ഒരുകാലത്ത് മോദിയുടെ ഹനുമാന്‍; ഓരോ നീക്കത്തെയും വിശേഷിപ്പിച്ചത് മാസ്റ്റര്‍ സ്ട്രോക്കെന്ന്; ഇപ്പോള്‍ ഇന്‍ഡിഗോയിലും ആരവല്ലിയിലും നേതാക്കളുടെ ധൂര്‍ത്തിലും ബിജെപിയെ നിര്‍ത്തിപ്പൊരിക്കുന്നു; റേറ്റിംഗിലെ താഴെപ്പോക്കോ പരിവാര്‍ കുടുംബത്തിലെ പിണക്കമോ? അര്‍ണാബിന്റെ മനം മാറ്റത്തിന് പിന്നിലെന്ത്?

ഒരുകാലത്ത് മോദിയുടെ ഹനുമാന്‍; ഓരോ നീക്കത്തെയും വിശേഷിപ്പിച്ചത് മാസ്റ്റര്‍ സ്ട്രോക്കെന്ന്

Update: 2025-12-23 09:57 GMT

നരേന്ദ്രമോദിയുടെ ഹനുമാന്‍, സംഘപരിവാറിന്റെ ഗീബല്‍സ്, ഗോഡി മീഡിയയുടെ ഓള്‍ഇന്ത്യാ ക്യാപ്റ്റന്‍! റിപ്പബ്ലിക്കന്‍ ടി വിയിലുടെ സംഘപരിവാറിനായി അലറിവിളിക്കുകയും, എതിര്‍ക്കുന്നവര്‍വരെ രാജ്യദ്രോഹികള്‍ എന്ന് ചാപ്പയടിച്ച് സ്റ്റുഡിയോവില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്ന, നമ്മുടെ അര്‍ണാബ് ഗോസ്വാമിക്ക് മുകളില്‍ പറഞ്ഞപേരുകള്‍ ഒക്കെയും ഒരു അലങ്കാരമായിരുന്നു. ഇന്ത്യയുടെ മാധ്യമ രംഗത്തെ മോദിക്കും ബിജെപിക്കും അനുകൂലമാക്കുന്ന സോഷ്യല്‍ എഞ്ചിനീയിങ്് കൊണ്ടുവന്നത് അര്‍ണാബ് ഗോസ്വാമിയെന്ന, വാക്കുകള്‍ കൊണ്ട് അമ്മാനമാടാനും, ഏതറ്റംവരെയും കടന്നുചെന്ന് എതിരാളിയുടെ വായിലേക്ക് വെടിവെക്കാനും കഴിയുന്ന, ആ മാധ്യമ പ്രവര്‍ത്തകനാണെന്ന് പലരും എഴുതിയിട്ടുണ്ട്.

മോദിയായിരുന്നു അര്‍ണാബിന്റെ കണകണ്ട ദൈവം. പ്രതിപക്ഷം മോദിക്കും ബിജെപിക്കുമെതിരെ എന്ത് ആരോപണം കൊണ്ടുവന്നാലും, 'ഹനുമാന്‍' അരയും തലയും മുറക്കി രംഗത്തെത്തും. അലറിയും അട്ടഹസിച്ചും, നുണകളും അര്‍ധസത്യങ്ങളും ഇടകലര്‍ത്തിപ്പറഞ്ഞ്, സംഘപരിവാറിന് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാന്‍ കഴിയുന്ന ക്യാപ്സ്യൂള്‍ ആദ്യം ഇട്ടുകൊടുക്കുക റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണാബാണ്. പക്ഷേ ഈയടുത്തകാലത്തായി അദ്ദേഹം സ്വീകരിക്കുന്ന ബിജെപി വിരുദ്ധമായ നിലപാടുകള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. 'ദി നേഷന്‍ വാണ്ട്‌സ് ടു നോ' എന്ന് ആക്രോശിച്ച് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയിരുന്ന അര്‍ണാബ്, ഇപ്പോള്‍ ഭരണകൂടത്തോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ വീഡിയോകള്‍ പലതും ട്രെന്‍ഡിങ്ങ് ആവുകയുമാണ്. എന്താണ് അര്‍ണബിന് സംഭവിച്ചത്?

പേനയല്ല, നാക്കാണ് ആയുധം!

