ചോള, പാണ്ഡ്യ രാജാക്കന്‍മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര്‍ സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്‍മോഹന്‍; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!

വിഴിഞ്ഞിന്റെ അസാധാരണ കഥ!

Update: 2025-05-02 09:45 GMT

കേരളത്തെ സിങ്കപ്പുര്‍ ആക്കാന്‍ കഴിയുന്ന തുറമുഖം! വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടുമ്പോള്‍, അത് അസാധാരണമായ ഒരു വികസന കുതിച്ച് ചാട്ടത്തിനുകൂടി തുടക്കമിടുകയാണ്. പ്രത്യേകതകള്‍ ഏറെയുണ്ട് വിഴിഞ്ഞത്തിന്. അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ കേവലം 11 നോട്ടിക്കല്‍ മൈലിനുള്ളില്‍ സ്ഥിതി ചെയ്യന്ന, മുഖ്യ കടല്‍പ്പാതയോട് ഇത്രമേല്‍ അടുത്തുനില്‍ക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല. ആഗോളതലത്തില്‍ പ്രധാന തുറമുഖങ്ങള്‍ ലക്ഷ്യമാക്കി ചരക്ക് കപ്പലുകള്‍ സഞ്ചരിക്കുന്ന പാതയിലാണ് വിഴിഞ്ഞം. അതുകൊണ്ടുതന്നെ ചരക്കുകൈമാറ്റത്തിലെ പ്രധാന കേന്ദ്രമായി ഇവിടം മാറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊളംബോ തുറമുഖത്തേക്ക് 90 കിലോമീറ്ററും സിംഗപ്പൂരിലേക്ക് 100 കിലോമീറ്ററും ദുബായിലേക്ക് 1500 കിലോമീറ്ററുമാണ്, കിലോമീറ്ററുമാണ് രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നുള്ള അകലം. പക്ഷേ രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. 17 മുതല്‍ 20 വരെയാണ് തുറമുഖത്തിന്റെ ആഴം. ലോകത്ത് ഇന്നുള്ള ഏറ്റവും വലിയ മദര്‍ഷിപ്പിന്റെ നീളം 400 മീറ്ററും. വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ യാര്‍ഡിന്റെ നീളമാകട്ടെ 600 മീറ്ററുണ്ട്. സമീപഭാവിയില്‍ നിര്‍മിക്കപ്പെടുന്ന ഇതിലും വലിയ മദര്‍ഷിപ്പുകളെ പോലും ഉള്‍ക്കൊള്ളാന്‍ വിഴിഞ്ഞം തുറമുഖത്തിനു കഴിയും.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി പോര്‍ട്സിനാണ്. വിഴിഞ്ഞം തുറമുഖത്ത് ആദ്യഘട്ടത്തില്‍ അദാനി കമ്പനി മുടക്കുന്നത് 2454 കോടി രൂപയാണ്. അടുത്ത ഘട്ടത്തില്‍ 10,000 കോടിയാണ് അവര്‍ മുടക്കുക. രണ്ടുഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം 65 വര്‍ഷത്തേക്ക് അദാനിക്ക് ലഭിക്കും. നിര്‍മാണ കാലയളവുകൂടി കണക്കാക്കി ആദ്യത്തെ 15 വര്‍ഷം ലാഭവിഹിതം അദാനി പോര്‍ട്സിനായിരിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലാഭവിഹിതം ലഭിക്കുക 2034ന് ശേഷമായിരിക്കും. എന്നാല്‍ ട്രയല്‍ റണ്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഒരു കാര്യം വ്യക്തമായി. അധികംവൈകാതെതന്നെ വിഴിഞ്ഞം സംസ്ഥാനത്തെ സമ്പന്നമാക്കുന്ന അക്ഷയപാത്രമാവും.

ട്രയല്‍ റണ്‍ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവില്‍ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് 2024 ജൂലൈ 11ന് ട്രയല്‍ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്. 80,000ത്തിനടുത്ത് കണ്ടെയ്നറുകളാണ് ഇറക്കിയത്. വര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. 2028-ല്‍ തുറമുഖം പൂര്‍ണതോതിലാവുമ്പോള്‍ ശേഷി 30 ലക്ഷമാവും. അങ്ങനെ നമ്മുടെ കൊച്ചുകേരളം 'സൂപ്പര്‍ സ്റ്റാറാകും'.


 



പക്ഷേ 'ക്ഷീരമുള്ളോരടികന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്നതാണ് മലയാളികളുടെ കാര്യവും. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ആര്‍ക്ക് എന്ന വിവാദമാണ് ഉദ്ഘാടന ദിവസം പോലും നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ വര്‍ഷങ്ങളോളം കേരളം ഭരിച്ച പല സര്‍ക്കാരുകളിലൂടെയും പദ്ധതി കൈമാറപ്പെട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. സത്യത്തില്‍ ഭാരതത്തിന്റെ ഏറ്റവും പുരാതനമായ തുറമുഖം ആകേണ്ടിയിരുന്ന സ്ഥാനമാണ് വിഴിഞ്ഞം. 12-ാം നൂറ്റാണ്ടിനുശേഷം തകര്‍ന്നുപോയ ഈ പ്രദേശം പുനര്‍ജ്ജനിക്കാന്‍ 21-ാം നുറ്റാണ്ടുവരെ വേണ്ടിവന്നു എന്നിടത്താണ് നമ്മുടെ പരാജയം. ഇത്രയും പ്രകൃതി അനുഗ്രഹിച്ച്, സ്വാഭവികമായ ഒരു തീരം വിദേശത്ത് എവിടെയങ്കിലും ആയിരുന്നെങ്കില്‍ നൂറ്റാണ്ടുകള്‍ മുമ്പേതന്നെ തുറമുഖമായി മാറിയേനെ!

