ാം സംസ്ഥാനമാക്കും; മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് ഇനി അമേരിക്കന്‍ ഉള്‍ക്കടല്‍; യൂറോപ്യന്‍ യൂണിയനും ഭീഷണി; ട്രംപിന്റെ 'അഖണ്ഡ അമേരിക്ക' ലോക രാജ്യങ്ങളുടെ നെഞ്ചടിപ്പ് കൂട്ടുമ്പോള്‍!

Update: 2025-02-02 05:12 GMT

വിശാല അമേരിക്ക അല്ലെങ്കില്‍ അഖണ്ഡ അമേരിക്ക! അങ്ങ് ഗ്രീന്‍ലാന്‍ഡുമുതല്‍ ഇങ്ങ് പനാമ കനാല്‍വരെ പടര്‍ന്നുകിടക്കുന്ന വലിയ സാമ്രാജ്യമാണിത്. അതിന്റെ അധ്യക്ഷനാവുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്നം. തൊട്ട് അയല്‍രാജ്യമായ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി കൂട്ടിച്ചേര്‍ക്കുന്നതുകൂടി, ഒരുകാലത്ത് ഒരുപാട് ഏറെറടുക്കലിലുടെ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ ഈ വിവാദ വ്യവസായി സ്വപ്നം കാണുന്നു.

കാനഡയും അമേരിക്കയും ഒന്നിച്ചാല്‍ ലോകത്തിലെ ഒരു ശക്തിക്കും തങ്ങളെ തൊടാന്‍ കഴിയില്ല എന്നാണ് ട്രംപിന്റെ വാദം. കന്യാകുമാരി മുതല്‍ അഫ്ഗാനിസ്ഥാന്‍വരെ നീണ്ടു കിടുക്കുന്ന അഖണ്ഡ ഭാരതം സ്വപ്നം കാണുന്ന, പഴയ ഹിന്ദുമഹാസഭയുടെ വാദംപോലെ, പ്രത്യയശാസ്ത്രപരമാണിത്. ഇത് ട്രംപ് ഒറ്റക്കുണ്ടാക്കിയ ഒരു തിയറിയല്ല. അമേരിക്കന്‍ വലതുപക്ഷം കാലകാലങ്ങളില്‍ ഈ വിശാല അമേരിക്ക വാദം ഉന്നയിക്കാറുണ്ട്. പക്ഷേ അത് പ്രയോഗത്തിലെത്തിക്കാന്‍ ട്രംപിനെപ്പോലെ അല്‍പ്പം അരക്കിറുക്കുള്ള ഒരു ഭരണാധികാരി വേണ്ടിവരുന്നു!

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്ന് പ്രധാന രാജ്യങ്ങളെയാണ് യുഎസുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായി സൈനികരെ വിന്യസിക്കാന്‍ തയ്യാറാണെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമായും പനാമ കനാലും ഗ്രീന്‍ലാന്‍ഡും സ്വന്തമാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. കാനഡ അമേരിക്കയുമായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതെല്ലാം ലോക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്്ടിക്കുന്നത്. ട്രംപിന്റെ മിക്ക ആശയങ്ങും ഇങ്ങനെ ഭ്രാന്തന്‍ സ്വഭാവമുള്ളതാണ്. പക്ഷേ പിന്നീട് അത് പ്രയോഗത്തില്‍ വരുമ്പോഴവും എല്ലാവരും ഞെട്ടുക.