1973 ഒക്ടോബര്‍ 9 നു അസാമിലെ ഗുവാഹത്തിയിലെ പ്രശസ്തമായ അഭിഭാഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റ ജനനം. അച്ഛന്റെ അച്ഛന്‍, രജനികാന്ത ഗോസ്വാമി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവമായിരുന്നു. അമ്മയുടെ അച്ഛന്‍ ഗൗരി ശങ്കര്‍ ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും അസമിലെ നിയമസഭയുടെ പ്രതിപക്ഷ നേതാവുമായിരുന്നു. അങ്ങനെ കുടുംബം വഴി കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് രക്തമാണ് തനിക്കുള്ളതെന്ന്, ഒരു അഭിമുഖത്തില്‍ അര്‍ണാബ് തമാശയായി പറയുന്നുണ്ട്.


 



അര്‍ണാബിന്റെ പിതാവ് സെന്യത്തില്‍ കേണലായിരുന്നു. അമ്മ സുപ്രഭ വീട്ടമ്മയായിരുന്നു. വിരമിച്ചശേഷം പിതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുവാഹത്തിയില്‍ നിന്ന് മത്സരിച്ചു. അമ്മാവന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, കിഴക്കന്‍ ഗുവാഹട്ടിയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച സാമാജികനായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സംഘ രക്തവും അര്‍ണബിനുണ്ട്. പിതാവ് സൈന്യത്തിലായിരുന്നതിനല്‍ അര്‍ണബ് ഇന്ത്യയിലെ പല സ്‌കൂളുകളിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹിന്ദു കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ഹോണേര്‍സ് ബിരുദം കരസ്ഥമാക്കി. 1994 ല്‍ ഓക്സ്ഫോര്‍ഡിലെ സെന്റ് ആന്റണീസ് കോളേജില്‍ നിന്ന് സാമൂഹിക നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സിഡ്നി സസ്സെക്സ് കോളേജിലും പഠിച്ചു.

1995- ല്‍ അര്‍ണാബ് കൊല്‍ക്കൊത്തയിലെ പ്രശസതമായ ടെലഗ്രാഫ് പത്രത്തില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. പക്ഷേ അവിടെ അദ്ദേഹത്തിന് വല്ലാതെ ശോഭിക്കാന്‍ കഴിഞ്ഞില്ല. പേനയല്ല, നാക്കായിരുന്നു അദ്ദേഹത്തിന്റെ ആയുധം. താന്‍ ഒരു കാര്യം പറയുമ്പോഴുള്ള കരുത്ത് എഴുതുമ്പോള്‍ കിട്ടുന്നില്ല എന്ന് അക്കാലത്തുതന്നെ അര്‍ണാബ് മനസ്സിലാക്കിയിരുന്നു. അങ്ങനെ ദൃശ്യമാധ്യമ രംഗത്തേക്ക് ചുവടുമാറ്റിയ അദ്ദേഹം എന്‍ഡിടിവി. തുടങ്ങുന്ന സമയത്ത് വാര്‍ത്താ അവതാരകനായി. അതേ സമയത്ത് ദൂരദര്‍ശനില്‍ ന്യൂസ് ടുനൈറ്റ് എന്ന വാര്‍ത്താ പത്രികയുടെയും അവതരണം ചെയ്തു. എന്നാല്‍ പിന്നീട് എന്‍ഡിടിവിയുടെ ന്യൂസ് എഡിറ്റര്‍ സ്ഥാനം ലഭിക്കുകയും സ്ഥാപനത്തിന്റെ സുപ്രധാന ആങ്കര്‍മാര്‍ ആവുകയും ചെയ്തു.

പിന്നീട് എന്‍ഡിടിവി 24 മണിക്കൂറും സംപ്രേഷണം തുടങ്ങിയതോടെ 1998 മുതല്‍ അദ്ദേഹം പരിപാടികളുടെ പ്രൊഡ്യുസറായി. പിന്നീട് എല്ലാ ആഴ്ചയും ന്യൂസ് ഹവര്‍ എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങി. അതുവരെ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ വാര്‍ത്താ അവലോകന പരിപാടിയായിരുന്നു അത്. പൊതുവെ ഒരു ഇടതുപക്ഷ മാധ്യമമായാണ് എന്‍ഡിടിവി അറിയപ്പെട്ടത്. അന്ന് അര്‍ണാബും ആ രീതിയില്‍ തന്നെയായിരുന്നു. പക്ഷേ അപ്പോഴും അദ്ദേഹത്തിന്റെ പരിപാടി, അഗ്രസീവ് ആയിരുന്നു. വിമര്‍ശനങ്ങള്‍ ഷാര്‍പ്പായിരുന്നു. ആര്‍ക്കോവേണ്ടി ഒരു വികാരവുമില്ലാതെ വാര്‍ത്തവായിക്കുന്ന ദൂരദര്‍ശന്‍ രീതി അര്‍ണാബ് മാറ്റിമറിച്ചു. വൈകാതെ, എന്‍ഡിടിവിയുടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുണ്ടായിരുന്ന അവതാരകനായി അദ്ദേഹം വളര്‍ന്നു. 2004 ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താവതാരകനുള്ള പുരസ്‌കാരം അര്‍ണാബിന് നേടിക്കൊടുത്തത് ഈ പരിപാടിയായിരുന്നു.