ആയ് രാജവംശത്തിന്റെ പടയോട്ടം

വിഴിഞ്ഞത്തിന്റെ പ്രതാപകാലം നൂറ്റാണ്ടുകള്‍ക്ക് മുന്നോയാണ് തുടങ്ങുന്നത്.  കുലശേഖര, ചോള രാജവംശങ്ങളുടെ കാലത്തുതന്ന ഇവിടെ പായ്ക്കപ്പലുകള്‍ അടുത്തിരുന്നുവെന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. ആയ് രാജവംശകാലത്തുതന്നെ വിഴിഞ്ഞത്ത് പടുകൂറ്റന്‍ പായ്ക്കപ്പലുകള്‍ അടുത്തിരുന്നു. എഡി 850 മുതല്‍ 1400 വരെയുള്ള കാലഘത്തില്‍ കുലശേഖര രാജവംശവും പിന്നീട് ചോളന്മാരും ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ആയുധം എത്തിച്ചത് വിഴിഞ്ഞം വഴിയായിരുന്നു. സംഘകാലത്തിലെ കൃതികളിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമര്‍ശം ഉണ്ട്. 2010-ല്‍ കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോക്ടര്‍ രാജകുമാറും സംഘവും ഇവിടെ നടത്തിയ ഉത്ഖനനത്തില്‍ കിട്ടിയ വിലപ്പെട്ട പുരാവസ്തുക്കള്‍ ഇതിന് തെളിവ്.

12-ാം നൂറ്റാണ്ടിന് മുന്‍പ് വരെ ലോക നാവിക ഭൂപടത്തില്‍ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി നിലനിന്നിരുന്ന വിഴിഞ്ഞത്തിന്റെ ചരിത്രം, മുത്തശ്ശി കഥ പോലെ രസകരമാണെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ചരിത്ര വിഭാഗം വകുപ്പ് മേധാവി ഡോ. എം കെ സജീവ് സിങ് എഴുതിയത്. വിഴിഞ്ഞം ഉള്‍പ്പെട്ട ഇന്നത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളില്‍ 8-ാം നൂറ്റാണ്ടില്‍ ആയ് രാജവംശമായിരുന്നു പ്രബല ശക്തി. തെങ്കാശിക്ക് സമീപമുള്ള ആയ്ക്കുടിയില്‍ നിന്നും പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും ആക്രമണം കൊണ്ട് പൊറുതി മുട്ടിയാണ് ആയ് രാജവംശം വിഴിഞ്ഞത്തേക്ക് തങ്ങളുടെ തലസ്ഥാനം മാറ്റുന്നത്.


 



തിരുവനന്തപുരത്തിന്റെ പശ്ചിമഘട്ട മലനിരകളില്‍ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് ഉള്‍പ്പെടെയുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കയറ്റു മതി കേന്ദ്രമായി ഇതോടെ വിഴിഞ്ഞം മാറാന്‍ തുടങ്ങി. 18-ാം നൂറ്റാണ്ട് വരെ ലോകത്ത് മറ്റൊരിടത്തും കുരുമുളക് കൃഷിയില്ലായിരുന്നുവെന്നു ഡോ. എം കെ സജീവ് സിങ് പറയുന്നു. പശ്ചിമ ഘട്ടത്തില്‍ നിന്നും വിഴിഞ്ഞത്തേക്ക് ജലപാത വഴി എത്തിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളുമായി വിഴിഞ്ഞത്ത് നിന്നും അക്കാലത്തെ വന്‍ കപ്പലുകള്‍ ലോകത്തിന്റെ നാന ഭാഗങ്ങളിലേക്ക് പുറപ്പെട്ടു.

സാമ്പത്തിക അഭിവൃത്തിയിലേക്ക് കുത്തിക്കുന്ന ആയ് രാജവംശത്തെ തകര്‍ക്കാന്‍ വിഴിഞ്ഞത്തേക്ക് എഡി 6 മുതല്‍ പാണ്ഡ്യന്മാര്‍ പട നയിക്കാന്‍ ആരംഭിച്ചു. എഡി 8-ാം നൂറ്റാണ്ടിലെ ആയ് രാജാവ് കരുണാന്ദനുമന്‍, കാന്തല്ലൂര്‍ ശാല എന്ന പുരാതന സര്‍വകലാശാല ആരംഭിച്ചിരുന്നു. വ്യാകരണം, ബുദ്ധ ദര്‍ശനം, സംഘ ദര്‍ശനം, വൈശേഷിക ദര്‍ശനം, സംഗീതം, സാഹിത്യം, അയോധന പരിശീലനം എന്നിങ്ങനെ അക്കാലത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമായി കാന്തല്ലൂര്‍ ശാല വളര്‍ന്നതോടെ വിഴിഞ്ഞം ആക്രമിച്ചു കീഴടക്കാനുള്ള പാണ്ഡ്യന്മാരുടെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.