കാനഡമായി സാമ്പത്തിക യുദ്ധം

സ്വന്തം ഇംഗിതത്തിന് വഴങ്ങാത്തവരെയൊക്കെ ഭീഷണിപ്പെടുത്തുന്ന, പഴയ കവലച്ചട്ടമ്പിമാരുടെ പുതു പതിപ്പാണ് പലപ്പോഴും ട്രംപില്‍ കാണുന്നത്. ഒന്നുകില്‍ അമേരിക്കയുടെ ഭാഗമാവുക അല്ലെങ്കില്‍ കടുത്ത സാമ്പത്തിക യുദ്ധത്തിന് തയ്യാറെടുക്കുന്ന എന്ന നിര്‍ദേശമാണ് ട്രംപ് പരോക്ഷമായി നല്‍കുന്നത്. ഇപ്പോള്‍ തന്നെ കാനേഡയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫിനുള്ള നീക്കം നടക്കയാണ്. കാനഡ അതിര്‍ത്തി വഴിയുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാന്‍ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അധിക നികുതി ചുമത്തുകയോ അമേരിക്കയുടെ 51-ാമത്തെ പ്രവിശ്യയാകാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്താല്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് കാനഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലേക്കുള്ള എല്ലാ വൈദ്യുതി,ഇന്ധന കയറ്റുമതിയും നിര്‍ത്തലാക്കുമെന്നും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്ക, കനേഡിയന്‍ ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്. 25% തീരുവ ചുമത്തിയാല്‍ അവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് കാനഡ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും കാനഡ അമേരിക്കയ്ക്ക് ഗണ്യമായ അളവില്‍ അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവ നല്‍കുന്നുണ്ട്. 2024-ല്‍ കാനഡ അമേരിക്കയിലേക്ക് പ്രതിദിനം ഏകദേശം 2.76 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് യുഎസ് അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 60%ത്തോളം വരും. അത്രമാത്രം അമേരിക്ക കാനഡയെ ആശ്രയിക്കുന്നുണ്ട്. അതുപോലെ 2024-ല്‍, കാനഡ അമേരിക്കയിലേക്ക് പ്രതിദിനം ഏകദേശം 7.1 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകവും കയറ്റുമതി ചെയ്തു.

2022-ല്‍ 53 ടെറാവാട്ട് വൈദ്യുതിയും കാനഡ,അമേരിക്കയ്ക്ക് നല്‍കി. കണക്കുകള്‍ പ്രകാരം, വൈദ്യുതി മുതല്‍ അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം വരെയുള്ള എല്ലാറ്റിനും അമേരിക്ക കാനഡയെ ആശ്രയിക്കുന്നു.ഈ സാഹചര്യത്തില്‍ തങ്ങളോട് കളിച്ചാല്‍ പണി കിട്ടുമെന്ന കാനഡ പറയുന്നത്. .കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെയാണ് കാനഡയെ അമേരിക്കയുമായി ഒന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ശക്തമായത്.കാനഡയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് ട്രംപ് വീണ്ടും ഈ ശ്രമം നടത്തുന്നത്.

കാനഡയെ അമേരിക്കയുടെ ഭാഗമാക്കാന്‍ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞത്, കനേഡിയന്‍ മൂന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി. കാനഡ സ്വന്തമാക്കാനോ കൂട്ടിച്ചേര്‍ക്കാനോ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന്, ട്രംപ് ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്-'' 'ഇല്ല. ഞാന്‍ സാമ്പത്തിക ശക്തി ഉപയോഗിക്കും, കാരണം കാനഡയും അമേരിക്കയും, അത് എന്തെങ്കിലും ആയിരിക്കും. നിങ്ങള്‍ കൃത്രിമമായി വരച്ച ആ വരയില്‍ നിന്ന് മുക്തി നേടൂ, അത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ നോക്കൂ, അത് ദേശീയ സുരക്ഷയ്ക്കും വളരെ മികച്ചതായിരിക്കും, ഞങ്ങള്‍ കാനഡയെ സംരക്ഷിക്കും'-ട്രംപ് പറയുന്നു. കാനഡയിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ ഭാഗമാവുന്നതില്‍ താല്‍പര്യമുണ്ട് എന്നാണ് ട്രംപിന്റെ വാദം. കാനഡ യുഎസുമായി ലയിച്ചാല്‍ നികുതികള്‍ കുറയുമെന്നും, റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമാണ് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍ ഇതിനെ പരിസഹിക്കയാണ് ചെയ്തത്.