മോദിയുടെ ഹനുമാനായി വളരുന്നു

വലിയ രീതിയില്‍ വായനക്കാരെ ആകര്‍ഷിക്കുന്ന ആ അങ്കറെ മറ്റുചാനലുകളും ശ്രദ്ധിച്ചു. 2006-ല്‍ ടൈംസ് നൗവിലേക്ക് അര്‍ണാബ് മാറി. ചാനലിന്റെ സമ്പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനായി. ഈ സമയത്താണ് അര്‍ണാബിന്റെ രാഷ്ട്രീയ നിലപാടുകളില്‍ വലിയ മാറ്റം വരുന്നത്. അദ്ദേഹം കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും നിര്‍ത്തിപ്പൊരിക്കാന്‍ തുടങ്ങി. വലിയ രീതിയില്‍ ദേശീയവാദിയായി മാറി. ദേശസുരക്ഷ ഒരു ചോദ്യചിഹ്നമായി വരുന്നിടത്തൊക്കെ അദ്ദേഹം യുപിഎ സര്‍ക്കാറിനെ മുള്‍ മുനയില്‍നിര്‍ത്തി. ആളുകളെ സ്റ്റുഡിയോവില്‍ വിളിച്ചുകൊണ്ടുവന്ന്, തോക്കിലേക്ക് കയറി വെടിവെച്ച്, പറയാന്‍ അനുവദിക്കാതെ അപമാനിച്ച് പറഞ്ഞയക്കുന്ന, കുപ്രസിദ്ധമായ അര്‍ണാബ് ശൈലിയുടെ തുടക്കം അവിടെയായിരുന്നു. അന്ന് അര്‍ണാബ് മറ്റൊന്നുകൂടി പറയാറുണ്ട്. മാധ്യമങ്ങള്‍ എന്നും പ്രതിപക്ഷത്തായിരിക്കണമെന്ന്. അത് പില്‍ക്കാലത്ത് അദ്ദേഹത്തിന് തന്നെ പാലിക്കാന്‍ കഴിഞ്ഞില്ല.


 



2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതു മുതല്‍ അര്‍ണാബ് ഗോസ്വാമി അദ്ദേഹത്തിന്റെ നയങ്ങളുടെ വലിയ പ്രചാരകനായിരുന്നു. പിന്നീട് സ്വന്തമായി റിപ്പബ്ലിക് ടിവി തുടങ്ങിയപ്പോഴും ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് അദ്ദേഹം ചേര്‍ന്നുനിന്നു. നോട്ടുനിരോധനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ അദ്ദേഹം 'ദേശവിരുദ്ധം' എന്ന് വിളിച്ചു. അരുദ്ധതിറോയി അടക്കമുള്ളവരെ രാജ്യദ്രോഹിയെന്നും, അര്‍ബന്‍ നക്സല്‍ എന്നും പരിഹസിച്ചു. ഇതിന്റെ പേരില്‍ പല കേസുകളുണ്ടായി.

2014-ല്‍ മോദി അധികാരത്തില്‍ വന്ന ശേഷം അദ്ദേഹത്തെ ആദ്യമായി അഭിമുഖം ചെയ്ത ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബായിരുന്നു. 2017ല്‍ റിപ്പബ്ലിക് ടിവിയുടെ തുടക്കത്തില്‍ അന്നത്തെ ബിജെപി എംപിയും ഇന്നത്തെ കേരള ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപം ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. 2017-ല്‍ ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ വീണത് തന്റെ ഇംപാക്ട് എന്ന് വിവരിച്ചാണ് അര്‍ണാബ് തന്റെ പുതിയ ചാനലിന് തുടക്കമിട്ടത് തന്നെ. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ ആവേശത്തോടെയാണ് അര്‍ണാബ് സംസാരിച്ചത്. 'ഗെറ്റ് ഔട്ട് ഓഫ് മൈ സ്റ്റുഡിയോ' എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കളെ അയാള്‍ ഓടിച്ചു. ബിജെപി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. ബിജെപിയുടെ പാക്കിസ്ഥാന്‍ പ്രചാരണം അതുപോലെ അര്‍ണാബും ഏറ്റെടുത്തു. ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം ' ഇങ്ങനെയാണെങ്കില്‍ നിങ്ങളും പാക്കിസ്ഥാനിലേക്ക്പോവൂ' എന്ന് ചാനലിസ്റ്റുകളോട് കയര്‍ത്തു.