സൈനിക പരിശീലനവും ആയുധ നിര്‍മാണവും കൂടി തുടങ്ങിയതോടെ പാണ്ഡ്യന്മാരെ ചെറുക്കാനുള്ള ശേഷി വിഴിഞ്ഞം കൈവരിച്ചു. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കോട്ട തീര്‍ത്തായിരുന്നു അക്കാലത്ത് വിഴിഞ്ഞത്തെ ആയ് രാജാക്കന്മാര്‍ സംരക്ഷിച്ചത്. ആകാശം തൊടുന്ന കോട്ട മതിലുകള്‍ക്കുള്ളില്‍ സ്വര്‍ണം പൂശിയിരുന്നതായി രേഖകളുണ്ടെന്നും സജീവ് സിങ് പറയുന്നു.

പതിയെ പാണ്ഡ്യന്മാര്‍ ക്ഷയിക്കുകയും ചോളന്മാര്‍ പ്രബല ശക്തികളായി മാറാന്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെ ആയ് രാജവംശം മറ്റ് നാട്ടുരാജ്യങ്ങള്‍ കൂടിചേര്‍ന്ന് ചേര രാജവംശമായി പരിണമിച്ചു. എഡി 8-ാം നൂറ്റാണ്ടില്‍ ചേര രാജാവ് വിക്രമാദിത്യ വരഗുണന്റെ ഭരണകാലത്താണ് ചോളന്മാര്‍ പുരാതന വിഴിഞ്ഞത്തെ വിസ്മൃതിയാക്കിയ സൈനിക മുന്നേറ്റം നടത്തുന്നത്.

പാണ്ഡ്യന്മാരെ കീഴടക്കിയ ചോളന്മാരുടെ അടുത്ത ലക്ഷ്യം വിഴിഞ്ഞമായിരുന്നു. രാജ രാജ ചോളന്റെ നേതൃത്വത്തിലുള്ള പട വിഴിഞ്ഞം കീഴടക്കി കാന്തല്ലൂര്‍ ശാല നശിപ്പിച്ചു. വിഴിഞ്ഞം കടലിലെ ചേരന്മാരുടെ നാവിക പടയേയും രാജ രാജ ചോളന്റെ പട കീഴ്‌പ്പെടുത്തി. വിഴിഞ്ഞം പിടിച്ചെടുത്ത ശേഷം ഭരണം നിലനിര്‍ത്താനുള്ള സൈനിക ശക്തിയെ മാത്രം നിലനിര്‍ത്തി രാജ രാജ ചോളന്‍ തിരികെ മധുരയിലേക്ക് മടങ്ങി. ഇതോടെ ചേരന്മാര്‍ തിരിച്ചടിക്കുകയും വിഴിഞ്ഞം വീണ്ടെടുക്കുകയും ചെയ്തു. ഇതറിഞ്ഞ രാജ രാജ ചോളന്‍ എഡി 1004-1005 കാലയളവില്‍ വിഴിഞ്ഞം ആക്രമിച്ചു കീഴടക്കാന്‍ വീണ്ടും പുറപ്പെട്ടു. ഇത്തവണ തന്റെ സൈന്യത്തെ മൂന്നായി പിരിച്ചായിരുന്നു രാജ രാജ ചോളന്റെ പടയോട്ടം.


 



വടക്ക് നിന്നും തെക്ക് നിന്നും കടല്‍ മാര്‍ഗവും ചോള പട വിഴിഞ്ഞത്തേക്ക് പുറപ്പെട്ടു. യുദ്ധത്തില്‍ വിഴിഞ്ഞത്തെ കീഴടക്കി. പിന്നീട് കാലാകാലങ്ങളില്‍ പിന്നാലെയെത്തിയ ചോള രാജാക്കന്മാര്‍ സമൃദ്ധിയുടെ പ്രതീകമായ വിഴിഞ്ഞത്തെ കീഴടക്കാന്‍ പല കാലങ്ങളില്‍ പട നയിച്ചു. പലരും വിജയിച്ചു. തുടരെ തുടരെയുള്ള ആക്രമണങ്ങളില്‍ പിടിച്ച് നില്‍ക്കാനാകാതെ ചേരന്മാര്‍ വിഴിഞ്ഞം ഉപേക്ഷിച്ചു. പശ്ചിമ ഘട്ടത്തെയും വിഴിഞ്ഞത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജലപാത പലയിടത്തും വറ്റി വരളാനും കൂടി തുടങ്ങിയതോടെ വാണിജ്യ തുറമുഖമെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖം വീണ്ടും ക്ഷയിക്കാന്‍ തുടങ്ങി. 12-ാം നൂറ്റാണ്ടിന് ശേഷം വിഴിഞ്ഞത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനായില്ല.

