ഡല്‍ഹിയിലെ കാപ്പികുടിത്തിരക്ക് ഒഴിവാക്കാനുള്ള ആശയം വളര്‍ന്നത് സൊമാറ്റോയായി; ഇന്ന് 29.94 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആഗോള ഭക്ഷ്യവിതരണ ശൃംഖലയുടെ ഉടമ; ഇപ്പോള്‍ ബസ് നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുകയെന്ന സ്വപ്ന പദ്ധതിയില്‍; സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഞെട്ടിക്കുമ്പോള്‍!
സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ഞെട്ടിക്കുമ്പോള്‍!
എല്ലാം ദിവസവും വൈകീട്ട് ജോലി കഴിഞ്ഞ് ഒരു കാപ്പി കുടിക്കുന്നത്, ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ഡാറ്റാ അനലിസ്റ്റായി ജോലി നോക്കിയിരുന്ന, ആ പഞ്ചാബി ചെറുപ്പക്കാരന്റെ ഒരു രീതിയായിരുന്നു. ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞു കാപ്പികുടിക്കുന്നതിനായി താന്‍ സ്ഥിരം പോകുന്ന റെസ്റ്റോറന്റില്‍ ചെന്നപ്പോള്‍ അവിടെ തിരക്കോട് തിരക്ക്. ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ല. ഏറെ നേരം വരിയില്‍നിന്ന് ഒരു കപ്പ് കാപ്പി സ്വന്തമാക്കിയപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ ക്ഷീണിതനായിരുന്നു. കാപ്പി കുടിയൊക്കെ കഴിഞ്ഞു സ്വസ്ഥമായിരുന്ന് ചിന്തിച്ചപ്പോള്‍ റെസ്റ്റോറന്റുകളിലെ ഇത്തരം തിരക്ക് ഒഴിവാക്കുന്നതിനായി ഒരു ആശയമുദിച്ചു. അവിടെനിന്നാണ് സൊമാറ്റോ എന്ന ഇന്ന് ശതകോടികളുടെ ആസ്തയുള്ള കമ്പനിയുടെ തുടക്കം. അതിന് തുടക്കമിട്ട ചെറുപ്പക്കാരന്റെ പേരാണ്, ദീപീന്ദര്‍ ഗോയല്‍.
ഒറ്റ ടാക്സിപോലും വിലക്ക് വാങ്ങിക്കാതെ ഊബര്‍, ലക്ഷക്കണക്കിന് വാഹനങ്ങളുടെ ഉടമയായതുപോലെ, ഒറ്റ റെസ്റ്റോറന്റുപോലും വിലക്കുവാങ്ങിക്കാതെ ഗോയല്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ വിതരണക്കാരനായി. സൈബര്‍ നളന്‍ എന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇന്ന് 14 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളില്‍ സേവനം നടത്തുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ സൊമാറ്റോയുടെ ഓഹരികളില്‍ 300 ശതമാനത്തിലധികം വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് ദീപീന്ദര്‍ ഗോയല്‍ ഇന്ത്യയിലെ മില്യണേഴ്സ് ക്ലബില്‍ എത്തിയിരിക്കയാണ്. സൊമാറ്റോയുടെ വിപണി മൂലധനം 29.94 ബില്യണ്‍ ഡോളറാണ് (2025 ഏപ്രില്‍ വരെ). വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും മൂല്യവത്തായ 817-ാമത്തെ കമ്പനിയാണിത്. 42കാരനായ ഗോയല്‍ 8,300 കോടി രൂപയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ പ്രൊഫഷണല്‍ മാനേജരായി മാറിയിരിക്കയാണ്.