2017 കാലത്തുതന്നെ ഗോസ്വാമിക്ക് മോദിയുടെ ഹനുമാന്‍ എന്ന പേര് വീണു. ഭൂരിപക്ഷം വരുന്ന ഹൈന്ദവ ഓഡിയസിനെ സുഖിപ്പിക്കുക. അതുവഴി റീച്ച് കൂട്ടുക. സിമ്പിള്‍ ടെക്ക്നിക്കായിരുന്നു ഗോസ്വാമിയുടേത്. പിന്നീട് അത് ഒരുപാട് പേര്‍ അതിനൊപ്പം ചേര്‍ന്നു. ഗോഡി മീഡിയ വളര്‍ന്നു. ഇന്ത്യന്‍ മാധ്യമരംഗം തന്നെ പൂര്‍ണ്ണമായും മോദി-അമിത്ഷാ ടീം വിഴുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നു. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാന്‍പോലും ദേശീയ മാധ്യമങ്ങള്‍ ഭയക്കുന്ന കാലം വന്നു. പക്ഷേ ഇപ്പോള്‍ കാണുന്നത് ഒരു യു ടേണ്‍ ആണ്. അര്‍ണാബ് മോദി സര്‍ക്കാറിനെ വിമര്‍ശിക്കുന്നു!

ആരവല്ലിയില്‍ അതിരൂക്ഷ വിമര്‍ശനം

കഴിഞ്ഞ കുറച്ചു മാസങ്ങളായി അര്‍ണാബ് ഗോസ്വാമി തന്റെ നിലപാടുകളില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാറുകളെയും കടന്നാക്രമിക്കുന്ന രീതിയിലാണ് അര്‍ണാബിന്റെ പെട്ടെന്നുള്ള മാറ്റം. ആരവല്ലി മലനിരകള്‍ നശിപ്പിക്കുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡല്‍ഹി മുതല്‍ രാജസ്ഥാന്‍ വരെയായി 700 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതും ഉത്തരേന്ത്യയുടെ 'ഹരിത ശ്വാസകോശ'മെന്ന് അറിയപ്പെടുന്നതാണ് ആരവല്ലി മലനിരകള്‍. ഇവയുടെ ഭാവിയെച്ചൊല്ലി, ആശങ്കകള്‍ക്ക് കാരണം ആരവല്ലി കുന്നിനും മലനിരകള്‍ക്കും സുപ്രീംകോടതി നല്‍കിയ പുതിയ നിര്‍വചനമാണ്.


 



കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, കെ. വിനോദ്ചന്ദ്രന്‍,എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ നവംബര്‍ 20-ന്റെ ഉത്തരവില്‍ അംഗീകരിച്ചു. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകള്‍ ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരും. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തിനകത്തു പെടാത്തവയൊന്നുമില്ല. ആരവല്ലി കുന്നിനും മലനിരകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ ഖനന വിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അതിനാല്‍, ഖനനമാഫിയക്ക് ഇഷ്ടംപോലെ വിളയാടാമെന്ന ആശങ്കയാണ് പരിസ്ഥിതിസ്‌നേഹികള്‍ പങ്കുവെക്കുന്നത്. ആരവല്ലിയുടെ 90 ശതമാനം ഭാഗവും പുതിയ നിര്‍വചനപരിധിക്ക് പുറത്താകും. കാരണം അവയേറെയും പുല്‍മേടുകളും കുറ്റിച്ചെടികളും ചെറിയ കുന്നുകളുമാണ്. ധാര്‍ മരുഭൂമിയിലെ പൊടിക്കാറ്റില്‍ നിന്ന് രാജ്യതലസ്ഥാനമേഖലയെ സംരക്ഷിക്കുന്ന ഹരിതകവചം അപ്പാടേ തകര്‍ത്തെറിയപ്പെടുമെന്നാണ് ആശങ്ക. ശൈത്യകാലത്ത് ഡല്‍ഹിയുടെ അന്തരീക്ഷത്തെ വിഷമയമാക്കുമെന്നും ഭയമുണ്ട്.