സര്‍ സി പിയുടെയും സ്വപ്നം

എ.ഡി 620-ല്‍തന്നെ വിഴിഞ്ഞം പ്രധാന കേന്ദ്രമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. നിരവധി ചരിത്രകാരന്മാര്‍ പലഘട്ടങ്ങളിലായി നടത്തിയ ഗവേഷണത്തിലും വിഴിഞ്ഞത്തിന്റെ തുറമുഖ ചരിത്രം വിവരിക്കുന്നുണ്ട്. റോം, മെസപ്പൊട്ടോമിയന്‍ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുള്ള കുറിപ്പുകളില്‍ വിഴിഞ്ഞത്തെക്കുറിച്ച് പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള കപ്പല്‍പ്പാതയും രേഖപ്പെടുത്തിയിരുന്നതായി ചരിത്ര രേഖകളിലുണ്ട്.ബലിത, ബ്ലിങ്ക തുടങ്ങിയ പേരുകളിലും വിഴിഞ്ഞം അറിയപ്പെട്ടിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ എഴുതപ്പെട്ട 'പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലും വിഴിഞ്ഞത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കുമരിക്കു (കന്യാകുമാരി) സമീപത്തെ ബലിതയെന്ന തീരദേശ ഗ്രാമമാണ് വിഴിഞ്ഞമെന്നും ആഴമേറിയ പ്രകൃതിദത്ത തുറമുഖമെന്നുമാണ് രേഖപ്പടുത്തിയിട്ടുള്ളത്.

എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ നാവികര്‍ ഉപയോഗിച്ചിരുന്ന 'പ്യൂട്ടങ്കര്‍ ടേബിള്‍' എന്ന ഭൂപടത്തില്‍ വിഴിഞ്ഞത്തെ ബ്ലിങ്ക എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉപനഗരമെന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ വികസനമെന്ന് കെ.ശിവശങ്കരന്‍ നായരുടെ 'അനന്തപുരി നൂറ്റാണ്ടുകളിലൂടെ' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ചൈന, ഇറാന്‍, തുര്‍ക്കി, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വിഴിഞ്ഞത്തേക്ക് വ്യാപാര കപ്പലുകള്‍ എത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. 1905ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന മൂലം തിരുനാള്‍ രാമവര്‍മ്മ വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും നടന്നില്ല. 1945-ല്‍ സര്‍ സി.പിയും പദ്ധതി തയ്യാറാക്കിയിരുന്നു. ഇന്നും സര്‍ സി പിയെന്ന് കേള്‍ക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഒക്കെ കലിയാണെങ്കിലും, മേട്ടുര്‍ ഡാമും, എഫ്എസിടിയും, യൂണിവേഴ്സിറ്റികളും അടക്കം ഒരുപാട് വികസന പദ്ധതികള്‍ കേരളത്തില്‍ കൊണ്ടുവന്ന വ്യക്തികൂടിയാണ് അദ്ദേഹം. സര്‍ സി പിയുടെയും സ്വപ്നമായിരുന്നു വിഴിഞ്ഞം.

അതിന് സര്‍വേ നടത്തിയ മുന്‍ തിരുവിതാംകൂര്‍ പബ്ലിക് വര്‍കസ് ഡിപ്പാര്‍ട്ട്‌മെന്റിലെ എഞ്ചിനീയറായിരുന്ന ജി ഗോവിന്ദ മേനേന്‍ ആ അനുഭവങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്റെ 40കളില്‍ കട്ടമരത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അടങ്ങിയ സംഘത്തോടൊപ്പം, വിഴിഞ്ഞത്തെ തുറമുഖത്തിന്റെ സാധ്യതകള്‍ തേടിയ വിദഗ്ധ സംഘത്തോടൊപ്പം നടത്തിയ യാത്ര അതിശയകരമായിരുന്നു. ആഴം കണക്കുകൂട്ടിയപ്പോഴാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത അത്ഭുതപ്പെടുത്തിയതെന്ന് ഗോവിന്ദമേനോന്‍ പറയുന്നു. ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലണ്ട് ആസ്ഥാനമായ ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിയില്‍ നിന്നെത്തിയ ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥരോടെപ്പം, തീരത്ത് നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ ദൂരെ വരെയുള്ള തിരമാലകളെ പഠിക്കാനാണ് അവര്‍ പുറപ്പെട്ടത്.കടല്‍തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളെ കുറിച്ചുള്‍പ്പെടെയുള്ള പഠന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ വഴി ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൈമാറുകയും ചെയ്തു. സര്‍ സിപി രാമസ്വാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുറമുഖത്തിന്റെ സാധ്യത പഠനം.


 



രാഷ്ട്രീയാന്തരീക്ഷം കാലക്രമേണ മാറിയതോടെ പദ്ധതി ത്രിശങ്കുവിലാവുകയും പഠന സംഘം ഹാര്‍ബര്‍ ഡിവിഷനില്‍ നിന്ന് പല വിഭാഗങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്തു. 1946-ലും 1949-ലുമായി നടന്ന സര്‍വേയില്‍ തുറമുഖത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയാനായെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കിയില്ല.

കരുണാകരനും എം വി രാഘവനും

കപ്പലുകളിലേക്ക് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും എത്തിക്കുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാമെന്നും വര്‍ഷങ്ങള്‍ക്ക് മമ്പേ പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 1979-ല്‍ തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന ക്യാപ്റ്റന്‍ പി കെ.ആര്‍.നായരുടെ നേതൃത്വത്തില്‍ അമേരിക്കയിലെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് പലകാലങ്ങളില്‍ പല പദ്ധതി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും പ്രതിരോധ വകുപ്പിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു.