ഇന്ത്യന്‍ ഭക്ഷണ വിതരമേഖലയെ മാറ്റിമറിച്ച ഈ സംരംഭകന്‍ ഇപ്പോള്‍, കേട്ടാല്‍ ഞെട്ടുന്ന ഒരു ആകാശപദ്ധതിയുമായി രംഗത്തെത്തുകയാണ്. ബസ് ഓടുന്നതുപോലെ ആകാശത്ത് വിമാനങ്ങള്‍ ഓടുന്ന പദ്ധതി! അത് പ്രായോഗികമായാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വന്‍ വിപ്ലവമാവും. സാധാരണക്കാരന് ബസ് നിരക്കല്‍ വിമാനയാത്രക്ക് കഴിയും.
ഫുഡ്ഡീബേയില്‍ നിന്ന് സെമോറ്റോയിലേക്ക്
പഞ്ചാബിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഗോയലിന്റെ ജനനം. ഡല്‍ഹി ഐഐടിയില്‍നിന്ന് അദ്ദേഹം ഗണിതത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. തുടര്‍ന്ന് 2007-ല്‍ ഡല്‍ഹിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ്, കാപ്പിക്കടയിലെ തിരിക്ക്, ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു എന്ന് പറയുന്നതുപോലെ, അദ്ദേഹത്തിന്റെ മസ്തിഷ്‌ക്കത്തില്‍ ബോംബിങ്് നടത്തുന്നത്.
ഡല്‍ഹിയില്‍ തിരക്കില്ലാതെ സ്വസ്ഥമായിരുന്ന് കാപ്പിയും മറ്റു വിഭവങ്ങളും ആസ്വദിക്കാന്‍ പറ്റിയ റസ്റ്ററന്റുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ് ഗോയല്‍ ആദ്യം ചെയ്തത്. ശേഷം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരിടത്ത് അത് പ്രസിദ്ധീകരിക്കണം. ഈ ചിന്ത ദീപീന്ദര്‍ സുഹൃത്തിനോട് പറഞ്ഞു. കേട്ടപ്പോള്‍ അദ്ദേഹത്തിനും പൂര്‍ണ സമ്മതം. പിന്നെ ഒട്ടും വൈകിച്ചില്ല, ഭക്ഷണപ്രേമികള്‍ക്ക് ഒരു സഹായി എന്നോണം ഫുഡ്ഡീബേ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തയ്യാറാക്കി. 2008-ല്‍ ആയിരുന്നു സംരംഭത്തിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഡല്‍ഹിയിലെ 1200 ഹോട്ടലുകളിലെ മെനുവാണ് പരിചയപ്പെടുത്തിയത്.
നഗരത്തിലെ നല്ല ഹോട്ടലുകളിലെയും ഭക്ഷണങ്ങളും, അവയുടെ വിലവിവരവുമെല്ലാം, അടയാളപ്പെടുത്തിയ ഫുഡ്ഡീബേ വളരെ വേഗത്തില്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തു. അതോടെ സംരംഭകന്‍ എന്ന നിലയില്‍ തനിക്ക് ശോഭിക്കാനാകുമെന്ന് ദീപീന്ദറിന് മനസ്സിലായി. പിന്നീടുള്ള സ്ഥാപനത്തിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ഫുഡ്ഡീബേ വഴി ഉപഭോക്താക്കള്‍ റെസ്റ്റോറന്റ് തെരെഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ നിന്ന് ഒരു നിശ്ചിത വരുമാനം ദീപീന്ദറിനും സുഹൃത്തിനും ലഭിക്കുമായിരുന്നു. അധികം വൈകാതെ, ഇതാണ് തന്റെ തട്ടകം എന്ന് മനസ്സിലാക്കിയ ദീപീന്ദര്‍ ജോലി രാജിവച്ചു. സുഹൃത്തായ പങ്കജ് ഛദ്ദയെയും പങ്കാളിയാക്കി സംരംഭം വിപുലപ്പെടുത്താനിറങ്ങിത്തിരിച്ചു. തുടര്‍ന്ന് 2010-ല്‍ കമ്പനിയുടെ പേര് സൊമാറ്റോ എന്നാക്കി മാറ്റി. കമ്പനി വിപുലീകരിക്കാനും ഡല്‍ഹിക്ക് പുറമെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് സൊമാറ്റോയുടെ സേവനം വ്യാപിപ്പിക്കാനുമായിരുന്നു ലക്ഷ്യം. ഈ ചെറുപ്പക്കാരുടെ നൂതനാശയത്തില്‍ ആകൃഷ്ടനായ നൗക്കരി ഡോട്ട്‌കോം സ്ഥാപകന്‍ സഞ്ജീവ്, ഒരു മില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചെത്തിയതോടെ സ്ഥാപനത്തിന്റെ മുഖം തന്നെമാറി. അടിസ്ഥാന മൂലധന നിക്ഷേപമായി ഇത്രയും വലിയ ഒരു തുക ലഭിച്ചതോടെ ദീപീന്ദര്‍ കമ്പനിയുടെ വികസന പദ്ധതികള്‍ കൂടുതല്‍ വേഗത്തിലാക്കി.