ഈ വിഷയത്തില്‍ അര്‍ണാബ് കേന്ദ്ര ഭരണകൂടത്തെയും കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിയെയും കടന്നാക്രമിക്കയായിരുന്നു. വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, 'വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് ആരവല്ലി മലനിരകള്‍ ഇടിച്ചുനിരത്തുകയാണ്. കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി പ്രകൃതിയെ തകര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്?' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും വിചിത്രം ഈ വിഷയത്തില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ചു എന്നതതാണ്. ഹനുമാന്‍ ശ്രീരാമനെതിരെ തിരിയുന്ന അപൂര്‍വ കാഴ്ച! ''പ്രധാനമന്ത്രി എവിടെയാണ്? എന്തുകൊണ്ട് അദ്ദേഹം ഇതില്‍ ഇടപെടുന്നില്ല? 30 കോടി ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടത് നേതൃത്വമാണ്, മൗനമല്ല''- അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്റ്റുഡിയോയില്‍ 'ഒഴിഞ്ഞ കസേര' ഇട്ടായിരുന്നു അര്‍ണാബിന്റെ പ്രതിഷേധം. മന്ത്രിമാര്‍ക്ക് ജനങ്ങളോട് പുച്ഛമാണെന്നും പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയുടെ നിര്‍വചനം പിന്തുടരുകയാണെന്ന് വാദിക്കുമെന്നും ഇത് ആരവല്ലിയുടെ നാശത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള ഒരു തന്ത്രമാണെന്നും അര്‍ണബ് പറഞ്ഞു. കോര്‍പ്പറേഷനുകള്‍ക്ക് ഇതിലൂടെ കോടിക്കണക്കിന് രൂപ നേടാമെന്നും രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ ജലക്ഷാമം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

''നിങ്ങള്‍ക്ക് മലകള്‍ നശിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഇന്ത്യയിലെ പൗരന്മാരായ ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് ശബ്ദിക്കാന്‍ കഴിയില്ലേ? ഇതൊരു ജനാധിപത്യമാണെന്ന് ഞാന്‍ കരുതി. ഇതൊരു ജനാധിപത്യമാണെങ്കില്‍, 200 കോടി വര്‍ഷം പഴക്കമുള്ള ഒരു ആവാസവ്യവസ്ഥയെ ജീവനുള്ള ഒരു പര്‍വതനിരയെ ഏത് ജനാധിപത്യ നിയമപ്രകാരമാണ് നശിപ്പിക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു''- അര്‍ണാബ് ചോദിച്ചു. 'കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്ന 15 കോടി രൂപയുടെ അവതാരകന് ഈ ചോദ്യം ചോദിക്കാന്‍ കഴിയില്ല. പക്ഷേ, ഞാന്‍ നിങ്ങളുടെ പേരില്‍ ഈ ചോദ്യം ചോദിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70 കോടിയുടെ പടക്കം മുതല്‍ ഇന്‍ഡിഗോവരെ


 



ഇതിനുശേഷവും അര്‍ണാബ് നിര്‍ത്തിയില്ല. ഡല്‍ഹിയിലെയും വായുമലിനീകരണവും മറ്റും വലിയ വിഷയമായി ഉന്നയിച്ചു. ഇവിടുത്തെ ബിജെപി സര്‍ക്കാറുകളെ കടന്നാക്രമിച്ചു. റെയില്‍വേ അപകടങ്ങള്‍, ഇന്‍ഡിഗോ വിമാന സര്‍വീസ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പത്തെപ്പോലെ പ്രതിപക്ഷത്തെയല്ല, മറിച്ച് ഭരണകൂടത്തെയാണ് അദ്ദേഹം വിചാരണ ചെയ്യുന്നത്. വ്യോമയാന മന്ത്രി മോശം ജോലിയാണ് ചെയ്തതെന്നും വിമാനക്കമ്പനികളുടെ കുഴപ്പങ്ങളില്‍ നിന്ന് സര്‍ക്കാരിന് കൈകഴുകാന്‍ കഴിയില്ലെന്നും അര്‍ണാബ് പറഞ്ഞു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ഈ 'ഡ്യുവോപോളി' യാത്രക്കാരെ ദ്രോഹിക്കുകയാണെന്നും അവര്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നും ആരോപിച്ചു.

ഇന്‍ഡിഗോയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡിഗോ വിഷയത്തില്‍ റിപ്പബ്ലിക്കിനെ പൂര്‍ണമായും എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപി ബാന്‍ ചെയ്യുന്ന അവസ്ഥ പോലും ഉണ്ടായി.