അപ്പോഴും കേരളത്തിന് ഒരു പ്രധാന തുറമുഖമില്ലാത്തതിന്റെ പ്രശ്നങ്ങള്‍ ആവര്‍ത്തിച്ച് ചര്‍ച്ചയായിരുന്നു. നീണ്ടുകിടക്കുന്ന കടല്‍ത്തീരമുണ്ടെങ്കിലും, ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനുമിടയില്‍ ലോകത്തെമമ്പാടും തങ്ങളുടെ അധീനമേഖലകളില്‍ തുറമുഖം പണിത ബ്രിട്ടീഷുകാരുടെ കൈകൊണ്ടുണ്ടാക്കിയ, കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡ് അല്ലാതെ ഒരു മേജര്‍ പോര്‍ട്ട് നമുക്ക് ഇല്ലായിരുന്നു. സംസ്ഥാന ഗവണ്‍മെന്റുകളുടെ കീഴിലുള്ള കുറെ മൈനര്‍ പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിലൊന്നുംതന്നെ മേജര്‍ പോര്‍ട്ടായി ഉയര്‍ത്താന്‍ സംസ്ഥാന ഗവണ്‍മെന്റിനോ കേന്ദ്രഗവണ്‍മെന്റിനോ സാധിച്ചിരുന്നില്ല. ഉറങ്ങിക്കിടന്ന ഒരു മൈനര്‍ പോര്‍ട്ടായിരുന്നു വിഴിഞ്ഞം. സാങ്കേതികമായ അര്‍ത്ഥത്തില്‍ അത് ഒരു തുറമുഖം പോലുമായിരുന്നില്ല.

അങ്ങനെയിരിക്കെയാണ്, 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എം.വി. രാഘവന്‍ തുറമുഖ മന്ത്രിയായി വന്നത്. തുറമുഖ വകുപ്പ് എന്തിനാണെടുക്കുന്നതെന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍,' അഴീക്കല്‍ തുറമുഖവും ആലപ്പുഴ തുറമുഖവുമെല്ലാം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ്' ്അദ്ദേഹം പറഞ്ഞത് എന്ന് ഒപ്പമുണ്ടായിരുന്നു സി പി ജോണ്‍ എഴുതിയിട്ടുണ്ട്. തുറമുഖത്തിന്റെ ചാര്‍ജ്ജെടുത്തതിനു ശേഷമാണ് വിഴിഞ്ഞം തുറഖമുഖത്തിന്റെ പൂര്‍വകാല ചരിത്രം എംവിആര്‍ വിശദമായി പഠിച്ചത്. എംവിആറിന്റെ ശ്രമഫലമായി വിഴിഞ്ഞത്ത് അന്ന് ഗുജറാത്ത് തീരത്തുനിന്ന് പത്തേമാരിയില്‍ ചരക്കെത്തി. സ്വീകരിച്ചത് മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെയായിരുന്നു. പക്ഷേ എം വി ആറിനോടുള്ള രാഷ്ട്രീയ എതിര്‍പ്പുമുലം പ്രതിപക്ഷമായ സിപിഎം ഇതിനെയല്ലാം അഴിമതി പദ്ധതികളയാണ് ചിത്രീകരിച്ചത്. വിഴിഞ്ഞം നാം വികസിപ്പിച്ചില്ലെങ്കില്‍ വികസനം, തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പോകുമെന്ന് രാഘവനും കരുണാകരനും ആവര്‍ത്തിച്ചിട്ടും ആരും കേട്ടില്ല. പക്ഷേ അതുതന്നെ സംഭവിച്ചു.


 



1996 അധികാരത്തിലേറിയ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തും വിഴിഞ്ഞത്തിന് ജീവന്‍ വെച്ചു. ബില്‍ഡ് ഓണ്‍ ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ ആദ്യ കരാറിന് രൂപം നല്‍കുന്നത് നായനാര്‍ സര്‍ക്കാരുടെ കാലത്താണ്. പക്ഷേ ഇതൊന്നും പ്രായോഗികമായില്ല. ഇന്ന് നായനാരുടെ സ്വപ്നമായിരുന്നു, വിഴിഞ്ഞം തുറമുഖമെന്നുമൊക്കെ ക്യാപ്സ്യൂളുകള്‍ ഇറങ്ങുന്നുണ്ട്. ശരിയായിരിക്കാം, അതുവരെയുള്ള അടഞ്ഞ കമ്യൂണിസ്റ്റ് മോഡലില്‍നിന്ന് ബിഒടി പോലുള്ള പുതിയ ക്യാപിറ്റിലിസ്റ്റ് വികസന പാതയിലേക്ക് മാറാനുള്ള ശ്രമം നായനാര്‍ നടത്തിയിരുന്നു. പക്ഷേ അതിനെയൊന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിലേക്ക് എത്താനുള്ള പ്രായോഗിക നടപടികള്‍ എന്ന് പറയാന്‍ കഴിയില്ല.