പക്ഷേ ട്രൂഡോയുടെ രാജിക്കുശേഷം ഇപ്പോള്‍ ട്രംപിന്റെ വാദത്തിന് ജനങ്ങള്‍ക്കിടയില്‍നിന്ന് ചെറിയ പിന്തുണ കിട്ടുന്നുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. അമേരിക്കയും കാനഡയും ഒന്നിച്ചാല്‍ ലോകത്തിലെ നമ്പര്‍ വണ്‍ ശക്തിയാവുമെന്ന വാദമാണ് ഒരു ന്യൂനപക്ഷം ഉന്നയിക്കുന്നത്. പക്ഷേ ബഹുഭൂരിപക്ഷവും ഇപ്പോഴും അമേരിക്കന്‍ ലയനത്തിന് എതിരാണ്.

'മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും'

അതുപോലെ ട്രംപ് നോട്ടമിട്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് പനാമ. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്ന്. പാനമ കനാല്‍. 82 കിലോ മീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത കനാല്‍. രണ്ട് ശുദ്ധജല തടാകത്തിലൂടെ പോകുന്ന കപ്പല്‍പാത, പസഫിക് പസിഫിക്കിനേയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നു. ന്യൂയോര്‍ക്ക് മുതല്‍ സാന്‍ ഫ്രാന്സിസ്‌കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പല്‍ ഹോണ്‍ മുനമ്പ് ചുറ്റിയാണെങ്കില്‍ 22,500 കിലോമീറ്ററും (14,000 മൈല്‍), പനാമ കനാല്‍ വഴിയാണെങ്കില്‍ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈല്‍) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാല്‍ എന്ന സങ്കല്‍പ്പത്തിന് 16-ാം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിര്‍മ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ല്‍ ഫ്രഞ്ച് നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തില്‍ കലാശിച്ചു. 28 കോടി ഡോളറാണ് ഫ്രഞ്ച് സര്‍ക്കാറിന് നഷ്ടമായത്.

1900-കളുടെ ആദ്യ കാലയളവില്‍ അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914-ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിച്ചു. 77 കിലോമീറ്റര്‍ (48 മൈല്‍) നീളമുള്ള ഈ കനാലിന്റെ നിര്‍മ്മാണത്തെ രോഗങ്ങളും (പ്രധാനമായും മലേറിയയും മഞ്ഞപ്പനിയും) പ്രകൃതിക്ഷോഭങ്ങളുമൊക്കെ ബാധിച്ചു. നിരവധിപേരുടെ ജീവന്‍ കൊടുത്തു തന്നെയാണ് അമേരിക്കയും കനാല്‍ പടുത്തുയിര്‍ത്തിയത്. 1904 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിര്‍മ്മാണം. കനാലിന്റെ നിര്‍മ്മാണവേളയില്‍ പലതരം ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു പലരുടേയും ആശങ്ക. 'മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും' എന്ന പ്രവചനമുണ്ടായി. കനാല്‍ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളില്‍ അമേരിക്കയുടെ കടന്നുകയറ്റമായും കനാല്‍ നിര്‍മ്മാണം വിലയിരുത്തപ്പെട്ടു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പല്‍ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്ലവളകരമായ മാറ്റങ്ങളെ വിജയകരമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാല്‍ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാല്‍. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാല്‍ റവന്യൂ ആണ്!

1914 ആഗസ്റ്റ് 15 നാണ് പനാമാ കനാല്‍ അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിനായി ഔദ്യാഗികമായി തുറന്നുകൊടുത്തത്. കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്, 1977-ല്‍ യുഎസ് പനാമ ഗവണ്‍മെന്റിന് കനാലിന്റെ നിയന്ത്രണവും പൂര്‍ണ്ണ പരമാധികാരവും നല്‍കുകയായിരുന്നു.

പനാമയെ അമേരിക്ക ആക്രമിക്കുമോ?