നേരത്തെ 2020 ജനുവരിയില്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്ര ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണാബിനെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ അര്‍ണാബ് ശാന്തനായി ഇരുന്നെങ്കിലും, പിന്നീട് നടത്തിയ പ്രതികരണങ്ങളില്‍ ഇതൊരു മോശം പെരുമാറ്റമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.തുടര്‍ന്ന് ഇന്‍ഡിഗോ കാമ്രയ്ക്ക് ആറ് മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് തനിക്കൊപ്പം നിന്ന ഇന്‍ഡിഗോയെ ഇപ്പോള്‍ അര്‍ണാബ് വലിച്ചുകീറി.

ബിജെപി നേതാക്കളുടെ മക്കളുടെ ആഡംബര വിവാഹങ്ങളെയും അതിനായി ചിലവാക്കുന്ന കോടികളെയും അദ്ദേഹം പരസ്യമായി വിമര്‍ശിച്ചതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബിജെപി എംഎല്‍എ മകന്റെ വിവാഹത്തിന് 70 ലക്ഷം രൂപയുടെ പടക്കം പൊട്ടിച്ചതും ധുര്‍ത്ത് നടത്തിയതും ചൂണ്ടിക്കാട്ടി അയാളുടെ ചിത്രംവെച്ച് അതി നിശിതമായിട്ടായിരുന്നു, അര്‍ണാബിന്റെ കത്തിക്കയറല്‍. അതേസമയം തന്നെ മധ്യപ്രദേശിലെ കുട്ടികള്‍ ചികില്‍സ കിട്ടാതെ മരിക്കുന്നതിന്റെ വാര്‍ത്തകളും അര്‍ണാബ് കാണിക്കുന്നു. കുട്ടികള്‍ക്ക് ചികിത്സാ പിഴവിലുടെ എച്ച്ഐവി ബാധിക്കുന്ന വാര്‍ത്തകളും കാണിക്കുന്നു. എന്നിട്ട് അര്‍ണാബ് ആഞ്ഞടിക്കയാണ്. ഇതുപോലെ ഒരു സംസ്ഥാനത്താണ് നിങ്ങള്‍ പണം ധുര്‍ത്തടിക്കുന്നത്. അതുപോലെ ബിജെപി നേതാക്കള്‍ക്ക് ആഡംബരത്തോടുള്ള പ്രിയം കൂടിക്കൂടി വരുന്നതും, അവര്‍ പോഷ് കാറുകളിലും ചാര്‍ട്ടഡ് ഫൈറ്റുകളിലുമൊക്ക യാത്രചെയ്യുന്നതിന്റെയും വീഡിയോ കാണിച്ച് അര്‍ണാബ് നിര്‍ത്തിപ്പൊരിക്കയാണ്.

ഇടക്കിടെ അര്‍ണാബ് പറയുന്ന ഒരു വാചകമുണ്ട്. '15 കോടി ശമ്പളം വാങ്ങുന്ന ആങ്കര്‍ ഇതൊന്നും പറയില്ലെന്ന്'. സര്‍ക്കാര്‍ ചാനലായ ഡിഡി ന്യൂസ് ആങ്കര്‍ സുധീര്‍ ചൗധരിയെയാണ് അര്‍ണാബ് ലക്ഷ്യമിടുന്നത്. താന്‍ ഗോഡി മീഡിയയിലില്ല എന്നതിന്റെ കൃത്യമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അര്‍ണാബിന്റെ വിമര്‍ശനത്തില്‍ സര്‍ക്കാരും പകച്ചുപോയ മട്ടാണ്.

ആരവല്ലി കുന്നുകളെ തകര്‍ക്കുന്ന ഖനന ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. രാജസ്ഥാനില്‍ 2006 മുതല്‍ നടപ്പാക്കിവരുന്ന ക്രമീകരണമാണ് പുതിയ നിര്‍വചനമെന്നാണ് ഭാഷ്യം. ആരവല്ലിമേഖലയില്‍ 0.19 ശതമാനം ഭാഗത്തുമാത്രമാണ് ഇപ്പോള്‍ ഖനന ഇളവെന്നും ബാക്കിയെല്ലാം അതുപോലെ സംരക്ഷിക്കപ്പെടുമെന്നും വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് പറയുന്നത്.

പ്രശ്നം അദാനിയോടോ?