ചൈനീസ് തട്ടിപ്പ് കമ്പനിയെത്തുന്നു

2001-ല്‍ എ കെ ആന്റണി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ വീണ്ടും വിഴിഞ്ഞ സജീവ ചര്‍ച്ചയായി. അന്നും തുറമുഖ മന്ത്രിയായിരുന്നത്, പദ്ധതിയുടെ ആദ്യ ആശയം കൊണ്ടുവന്ന എം കെ രാഘവനായിരുന്നു. ഈ കാലഘട്ടത്തിലാണ് പദ്ധതിയുടെ വ്യാപ്തി വലുതാകുന്നത്. ആഗോള ടെണ്ടര്‍ ഉണ്ടാകുകയും അത് സൂം ഡെവലപ്പോഴ്സ് എന്ന കമ്പനിക്ക് ലഭിക്കുകയും ചെയ്തു. പക്ഷേ ഈ കമ്പനിയുടെ ചൈനീസ് ബന്ധം വിവാദമായി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പോര്‍ട്ടിലേക്ക് ഇന്ത്യയുടെ നിതാന്ത ശത്രുക്കളായ, ചൈന കടുന്നുവരുന്നത് ഇന്ത്യന്‍ നേവി എതിര്‍ത്തു. തുടര്‍ന്ന് മന്‍മോഹന്‍ സിങ് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആ ടെണ്ടര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. അന്ന് സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കയായിരുന്നു. പക്ഷെ മന്‍മോഹന്‍ പ്രധാനമന്ത്രിയുടെ പ്രത്യേകമായ അധികാരം പ്രയോഗിച്ച് കരാര്‍ റദ്ദ് ചെയ്തു. അന്ന് ഇന്നത്തെപ്പോലെ ആകെ രണ്ട് എംപിമാര്‍ മാത്രമുള്ള കനല്‍ത്തരിയായിരുന്നില്ല സിപിഎം. അവര്‍ യുപിഎ സര്‍ക്കാറിനെ പിന്താങ്ങുന്ന പ്രബലര്‍ ആയിരുന്നു. പക്ഷേ രാഷ്ട്രീയ സമ്മര്‍ദം വകവെക്കാതെ മന്‍മോഹന്റെ രാജ്യതാല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടച്ചു.

ചൈനയെ വിഴിഞ്ഞം പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയ മന്‍മോഹന്‍ സിങ്ങിന്റെ നടപടി, എത്ര ദീര്‍ഘ വീക്ഷണം ഉള്ളതായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. വിജയ് ചൗധരി എന്ന നിരവധി തട്ടിപ്പുകേസില്‍ പ്രതിയായ ഒരു ഫ്രോഡായിരുന്നു, ചൈനീസ് പങ്കാളികളുള്ള സൂം ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് പിന്നില്‍. ബിഡ് റദ്ദാക്കിയതിനെതിരെ സൂം നിയമ നടപടി സ്വീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും അമേരിക്കയിലും ഇന്ത്യയിലുമൊക്കെ തട്ടിപ്പ് നടത്തിയ വിജയ് ചൗധരി ജയിലില്‍ ആയി. കരാറിനെ അസാധുവാക്കിയ വിധി 2018-ല്‍ പുറത്തു വരുമ്പോള്‍ ഒരുപാട് കേസുമായി ജയിലിലായിരുന്നു ചൗധരി! .

ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് ബൈജു സ്വാമി ഇങ്ങനെ എഴുതുന്നു-''വിഴിഞ്ഞം ടെണ്ടര്‍ വിവാദത്തില്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് രാജ്യ താല്‍പ്പര്യം മുന്‍ നിര്‍ത്തി ചൈനയുടെ സൈനിക തന്ത്രം മനസിലാക്കണം എന്ന് പറഞ്ഞപ്പോള്‍, കാരാട്ട് ചൈനക്കുവേണ്ടി വാദിക്കയാണ് ചെയ്തത്തിരിഞ്ഞു നോക്കുമ്പോള്‍ ആ പദ്ധതിയില്‍ സൂം ഉണ്ടായിരുന്നുവെങ്കില്‍ ചൈന ഇപ്പോള്‍ തന്നെ ഇന്ത്യയെ ആക്രമിച്ചേനെ. സബ് മറീനുകളുടെ രഹസ്യ ഡാറ്റയും കൈയില്‍ വെച്ച് അറേബ്യന്‍ കടലും അവര്‍ ചുറ്റി വരിഞ്ഞേനെ''. ഇന്ത്യയെ നശിപ്പിക്കാന്‍ എല്ലാകളികളും നടത്തുന്ന ചൈനക്കുവേണ്ടിയും, സാമ്പത്തിക തട്ടിപ്പുകാരനായ ഒരു ഗജഫ്രോഡിനും വേണ്ടി വാദിച്ചവരാണ്, ഇന്ന് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നത്.




 


ശേഷം 2006-ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചു. എം വിജയകുമാര്‍ തുറമുഖ മന്ത്രിയായിരിക്കെ വിഴിഞ്ഞത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണത്തിനായി നിക്ഷേപകരെ കണ്ടെത്തുന്നതിന് ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ വിവിധ രാജ്യങ്ങള്‍ ഔദ്യോഗികമായി പ്രതിനിധികളായി മീറ്റില്‍ പങ്കെടുത്തു. ആന്ധ്രപ്രദേശ് ആസ്ഥാനമായ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനി നല്‍കിയ ദര്‍ഘാസ് ആണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ വീണ്ടും ചൈനീസ് ബന്ധം വില്ലനായി. ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയ്ക്ക് ചൈനീസ് കമ്പനിയ്ക്ക് ബന്ധം ഉണ്ടെന്ന് ആരോപിച്ചുകൊണ്ട് ചില കമ്പനികള്‍ കോടതിയെ സമീപിച്ചതോടെ ലാന്‍കോ പിന്‍മാറി. അതോടെ കാര്യങ്ങള്‍ പഴയ പടിയായി.