ഇന്ന് ഈ കനാലിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്. ഇത് തന്നെയാണ് ഡൊണാള്‍ഡ് ട്രംപിന് കനാലിനോടുള്ള സമീപകാല താല്‍പ്പര്യത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണവും.ക്രിസ്മസിന് തൊട്ടുമുമ്പാണ് കനാല്‍ തിരിച്ചുപിടിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പനാമ സര്‍ക്കാര്‍ വന്‍നിരക്ക് ഈടാക്കുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ന്യായമായ നിരക്ക് ഈടാക്കിയില്ലെങ്കില്‍ കനാല്‍ യു.എസിന് കൈമാറേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. കപ്പല്‍പാത നിയന്ത്രിക്കാന്‍ ചൈനീസ് സൈനികരെ പാനമ അനുവദിച്ചുവെന്ന് ആരോപിച്ച ട്രംപ് ,തെറ്റായ കൈകളില്‍ കനാലിനെ എത്തിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഒരു വാര്‍ത്താസമ്മേളനത്തില്‍, കനാല്‍ തിരിച്ചുപിടിക്കാന്‍ സൈനിക ബലപ്രയോഗം ഉപയോഗിക്കുമോ എന്ന ചോദ്യത്തെ ട്രംപ് തള്ളിക്കളഞ്ഞതുമില്ല. കനാലിന്റെ നിയന്ത്രണം പാനമക്ക് നല്‍കിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉടമ്പടിക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പലപ്പോഴും എതിര്‍പ്പുയര്‍ത്തിയുന്നു. അമേരിക്കയിലെ ജനങ്ങളാണ് കനാലിന്റെ ശരിയായ ഉടമകള്‍ എന്നാണ് അവരുടെ വാദം. പണം നല്‍കി വാങ്ങിയ സ്ഥലത്ത് അമേരിക്ക നിര്‍മിച്ച കനാല്‍ എന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം.

എന്നാല്‍ കനാല്‍ ചൈനക്ക് വിട്ടുകൊടുത്തുവെന്ന ട്രംപിന്റെ വാദം പനാമ സര്‍ക്കാരും ചൈനീസ് സര്‍ക്കാരും ഒരുപോലെ നിഷേധിക്കയാണ്. ഹോങ്കോങ്ങ് ആ സ്ഥാനമായ കമ്പനിയാണ് രണ്ട് പതിറ്റാണ്ടിലേറെയായി കനാലിന്റെ പസഫിക്, അറ്റ്ലാന്റിക് പ്രവേശന കവാടങ്ങളിലെ ബാല്‍ബോവ, ക്രിസ്റ്റോബല്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുത്. ഈ കമ്പനിക്ക് ചൈനയുമായി ബന്ധമില്ല. കനാല്‍ പനാമിയന്‍ ആണെന്നും തുടരുമെന്നും പനാമന്‍ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ ഉറപ്പിച്ചു പറഞ്ഞു.

2020 നും 2023 നും ഇടയില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിനിടയില്‍, കനാലിന്റെ ടോള്‍ വരുമാനം ഏകദേശം 26% വര്‍ദ്ധിച്ച് 3.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. പക്ഷേ ട്രംപിന്റെ ഭീഷണി ഇതിനകം തന്നെ പനാമയുടെ റേറ്റിംഗിനെ ബാധിച്ചിട്ടുണ്ട്. ദേശീയ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ കനാലിനോടുള്ള ഭീഷണിയെ തുടര്‍ന്ന്, യുഎസ് നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ രാജ്യത്തിന്റെ ബോണ്ടുകള്‍ സംബന്ധിച്ച ക്രെഡന്‍ഷ്യല്‍ താഴ്ത്തിയിട്ടുണ്ട്. ഫലത്തില്‍ പ്രദേശത്ത് യുദ്ധ ഭീതിലും നിലനില്‍ക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ട്രംപ് എന്ന് എല്ലാവര്‍ക്കും നന്നായി അറിയാം.

യൂറോപ്യന്‍ യൂണിയനും ഭീഷണി

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് നേരത്തെ യൂറോപ്യന്‍ യൂണിയനെ ഭീഷണിപ്പെടുത്തിയിരുന്നു. എല്ലാത്തിന്റെയും താരിഫ് കൂടും എന്നാണ് ഭീഷണി. ചില അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതില്‍ ഇന്ത്യക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ചുമത്തിയ ഉയര്‍ന്ന താരിഫിന് പ്രതികാരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന താരിഫ് ചുമത്താനുള്ള തന്റെ ഉദ്ദേശ്യം ട്രംപ് ആവര്‍ത്തിച്ചു. ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.