2011-ല്‍ സൊമാറ്റോയുടെ സേവനം ബംഗളൂരു, പുനെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ വിപണി സാധ്യതകളും വര്‍ധിച്ചു. സൊമാറ്റോയുടെ ജൈത്ര യാത്ര ആരംഭിക്കുന്നത് 2011 -ല്‍ മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതിലൂടെയാണ്. ഇതിലൂടെ കൂടുതല്‍ വിശാലമായ വിപണി കണ്ടെത്താന്‍ കഴിഞ്ഞു. കൂടുതല്‍ റസ്റ്റോറന്റുകള്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
പിന്നീട്ട് റെസ്റ്റോറന്റുകളുടെ ലിസ്റ്റിങില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു. ആപ്പിന്റെ സഹായത്താല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള ഭക്ഷണം ലളിതമായി കണ്ടെത്താനായതോടെ കൂടുതല്‍ ആളുകളെ ഈ ആശയത്തോട് അടുപ്പിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് സൊമാറ്റോ ജോലികൊടുക്കുന്നു.
ആഗോള തലത്തിലേക്ക്
ഇന്ത്യയിലെ ഗുഡ്ഗാവിലാണ് ആസ്ഥാനമെങ്കിലും, ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. 2012-ല്‍ യുഎഇ, ശ്രീലങ്ക, ഖത്തര്‍, യുകെ, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സേവന ശൃംഖല വളര്‍ന്നു.അതോടെ ദീപീന്ദര്‍ ഗോയല്‍ എന്ന സംരംഭകന്‍ ആഗോള തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. സൊമാറ്റോ ക്രമേണ ആഗോളതലത്തില്‍ ശക്തമായ സാനിധ്യമായി.
വിദേശ എതിരാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ഏകദേശം 15 സ്റ്റാര്‍ട്ടപ്പുകളെ അവര്‍ ഏറ്റെടുത്തു. 2014 -ല്‍, പോളണ്ടിലെ റെസ്റ്റോറന്റ് സേര്‍ച്ചിങ്ങ് ആപ്പായ ഗാസ്ട്രോണൗസിയെയും, ഇറ്റാലിയന്‍ റെസ്റ്റോറന്റ് ഫൈന്‍ഡറായ സിബാന്‍ഡോയെയും സൊമാറ്റോ ഏറ്റെടുത്തു. 2022- ല്‍ ഇന്ത്യ ആസ്ഥാനമായുള്ള ബ്ലിങ്കിറ്റിനെ (മുമ്പ് ഗ്രോഫേഴ്സ്) 560 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു. സൊമാറ്റോയുടെ മാതൃ കമ്പനിയായ സൊമാറ്റോ ലിമിറ്റഡ്, 2025 മാര്‍ച്ച് 20 മുതല്‍ ഔദ്യോഗികമായി എറ്റേണല്‍ ലിമിറ്റഡ് എന്ന പേര് മാറ്റി. കോര്‍പ്പറേറ്റ് തലത്തില്‍ പേര് മാറിയെങ്കിലും, സൊമാറ്റോ ബ്രാന്‍ഡും ആപ്പും അതിന്റെ ഐഡന്റിറ്റിയിലോ സേവനങ്ങളിലോ മാറ്റങ്ങളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