അവഗണിക്കാനാവില്ല ഉമ്മന്‍ചാണ്ടിയെ

പല പദ്ധതികളും പലര്‍ക്കും സ്വപ്നം കാണാം. അതിന് പ്രത്യേകിച്ച് ചിലവുകള്‍ ഒന്നുമില്ല. പുഷ്പകവിമാനംപോലുള്ള ആകാശപ്പറക്കലുകളെപ്പറ്റി പലരും എഴുതിയിട്ടുണ്ടാവും. പക്ഷേ വിമാനം കണ്ടുപിടിച്ച റെറ്റ് സഹോദരന്‍മ്മാര്‍ക്ക് തന്നെയാണ് അതിന്റെ ക്രെഡിറ്റ്. സ്വപ്നത്തില്‍നിന്ന് ഒരു ആശയത്തെ പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നവനെയാണ് നാം ആ പദ്ധതിയുടെ പിതാവ് എന്ന് വിളിക്കുക. അങ്ങനെയാണെങ്കില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ്, വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ്!

2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞത്ത് ഏറ്റവും നിര്‍ണായകമായ തീരുമാനമുണ്ടാകുന്നത്. ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍ ഉമ്മന്‍ചാണ്ടി അദാനി ഗ്രൂപ്പുമായി നടത്തിയ കൂടിക്കാഴ്ചയാണ് പദ്ധതിക്ക് ചിറക് മുളപ്പിച്ചത്. 2015 ഓഗസ്റ്റില്‍ അദാനിയുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചു. പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തി. 'എത്ര അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ഈ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല' എന്ന് ഉമ്മന്‍ചാണ്ടി അന്ന് നിയമസഭയില്‍ പറഞ്ഞത്. .

6000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 7000 കോടി അഴിമതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്നുവെന്നും ഇത് കടല്‍ കൊള്ളയാണെന്നുമാണ് അന്ന് പ്രതിപക്ഷം പറഞ്ഞത് പറഞ്ഞത്. നിയമസഭയില്‍ ഇതുസംബന്ധിച്ച് വലിയ ഡിബേറ്റുകള്‍ നടന്നിരുന്നു. ഇന്ന് വിഴിഞ്ഞതിന്റെ ക്യാപ്റ്റനാവാന്‍ ശ്രമിക്കുന്ന പിണറായിയും കൂട്ടരും, അന്ന് പദ്ധതിക്കെതിരെ നട്ടാല്‍ മുളക്കാത്ത നുണകളാണ് പറഞ്ഞ് പരത്തിയത്. അദാനിയും കെ വി തോമസും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിലിരുന്നാണ് കോഴ തീരുമാനമാക്കിയത് എന്നുവരെ ആരോപണം സിപിഎം ഉയര്‍ത്തി.


 



അന്ന് കോണ്‍ഗ്രസിലുള്ള കെ വി തോമസ് ഇന്ന് ഇടതുപക്ഷത്താണ്. അതേ കെ വി തോമസ് പോലും ഉമ്മന്‍ചാണ്ടിയുടെ പേര് എടുത്തുപറയുന്നുണ്ട്. കെ വി തോമസിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്-''2015 -ല്‍ ഞാന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരുന്ന സന്ദര്‍ഭത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭത്തിലാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി എന്നോട് പറയുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ സമഗ്ര വികസനത്തിനും കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഈ തുറമുഖം ഉപകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ പോര്‍ട്ടിന്റെ പണി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ടെന്‍ഡര്‍ ഡോക്യുമെന്റ്സ് വാങ്ങി പണി ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ തുറമുഖ പദ്ധതി നമുക്ക് നഷ്ടപ്പെടും എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ''അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയെ എനിക്ക് നല്ല പരിചയമുണ്ട്. അദ്ദേഹത്തെ ഞാന്‍ വിളിക്കാം, പക്ഷേ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അദാനി ഗ്രൂപ്പിനോട് എതിര്‍പ്പുണ്ട്, ഇതിനുള്ള പരിഹാരം ഉമ്മന്‍ചാണ്ടി കാണണം''.-ഞാന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു.

ഞാന്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഗൗതം ഭായിയെ വിളിച്ച് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് താങ്കളോട് നേരിട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ''പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ തന്നെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെ കുറിച്ച് എനിക്കുമറിയാം. മാറിമാറി വരുന്ന സര്‍ക്കാരുകളും ഏതിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് കേരളത്തിലുള്ളത്. തമിഴ്നാട്ടില്‍ രണ്ടായിരം ഏക്കര്‍ സ്ഥലം സൗജന്യമായി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിട്ട് എന്താ കാര്യം?'.

''ആദ്യം ഉമ്മന്‍ചാണ്ടിയെ കാണൂ, അതിനുശേഷം തീരുമാനമെടുക്കാം'' എന്നാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി.

അങ്ങിനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവും, സെക്രട്ടറി ജിജി തോംസണും, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്ന കെ. എം. ചന്ദ്രശേഖരനും കൂടി എന്റെ ഔദ്യോഗിക വസതിയായ 17-ബെല്‍വന്ത് റായ് മേത്തയില്‍ വന്നത്. ഗൗതം അദാനി എന്റെ മറ്റൊരു സുഹൃത്തായ മഹേഷ് ബക്ചന്ദയോടൊപ്പമാണ് എത്തിയത്. എല്ലാവരും കൂടി നല്ലൊരു പ്രഭാത ഭക്ഷണം കഴിച്ചു.