ഡീളോറൈസേഷേനെതിരെയും ട്രംപ് ശക്തമായി രംഗത്ത് എത്തിയിരുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ഭീഷണി അദ്ദേഹം അവര്‍ത്തിക്കയാണ്. അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിച്ചാല്‍ അമേരിക്കന്‍ വിപണിയോട് വിടപറഞ്ഞ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ഇത്യോപ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്‍ഡോനേഷ്യ, ഇറാന്‍, യുഎഇ എന്നിവയാണ് ബ്രിക്സ് രാഷ്ട്രങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയില്‍ സ്വന്തം കറന്‍സികള്‍ ശക്തിപ്പെടുത്താന്‍ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഉഭയകക്ഷി വ്യാപാരത്തിന് യു എസ് ഡോളറിന് പകരം സ്വന്തം കറന്‍സികള്‍ ഉപയോഗിക്കുന്നതും, ബ്രിക്സിന് പൊതു കറന്‍സി രൂപീകരിക്കുന്നതും ചര്‍ച്ചയായി. ഇതിനെയാണ് ട്രംപ് അതിശക്തമായി എതിര്‍ക്കുന്നത്.

സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ അന്‍പതിലധികം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പു വച്ചത്. ഇതില്‍ 2021 ജനുവരി ആറിലെ ക്യാപിറ്റല്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കിയതും ലോകാരോഗ്യ സംഘടനയില്‍ നിന്നും കാലാവസ്ഥാന ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റവും ഉള്‍പ്പെടുന്നു.തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചാവിഷയമായ കുടിയേറ്റവും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ട്രംപ് കൂടുതല്‍ ശ്രദ്ധയൂന്നിയത്. അതിര്‍ത്തികള്‍ അടച്ച് നിയമവിരുദ്ധമായ കുടിയേറ്റവും, മയക്കുമരുന്ന് കടത്തും തടയാന്‍ 30 ദിവസത്തിനുള്ളില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി. മുന്‍പും ഇതേക്കുറിച്ച് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ മയക്കുമരുന്ന് കടത്തുകാരുടെ നിയന്ത്രണത്തിലാണ് മെക്സിക്കന്‍ ഉള്‍ക്കടലെന്നാണ് ട്രംപിന്റെ വാദം. ഇതവസാനിപ്പിച്ച് യുഎസ് അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം അമേരിക്കന്‍ പരമാധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇതിനു പുറമെ സാമ്പത്തികപരമായ ലക്ഷ്യങ്ങളും പുതിയ പ്രസ്താവനയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ സമുദ്ര എണ്ണ ഖനനത്തിന്റെ നല്ലൊരു പങ്കും മെക്സിക്കന്‍ ഉള്‍ക്കടലില്‍ നിന്നാണ്. അതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയാണ് പുതിയ പ്രസ്താവനയിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്്.

ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി റദ്ദാക്കിയതാണ് ട്രംപ് ആദ്യ ദിവസം കൈക്കൊണ്ട മറ്റൊരു നടപടി. വത്തിക്കാന്റെ കൂടി ഇടപെടലിന്റെ ഭാഗമായി, ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന കാലത്തായിരുന്നു ക്യൂബയെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന്റെ ഫലമായി അഞ്ഞൂറോളം തടവുകാരെ വിട്ടയക്കാമെന്ന് ക്യൂബയും സമ്മതിച്ചിരുന്നു. ആദ്യ ഘട്ട തടവുകാരെ കഴിഞ്ഞ ബുധനാഴ്ച വിട്ടയ്ക്കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ പുതിയ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്യൂബയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

ഗ്രീന്‍ലാന്‍ഡില്‍ ട്രംപിന് തിരിച്ചടി

ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്‍മാര്‍ക്കിന്റെ കീഴിലാണ് ഈ രാജ്യം ഇപ്പോഴുള്ളത്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപരമായും രാഷ്ട്രീയമായും ഈ രാജ്യത്തിന് യൂറോപ്പിനോട് ബന്ധം. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ വമ്പന്‍ തിരിച്ചടിയാണ് ട്രംപ് നേരിട്ടത്.