 



അര്‍ണബിന്റെ ഏറ്റവും വലിയ പ്രശ്നം, അവരുടെ നിഷ്പക്ഷത തകരുകയും, റിപ്പബ്ലിക്കന്‍ ടീ വി ബാര്‍ക്ക് റേറ്റിങ്ങില്‍ താഴോട്ടുപോയതുമാണ്. സിഎഎന്‍- ന്യൂസ് 18നാണ് നിലവില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. അംബാനിക്ക് ഷെയറുള്ള ഈ ചാനല്‍, ഏകദേശം 33% മുതല്‍ 43% വരെ വിപണി വിഹിതമാണ് നേടിയത്. റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്താണ് എന്‍ഡിടിവിയാണ്. അദാനി ഏറ്റെടുത്തതിനുശേഷം ഈ ചാനല്‍ കുതിച്ച് മുന്നേറുകയാണ്. ചില ആഴ്ചകളില്‍ ഇവര്‍ ഒന്നാം സ്ഥാനത്തുണുണ്ട്. അര്‍ണാബ് ഉണ്ടായിരുന്നപ്പോള്‍, ദീര്‍ഘകാലം ഒന്നാം സ്ഥാനത്തായിരുന്ന ടൈംസ് നൗ ഇപ്പോള്‍ റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. എങ്കിലും മെട്രോ നഗരങ്ങളില്‍ ഇപ്പോഴും ഈ ചാനലിന് വലിയ സ്വാധീനമുണ്ട്. അതിനും പിന്നിലായി നാലാം സ്ഥാനത്ത് മാത്രമാണ്, അര്‍ബാബിന്റെ സ്വന്തം റിപ്പബ്ലിക്കന്‍ ടീവി.

ഇതിനെ ഒന്നാമത് എത്തിക്കാനുള്ള പ്രധാനം തടസം അത് വെറും ഗോഡി മീഡിയയാണ്, ബിജെപി ചാനലാണ് എന്ന പ്രചാരണത്തെ തടുക്കുകയാണ്. അതാണ് ഇപ്പോള്‍ അര്‍ണാബ് ചെയ്യുന്നത്. റിപ്പബ്ബിക്കന്‍ ടീവിയുടെ അതിഭീകരമായ സംഘ വിധേയത്വവും, വാര്‍ത്തകളിലെ പക്ഷപാതിത്വവും കാരണം, തേജീന്ദര്‍ സിംഗ് സോധിയെപ്പോലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ ഇവിടെ നിന്ന് രാജിവെച്ച് പോയിരുന്നു. ആ രാജിക്കത്തില്‍ പല ജില്ലാ ആസ്ഥാനങ്ങളില്‍പോലും റിപ്പബ്ബിക്കന്‍ ടീവിക്ക് ജേണലിസ്റ്റുകളെ കിട്ടാത്തത്, ഈ രാഷ്ട്രീയ പ്രശ്നം കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിയൊക്കെ ഫലമായിട്ടായിരിക്കും അര്‍ണാബിന്റെ നിലപാടുമാറ്റം.

ടിആര്‍പി റേറ്റിങ്ങില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നുവെന്ന് ഇപ്പോള്‍ അര്‍ണാബ് ആരോപിക്കുന്നുണ്ട്. പക്ഷേ ഇതേ കേസില്‍ അര്‍ണാബും പ്രതിയാണ്.

2020-ല്‍, ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ച് പരസ്യവരുമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ മുംബൈ പോലീസ് അര്‍ണാബിനെതിരെ കേസ് എടുത്തിരുന്നു. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സി ഉന്നതരുമായി അദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു.അത് ഇപ്പോഴും അന്വേഷണത്തിലാണ്. അതിനിടെ ഒരു ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പേരില്‍ അര്‍ണാബ് ജയിലുമായിരുന്നു. എന്നാല്‍ പിന്നീട് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറിയതോടെ ഈ കേസുകള്‍ ദുര്‍ബലമായി എന്നതാണ് റിപ്പോര്‍ട്ടുകള്‍.