തന്റെ ജീവിത വഴി ഒരിക്കലും എളുപ്പമായിരുന്നില്ല എന്നും, ജോലി രാജിവെച്ച് ബിസിനസിന് ഇറങ്ങിയപ്പോള്‍ ഏറെ പരിഹാസം കേട്ടുവെന്നും ഒരു അഭിമുഖത്തില്‍ ദീപേന്ദര്‍ പറയുന്നുണ്ട്. ആദ്യ തടസ്സം നേരിടേണ്ടി വന്നത് കുടുംബത്തില്‍ നിന്നാണ്. ഐഐടിയില്‍ വച്ച് കണ്ടുമുട്ടിയ സഹപാഠിയായ ഭാര്യ കാഞ്ചന്‍ ജോഷി, തുടക്കത്തില്‍ വിമുഖത കാണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് കൂടെനിന്നു. 2021 ജൂലൈ 23 ന്, ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തു. അതിന്റെ ഐപിഒ വില പരിധി ഒരു ഷെയറിന് 72 മുതല്‍ 76 രൂപ വരെയായിരുന്നു. ഇന്ന് അത് അവിടെനിന്നും ഒരുപാട് വളര്‍ന്നു.
ആര്‍ത്തവ അവധി, വെല്‍നെസ് കേന്ദ്രം
ഭാര്യ കാഞ്ചന്‍ ജോഷിയുമായി പിരിഞ്ഞശേഷം, ദീര്‍ഘകാലം ദീപീന്ദര്‍ ഗോയല്‍ സിംഗിളായി ജീവിതം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം മെക്സിക്കന്‍ മോഡലും സംരംഭകയുമായ ഗ്രേഷ്യ മുനോസിനെ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ആദ്യം അവളെ കണ്ടെത്തിയത്. ഇനി ഒരു വിവാഹം വേണ്ട എന്ന ഉറച്ച നിലപാടിലായിരുന്നു ഗോയല്‍. പക്ഷേ ഗ്രേഷ്യയെ പരിചയപ്പെട്ടാല്‍ നീ അഭിപ്രായം മാറ്റുമെന്ന, സുഹൃത്തിന്റെ വാക്കുകള്‍ ശരിയായി. ആദ്യ മീറ്റിങ്ങില്‍ തന്നെ അവര്‍ അനുരാഗത്തിലായി. ഇപ്പോള്‍ സെമോറ്റോയിലും സജീവമായി ഇടപെടുന്നുണ്ട്, ഗ്രേഷ്യ.
കഴിഞ്ഞ വര്‍ഷം ദീപീന്ദര്‍ ഗോയലും ഭാര്യ ഗ്രേഷും സൊമാറ്റോ ഡെലിവറി ഏജന്റുമാരായി ജോലിചെയ്ത കസ്റ്റമേഴ്സിനെ ഞെട്ടിച്ചിരുന്നു. സൊമാറ്റോയുടെ ഐക്കണിക് ചുവന്ന ടീ-ഷര്‍ട്ടുകള്‍ ധരിച്ച് ഗുഡ്ഗാവിലെ തെരുവുകളില്‍ ഇറങ്ങിയപ്പോഴുള്ള അനുഭവം വല്ലാത്തതായിരുന്നുവന്ന് അവര്‍ പറയുന്നു. ഗ്രേഷ്യയെ തങ്ങളുടെ വാതില്‍ക്കല്‍ കണ്ടപ്പോള്‍ ആളുകള്‍ എത്രമാത്രം അത്ഭുതപ്പെട്ടുവെന്ന് ദീപീന്ദര്‍ പറയുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും ഇതുമൂലമായി എന്ന് അദ്ദേഹം പറയുന്നു.