ഗ്രീന്‍ലാന്‍ഡില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങള്‍ ട്രംപിന്റെ നീക്കത്തിനോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പാണ് തെളിയിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെ എന്നാണ്, ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്‌സിയാഖും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ തെളിയുന്നത്. 85% ഗ്രീന്‍ലാന്‍ഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. 6% ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിന്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. 9% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 8% പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55% പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രീന്‍ലാന്‍ഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ് കടലും, വടക്ക് ആര്‍ട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീന്‍ലാന്‍ഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്ലാന്‍ഡും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലോട് ചേര്‍ന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്. 57,000 പേരുള്ള ഗ്രീന്‍ലാന്‍ഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപു കൂടിയാണ്. തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടു മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു; ചിലയിടങ്ങളില്‍ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റര്‍വരെ കട്ടിയുണ്ടാവും. പക്ഷേ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായതുകൊണ്ട് ഇത് തങ്ങള്‍ക്ക് വന്നുചേരാനുള്ളതാന്നൊണ് ട്രംപ് പറയുന്നത്.

2009-ലാണ് ഗ്രീന്‍ലാന്‍ഡ് ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചത്. നിലവില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്. നേരത്തെ മുതലേ ട്രംപിന് ഗ്രീന്‍ലാന്‍ഡിനെ യുഎസിനോട് ചേര്‍ക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആവര്‍ത്തിച്ച് പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികളോടുള്ള ബഹുമാനം നിലനിര്‍ത്തുക എന്ന തത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ ചൊവ്വാഴ്ച പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, നാറ്റോ ചീഫ് സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം. ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കുമായി അടുത്ത സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് സര്‍വേയെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം ഡെന്മാര്‍ക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാറ്റോ രാജ്യമായ ഫ്രാന്‍സ് ഉള്‍പ്പെടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍, കാനഡയെ യുഎസിന്റെ ഭാഗമാക്കാന്‍ സൈനിക നടപടി വേണ്ട സാമ്പത്തിക നടപടി മതിയെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തില്‍ സൈനിക നടപടിയും ട്രംപ് തള്ളിക്കളഞ്ഞില്ല. എന്നാല്‍ രാജ്യം വില്‍പ്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീന്‍ലാന്‍ഡ് ഇതിനോട് പ്രതികരിച്ചത്. ഗ്രീന്‍ലാന്‍ഡുകാര്‍ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെക്കും. ഈ വിവാദങ്ങള്‍ക്കിടെ ട്രംപ് ജീനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

ലോകത്തിലെ ഏല്ലാ ജനങ്ങളും അമേരിക്കന്‍ പൗരത്വത്തിന് കാത്തരിക്കയാണെന്ന ട്രംപിന്റെ മിഥ്യാധാരണക്കാണ് ഇതോടെ തിരിച്ചടിയേറ്റത് എന്നാണ് ദ ഗാര്‍ഡിയന്‍ പത്രം എഴുതുന്നത്. അതുപോലെ കാനഡയും, പനാമയും ഒന്നും തന്നെ അമേരിക്കന്‍ മേധാവിത്വം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ട്രംപിന്റെ 'അഖണ്ഡ അമേരിക്ക' എന്നത്, ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമായി അവശേിക്കുമെന്നാണ് തോന്നുന്നത്.

വാല്‍ക്കഷ്ണം: അധികാരത്തിലേറിയാല്‍ ദിവസങ്ങള്‍ക്കകം എല്ലാ യുദ്ധങ്ങള്‍ക്കും പരിഹാരുമുണ്ടാക്കുമെന്നും ട്രംപ് വാചകമടിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ - ഗാസ വെടിനിര്‍ത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അതെത്ര കാലം നീണ്ടു നില്ക്കുമെന്നുറപ്പില്ലെന്നായിരുന്നു' മറുപടി. ഇത് ഞങ്ങള്‍ ഇടപെടേണ്ട യുദ്ധമല്ല. പക്ഷെ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിലടക്കം സഹായത്തിനൊരുക്കമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ 24 മണിക്കൂറിനകം യുക്രൈന്‍ യുദ്ധം പരിഹരിക്കുമെന്ന് പറഞ്ഞ ട്രംപ് ഇപ്പോള്‍, അതേക്കുറിച്ചും മിണ്ടുന്നില്ല.

Similar News