അദാനി ഏറ്റെടുത്ത ശേഷം എന്‍ഡിടിവിയുണ്ടാക്കുന്ന വളര്‍ച്ച അര്‍ണാബിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഒപ്പം ആരവല്ലി വിഷയത്തിലെ അര്‍ണാബിന്റെ ആക്രമണ സ്വഭാവം അദാനി ഗ്രൂപ്പിനെക്കൂടി ലക്ഷ്യമാക്കിയാണെന്ന് വ്യക്തമാണ്. മോദിയോടല്ല ഗൗതം അദാനിയോടാണ് അര്‍ണാബിന് പ്രശ്നമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ ബിജെപിയിലെ ചില നേതാക്കളുമായി അര്‍ണാബ് കടുത്ത അകല്‍ച്ചയിലാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇത് സംഭവിച്ചതും അദാനി മാധ്യമ രംഗത്തേക്ക് വന്നതിന് ശേഷമാണ്. മുമ്പ് ലോകനേതാക്കളുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ വലിയ പ്രധാന്യം റിപ്പബ്ലിക്കിന് കിട്ടിയിരുന്നു, ഇസ്രയേല്‍ പ്രധാനമന്ത്രി മുന്‍പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആദ്യ അഭിമുഖം അര്‍ണാബിന് ആയിരുന്നു. എന്നാല്‍ അടുത്തിടെ വന്‍ വാര്‍ത്താ പ്രധാന്യം നേടിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തില്‍ റിപ്പബ്ലിക്കിനെ പൂര്‍ണമായും അവഗണിച്ചിരുന്നു.


 



ഹാര്‍ഡ്കോറിലേക്ക് കടന്ന് ആര്‍എസ്എസിനെയും ഹിന്ദുത്വ ഭീകരതയെയും ഒന്നും അര്‍ണാബ് തൊടുന്നില്ല. ഒരു ശരാശരി ബിജെപിക്കാരന് തോന്നുന്ന രോഷമാണ് അദ്ദേഹവും പ്രകടിപ്പിക്കുന്നത്. അതായത് ബിജെപിയെ പരിഷ്‌ക്കരിക്കയാണ് അര്‍ണാബിന്റെ ലക്ഷ്യം. അങ്ങനെ കാവിപ്പട വിട്ടുപോവാതെ തന്നെ, മറ്റുള്ളവരെയും ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമായി ഈ നീക്കം വിലയിരുത്തപ്പെടുന്നു. മാത്രമല്ല ധ്രുവ് റാഡിയെപ്പോലുള്ള വ്ളോഗര്‍മാരുടെ വീഡിയോകള്‍ക്ക് കിട്ടുന്ന റീച്ചം അര്‍ണാബിനെ അത്ഭുതപ്പെടുത്തിയിരിക്കണം എന്ന് പറയുന്നുണ്ട്. സര്‍ക്കാര്‍ വിമര്‍ശകരായ, സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തിനും നിലനില്‍പ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് ഇങ്ങനെയാവണം എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നവരുമുണ്ട്. അര്‍ണാബിന്റെ സര്‍ക്കാര്‍ വിരുദ്ധ വീഡിയോകള്‍ക്കും മില്യണ്‍ റീച്ച് വരുന്നു.

പക്ഷേ ദേശീയത, രാജ്യസ്നേഹം, ഇസ്ലാമിക ഭീകരതയോടുള്ള വെറുപ്പ്, പാക്കിസ്ഥാനോടുള്ള ദേഷ്യം തുടങ്ങിയ വിവിധമായ വിഷയങ്ങള്‍ എടുത്താല്‍ സംഘപരിവാറിന്റെ അതേ നിലപാടണ് അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ഇത് ഒരു സൗന്ദര്യപ്പിണക്കം എന്നോ, ബിജെപിയുടെ നവീകരണം എന്നതില്‍ അപ്പുറം പോവില്ല എന്നാണ്, ഭൂരിഭാഗം മീഡിയ അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്.

വാല്‍ക്കഷ്ണം: എന്തായാലും അര്‍ണാബിന്റെ ക്യാപ്സ്യൂളുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയിരുന്ന, സംഘപരിവാര്‍ ഐടി സെല്ലില്‍ അദ്ദേഹത്തിന്റെ മാറ്റം വലിയ ആശയക്കുഴപ്പാണ് ഉണ്ടാക്കിയത്. ഇത്രയും കാലം മോദി സര്‍ക്കാരിന്റെ ഓരോ നീക്കത്തെയും മാസ്റ്റര്‍സ്ട്രോക്ക് എന്ന് വിശേഷിപ്പിച്ചയാളാണ് ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്്. അര്‍ണാബിനെ ഇനിയും 'വീരപുത്രന്‍' എന്ന് തന്നെ തുടരണോ എന്നറിയാതെ ബിജെപി സൈബര്‍ പോരാളികളും അമ്പരന്നു നില്‍ക്കയാണ്. അതിനിടെ കെജ്രിവാളിന്റെ വഴി അര്‍ണാബ് പോവുമെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നുംവരെയുള്ള കഥകള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പടച്ചുവിടുന്നുണ്ട്. പക്ഷേ അതിനുള്ള സാധ്യതകള്‍ വിദൂരമാണ്.

Tags:    

Similar News