എന്നും ജീവക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്ന, എംപ്ലോയീസ് ഫ്രണ്ട്ലിയായ സംരംഭകനായാണ്, ദീപേന്ദര്‍ ഗോയല്‍ അറിയപ്പെടുന്ന്. നേരത്തെ, ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ സുബ്രഹ്‌മണ്യത്തിന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുമ്പോള്‍, സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ തീര്‍ത്തും വ്യത്യസ്ത സമീപനമാണ് കൈക്കൊണ്ടത്. പണിയെടുപ്പിച്ച് ജീവനക്കാരെ പരമാവധി ഉപയോഗിക്കുന്ന നയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വെല്‍നസ് കേന്ദ്രമാണ് സൊമാറ്റോ ഒരുക്കിയത്. ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പര്‍ബാറിക് ഓക്സിജന്‍ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതായിരിക്കും വെല്‍നസ് കേന്ദ്രം. ആര്‍ത്തവ അവധി നല്‍കുന്നതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള സൊമാറ്റോയുടെ ശ്രമം. ജീവനക്കാരുടെ മാനസിക ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ടീമും കമ്പനി ആസ്ഥാനത്തുണ്ട്. കമ്പനിക്ക് ഒരു പ്രത്യേക ചീഫ് ഫിറ്റ്നസ് ഓഫീസറും ഉണ്ട്. ആര്‍ത്തവ അവധികള്‍, ലിംഗ-നിഷ്പക്ഷ രക്ഷാകര്‍തൃ അവധി നയങ്ങള്‍ എന്നിവയും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി.
ഇനി എയര്‍ വിപ്ലവം!
ഇപ്പോള്‍ ഒരു പുതിയ വിപ്ലവത്തിനുകൂടി ദീപീന്ദര്‍ ഗോയല്‍ തുടക്കമിടുകയാണ് എന്നാണ്, ബിസിനസ് മാധ്യമങ്ങള്‍ പറയുന്നത്. അതാണ് ബസ് നിരക്കില്‍ വിമാനത്തില്‍ പറക്കാമെന്ന ആശയം. ഇന്ത്യയില്‍ ഇന്നു ഒരു ശരാശരി സാധാരണക്കാരനെ സംബന്ധിച്ച് വിമാനയാത്ര ഒരു സ്വപ്നം മാത്രമാണ്. പ്രധാന കാരണം വിമാനയാത്രയുടെ ചെലവുതന്നെയാണ്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള സുപ്രധാന നീക്കവുമായി ദീപീന്ദര്‍ ഗോയല്‍ രംഗത്തുവന്നിരിക്കുന്നത്. വ്യോമയാന വ്യവസായത്തിലേക്കുള്ള തന്റെ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് ഗോയല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പദ്ധതി നടപ്പായാല്‍ ഇന്ത്യയില്‍ എയര്‍ വിപ്ലവം ഉണ്ടാവുമെന്ന് ഉറപ്പാണ്. സാധാരണക്കാര്‍ക്ക് ഒരു ബസ് ടിക്കറ്റ് നിരക്കില്‍ വിമാനത്തില്‍ പറക്കാന്‍ സാധിച്ചേക്കും. രാജ്യത്തുടനീളമുള്ള ചെറിയ നഗരങ്ങളിലെ ആളുകള്‍ക്ക് താങ്ങാനാവുന്നതും, ഉയര്‍ന്ന ഫ്രീക്വന്‍സി എയര്‍ സേവനങ്ങള്‍ നല്‍കുക എന്നാതാണ് ഇവരുടെ ലക്ഷ്യം.