ഭക്ഷണത്തിനുശേഷം ഗൗതം അദാനിയും ഉമ്മന്‍ചാണ്ടിയും എന്റെ കിടപ്പ് മുറിയിലേക്ക് കയറി. ഏതാണ്ട് 15 മിനിറ്റ് അവര്‍ സംസാരിച്ചു. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. ശേഷം രണ്ടുപേരും ചിരിച്ചുകൊണ്ട് ഇറങ്ങിവന്നു. ഗൗതം ഭായി പറഞ്ഞു - ''പ്രൊഫസര്‍ ഐ വില്‍ കം ടു കേരള''. പിന്നീട് ഞാന്‍ മനസ്സിലാക്കിയത് അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എന്നിവരെ ഗൗതം ഭായ് തിരുവനന്തപുരത്ത് പോയി കണ്ടു എന്നാണ്. ഈ പദ്ധതിയുടെ ആവശ്യകതയെ കുറിച്ച് സോണിയ ഗാന്ധിയെ ഉമ്മന്‍ചാണ്ടി പിന്നീട് മനസ്സിലാക്കിയിരുന്നുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു.

അദാനി ഗ്രൂപ്പ് കേരളത്തില്‍ വരുന്നതിനെതിരെ പല കോണ്‍ഗ്രസ്സ് നേതാക്കളും ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടേത് ശക്തമായ തീരുമാനമായിരുന്നു. തുടര്‍ന്ന് ഔപചാരികമായ ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തില്‍ നടന്നു. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി സഹായിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിരുന്നു. പക്ഷെ ഉമ്മന്‍ചാണ്ടി ആ സഹായം നിഷേധിക്കുകയായിരുന്നു. ''- കെ വി തോമസ് ചൂണ്ടിക്കാട്ടുന്നു.

പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. തിരുവനന്തപുരം അതിരൂപത ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് അതിശക്തമായ എതിര്‍പ്പുണ്ടായി. ഒരു സമര പരമ്പര തന്നെ അരങ്ങേറി. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ചു. തുറമുഖത്തില്‍ നിര്‍ണായക ഘടകമായ 3000 മീറ്റര്‍ നീളമുള്ള ബ്രേക്ക്വാട്ടറിന്റെ പുരോഗതി നിര്‍മാണ വസ്തുക്കളുടെ കുറവ് കാരണം മന്ദഗതിയിലായി. 2017 ഡിസംബറില്‍ അതുവരെ നിര്‍മിച്ച ബ്രേക്ക്വാട്ടറിന് ഓഖി ചുഴലിക്കാറ്റില്‍ വലിയ നാശമുണ്ടായി. 2018-ലെ പ്രളയം, 2019-ലെ വെള്ളപ്പൊക്കം, പ്രാദേശിക പ്രക്ഷോഭം, കോവിഡ് പ്രതിസന്ധി എന്നിവയും നിര്‍മാണത്തെ മന്ദഗതിയിലാക്കി. പാറകളുടെ ദൗര്‍ലഭ്യവുമുണ്ടായി. ഇതെല്ലാം മറികടന്നാണ് തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലെത്തുന്നത്.

ഇപ്പോള്‍ പദ്ധതിയുടെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പിണറായിക്കുമുണ്ട്. പക്ഷേ വിഴിഞ്ഞം പോര്‍ട്ടിന്റെ യഥാര്‍ത്ഥ 'കാരണഭൂതനായ' ഉമ്മന്‍ചാണ്ടിയെ അപമാനിച്ചുകൊണ്ട് ക്രെഡിറ്റ് തട്ടിയെടുക്കുന്നത്, കേവലം മൂന്നാംകിട രാഷ്ട്രീയം മാത്രമാണ്. വെറും കല്ലിടല്‍ ചടങ്ങ് മാത്രം നടത്തിയ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിലെ അപഹസിക്കുന്നത്, അങ്ങേയറ്റം അധമമാണ്. മൊത്തത്തിലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍, ഇത്രയും സ്വാഭാവികമായ പരിസ്ഥിതിയുണ്ടായിട്ടും, ഒരു ലോകോത്തര തുറമുഖം ഉണ്ടാക്കാനുള്ള അവസ്ഥ നാം നൂറ്റാണ്ടുകള്‍ വൈകിപ്പിച്ചു എന്നേ പറയാന്‍ കഴിയൂ!


 



വാല്‍ക്കഷ്ണം: നടന്‍ ഹരീഷ് പേരടി ഇങ്ങനെ എഴുതുന്നു-''നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ആളുകള്‍ കാണാന്‍ പാകത്തില്‍ കരുണാകരന്‍ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല.. (എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല). പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവര്‍ക്കും പോകുന്നവര്‍ക്കും അനുഭവപ്പെടും. അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്...നാളെ വിഴിഞ്ഞം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ മുഖമാണ് മലയാളി ഓര്‍മ്മിക്കുക .ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേള്‍ക്കുമ്പോള്‍ മോദിജിയുടെ മുഖം ഓര്‍മ്മ വരുമ്പോലെ. ദേശീയപാത വികസനം എന്ന് കേള്‍ക്കുമ്പോള്‍ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ.... അന്യരുടെ പദ്ധതികള്‍ കൈയ്യേറുന്നവരെ ചരിത്രം ഓര്‍മ്മിക്കാറെയില്ല''.

Tags:    

Similar News