സിഎന്‍ബിസി ടിവി 18 ന്റെ റിപ്പോര്‍ട്ട് പ്രകാരം എല്‍എടി എയ്റോസ്പേസിന്റെ സഹസ്ഥാപകയായ സുര്‍ഭി ദാസ് ആണ് ഇക്കാര്യം സൂചിപ്പിക്കുന്നു. ഇരുവരും കുറച്ചുകാലമായി ഒരു പുതിയ വ്യോമയാന സ്റ്റാര്‍ട്ടപ്പില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ദാസ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വ്യക്തമാക്കി. എല്‍എടി എയ്റോസ്പേസിന്റെ നോണ്‍- എക്സിക്യൂട്ടീവ് സ്ഥാപകന്‍ കൂടിയാണ് ദീപീന്ദര്‍ ഗോയല്‍. ഇതുവരെ കമ്പനി 50 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ 20 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം ഗോയലിന്റെ ആണ്. പ്രോജക്ട് അദ്ദേഹത്തിന്് വ്യക്തിപരമായി എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നു വ്യക്തമാക്കുന്നതാണിത്.
ആകാശത്ത് ബസുകള്‍ സങ്കല്‍പ്പിക്കുക എന്നാണ് ഗോയല്‍ പറയുന്നത്. താങ്ങാനാവുന്നതും, ഇടയ്ക്കിടെ സര്‍വീസ് നടത്തുന്നതും, പരമ്പരാഗത എയര്‍ലൈനുകള്‍ അവഗണിച്ച സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ വമ്പന്‍ തന്ത്രമാണ് ഇരുവരും ആലോചിക്കുന്നത്. ഇവര്‍ വിഭാവനം ചെയ്യുന്ന എയര്‍ സര്‍വീസുകള്‍ പറന്നുയരുന്നതിനും, ഇറങ്ങുന്നതിനും ഒരു പാര്‍ക്കിംഗ് സ്ഥലത്തിന്റെ വലിപ്പമുള്ള ചെറിയ എയര്‍ സ്ട്രിപ്പുകള്‍ മതി. ഇവ വീടുകള്‍ക്കു സമീപം തന്നെ നിര്‍മ്മിക്കാന്‍ പോലും സാധിക്കും. തിരക്കില്ല, സുരക്ഷാ പരിശോധനകള്‍ക്കായി നീണ്ട ക്യൂകള്‍ വേണ്ട. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ശരിക്കും വിപ്ലവം തന്നെ.
'ആകാശത്ത് ഒരു ബസ് ശൃംഖല'
വിമാന യാത്ര ഒരു ബസില്‍ യാത്ര ചെയ്യുന്നതുപോലെ എളുപ്പവും, സൗകര്യപ്രദവുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അവരുടെ വിപണി തന്ത്രവും ഇതുതന്നെഇതനുള്ള മാര്‍ഗവും വ്യത്യസ്തമാണ്. ഇന്ത്യയില്‍ 450 ലധികം എയര്‍സ്ട്രിപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 150 എണ്ണം മാത്രമേ നിലവില്‍ വാണിജ്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. ഉപയോഗിക്കാതെ കിടക്കുന്ന 300 ഓളം എയര്‍ സ്ട്രിപ്പുകളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ വലിയൊരു ഭാഗം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഗോയല്‍ വിശ്വസിക്കുന്നുവെന്ന് ദി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ഇടതൂര്‍ന്ന വ്യോമ ശൃംഖല നിര്‍മ്മിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ സര്‍വീസ് സ്ഥലങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനും, ആളുകള്‍ക്ക് യാത്ര സമയം ചുരുക്കാന്‍ സഹായിക്കും.ലാന്‍ഡിംഗിനും, ടേക്ക് ഓഫിനും കുറഞ്ഞ സ്ഥലം ആവശ്യമുള്ള ചെറിയ എയര്‍സ്റ്റോപ്പുകളില്‍ നിന്നാകും ഈ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുക വിമാനത്താവളങ്ങളിലേക്കുള്ള ദീര്‍ഘയാത്രകള്‍, മടുപ്പിക്കുന്ന സുരക്ഷാ പരിശോധനകള്‍, കാലതാമസം എന്നിവ ഒഴിവാക്കാന്‍ ഇതു സാഹയിക്കും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് സേവനം മികച്ചതാകും. യാത്രക്കാര്‍ക്ക് നേരിട്ട് എയര്‍സ്റ്റോപ്പില്‍ എത്താനും ,വിമാനത്തില്‍ കയറാനും, പറക്കാനും സാധിക്കുമെന്നാണ് വിവരം.
പ്രാദേശിക വിമാന യാത്ര ഇപ്പോഴും ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന ചിന്തയാണ് പുതിയ ആശയത്തിന് തിരികൊളുത്തിയത്. സാധാരണക്കാര്‍ക്ക് വിമാന യാത്ര ഇന്നും ഇന്ത്യയില്‍ ഒരു ആഡംബര സ്വപ്നമാണ്. അതാണ് 'ആകാശത്ത് ഒരു ബസ് ശൃംഖല' എന്ന സ്വപ്നത്തിലേക്ക് ഗോയലിനെ എത്തിച്ചത്. പക്ഷേ ഈ സ്വപ്നം പ്രായോഗികമാവുമോ എന്ന കാര്യത്തിലും വലിയ സംശയങ്ങള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് അഹമ്മദബാദ് വിമാനദുരന്തത്തെ തുടര്‍ന്ന് സുരക്ഷ എന്നത് വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കയാണ്. ചെറിയ എയര്‍ സ്ട്രിപ്പുകളില്‍നിന്ന് വിമാനം പൊങ്ങൂമ്പോള്‍, അത് എപ്പോഴും ജനവാസ മേഖലക്ക് അടുത്തായിരിക്കും. അതുകൊണ്ടുതന്നെ ഒരു ദുരന്തം ഉണ്ടായാല്‍ അതിന്റെ പരിണിത ഫലവും അതിഭീകരമായിക്കും. ഇക്കാരണങ്ങള്‍കൊണ്ട് ഒക്കെ ഈ പദ്ധതിക്ക് അനുമതി കിട്ടാനുള്ള സാധ്യതും കുറവാണ്.
എന്നിരുന്നാലും ഗോയലിന്റെ സ്വപ്നങ്ങളെ തള്ളിക്കളയാന്‍ ആവില്ല. സൊമാറ്റോ എന്ന ആശയം അയാള്‍ പങ്കുവെച്ചപ്പോള്‍ കളിയാക്കിയവര്‍ ഏറെയാണ്. പക്ഷേ ഇന്ന് ഒറ്റ റസ്റ്റോറന്റ്പോലും വാങ്ങാതെ അയാള്‍ ആയിരിക്കണക്കിന് റസ്റ്റോറന്റുകളുടെ ഉടമയായി. ശതകോടീശ്വരനായി. അത്തരം ഒരു വ്യക്തിയുടെ ആശയങ്ങള്‍ വെറുതെയങ്ങ് തള്ളിക്കളയാനും ആവില്ല. ലോകത്തെ മാറ്റിമറിച്ച പല ആശയങ്ങളും തുടക്കത്തില്‍ ഭ്രാന്തന്‍ ആശയങ്ങളായിരിക്കുമല്ലോ!
വാല്‍ക്കഷ്ണം: വെറും ഒരു രൂപക്ക് പറക്കാമെന്ന പരസ്യവാചകവുമായി വന്ന എയര്‍ ഡെക്കാനെ ഈ അവസരത്തില്‍ മറക്കാന്‍ കഴിയില്ല. സാധാരണക്കാരനും വിമാന യാത്ര പ്രാപ്യമാവണം എന്ന ആശയംവെച്ച് പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ഗോപിനാഥിനെയും മറക്കാന്‍ കഴിയില്ല. അവര്‍ക്ക് കഴിയാഞ്ഞത്, ദീപീന്ദര്‍ ഗോയലിന് കഴിയുമോ എന്നതാണ് ചോദ്യം.