യുഎസ് പ്രസിഡന്റ് ആരാവണമെന്ന് തൊട്ട് ചന്ദ്രനിലെയും ചൊവ്വയിലെ കാര്യങ്ങള്‍ വരെ തീരുമാനിക്കാന്‍ കഴിയുന്ന മസ്‌ക്ക്; ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്‍; സുഡാന്‍ തൊട്ട് പാക്കിസ്ഥാന്‍ വരെ നീളുന്ന പട്ടിണി; ഇതിനിടയിലും തിളങ്ങുന്ന ഇന്ത്യ; 2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്

2024-ല്‍ ലോക സാമ്പത്തികരംഗത്ത് സംഭവിച്ചത്

Update: 2024-12-25 08:05 GMT

ലോകം, രണ്ടു യുദ്ധങ്ങളിലുടെ കടന്നുപോകുന്ന കാലം. പലപ്പോഴും മൂന്നാംലോകമഹായുദ്ധത്തിന്റെ കേളികൊട്ടെന്ന് മാധ്യമങ്ങള്‍ ഭയന്ന സംഭവങ്ങള്‍ ഉണ്ടായ കാലം. ബംഗ്ലാദേശിലും, സിറിയയിലും, സുഡാനിലും, പാക്കിസ്ഥാനിലും, എന്തിന് തെക്കന്‍ കൊറിയയില്‍പോലും രാഷ്ട്രീയ പ്രശ്നങ്ങളും, പ്രതിസന്ധികളും അസ്ഥിരതകളും ഉണ്ടായ കാലം. കേരളത്തിലെ കവികള്‍ പറയുന്നതുപോലെ ഒരു കെട്ടകാലത്തിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും വലിയ ഒരു മാന്ദ്യത്തിലേക്ക് പോകാതെ ആഗോള സാമ്പത്തിക രംഗം പിടിച്ചുനിന്ന ഒരു വര്‍ഷമായിരുന്ന 2024.

ഇസ്രയേലും ഹമാസും തമ്മിലും, റഷ്യയും യുക്രൈനും തമ്മിലും യുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പുടിന്റെ അതിര്‍ത്തി വിപുലീകരണ സ്വപ്നങ്ങള്‍ ഉണ്ടാക്കിയ യുക്രൈന്‍ യുദ്ധത്തിന്, ഗ്യാസിന്റെയും, പ്രെടോളിന്റെ വില വര്‍ധനവിലുടെയൊക്കെ ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വന്നു. അതുപോലെ ഹമാസ്- ഇസ്രയേല്‍ പോരിലേക്ക്, ലബനോണിലെ ഹിസ്ബുള്ളയും, യമനിലെ ഹൂതികളും എത്തുകയും, ഇറാന്റെ പരോക്ഷമായ പിന്തുണ ഉണ്ടാവുകയും ചെയ്തതോടെ ഇത് ഒരു മൂന്നാം ലോകമഹായുദ്ധമായി മാറുമോ എന്നുവരെ ഒരുവേള ചര്‍ച്ചയുണ്ടായിരുന്നു. എന്നും മാന്ദ്യകാലം കൂടിയാണ് യുദ്ധകാലം. എന്നിട്ടും, വലിയൊരു തകര്‍ച്ചയില്ലാതെ പിടിച്ചുനിന്നു എന്ന് മാത്രമല്ല, പലമേഖലകളിലും വലിയ രീതിയില്‍ വളരാനും പറ്റി. 2024-ലെ ആഗോള സാമ്പത്തിക രംഗത്തെ പ്രധാന കളിക്കാരെയും, സംഭവങ്ങളെയും കുറിച്ച് ഒരു അവലോകനം.

സുപ്പര്‍താരം മസ്‌ക്ക് തന്നെ!

ചന്ദ്രനിലും ചൊവ്വയിലും കോളനിവെച്ച് താമസിക്കുന്നത് തൊട്ട്, അമേരിക്കന്‍ പ്രസിഡന്റ് ആരാവണം എന്ന് തീരുമാനിക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കയാണ്, ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്ക്. 2024-ലെ ബിസിനസ് ലോകം അവലോകനം ചെയ്യുമ്പോള്‍ ഏറ്റവും കരുത്തനായ സൂപ്പര്‍ താരവും ഈ 50കാരന്‍ തന്നെ.

ചരിത്രത്തില്‍ മറ്റാരും നേടിയിട്ടില്ലാത്തവിധത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ആസ്തിയുള്ള ധനികനായി മസ്‌ക് മാറിയ വര്‍ഷമാണ് കടന്നുപോയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍, ആദ്യഘട്ടത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക്് കടുത്ത എതിര്‍പ്പായിരുന്നു. അന്ന് പിന്തുണയുമായി രംഗത്തെത്തിയ ഏക കോര്‍പ്പറേറ്റ് വ്യവസായി ഇലോണ്‍ മസ്‌കായിരുന്നു. ട്രംപിന്റെ മിക്കവാറും എല്ലാ നയങ്ങളോടും മസ്‌ക് യോജിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

ട്രംപിന്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനിയുടെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം, അദ്ദേഹത്തിന്റെ ആസ്തി 500 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചരിത്രത്തില്‍ ഇത്രയധികം പണം സമ്പാദിച്ച ആദ്യ മനുഷ്യന്‍ ഇലോണ്‍ മസ്‌ക് ആണെന്നും പറയപ്പെടുന്നു.




ലോകത്തിലെ ഏറ്റവും ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ സിഇഒയാണ് മസ്‌ക്. ഇലക്ട്രിക് വാഹനങ്ങളിലും സോളാര്‍ ബാറ്ററി ബിസിനസുകളിലും അദ്ദേഹത്തിന്റെ കമ്പനികള്‍ സജീവമാണ്. നാസ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായുള്ള കരാറിലൂടെ റോക്കറ്റുകളും അദ്ദേഹത്തിന്റെ സ്പേസ് എക്സ് എന്ന കമ്പനി നിര്‍മ്മിക്കുന്നു. സ്‌പേസ് എക്‌സിനെ നയിക്കുന്നതും മസ്‌ക് തന്നെ. മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളറിലെത്തിയതായി ഡിസംബര്‍ 11ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഈ ലക്ഷ്യം മറികടക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡും ഇലോണ്‍ മസ്‌ക്ക് സ്വന്തമാക്കി. ചൊവ്വയെയും ചന്ദ്രനിലും താമസിക്കാനുള്ള പദ്ധതികള്‍, മനുഷ്യന്റെ തലച്ചോര്‍ കമ്പ്യൂട്ടറുമായി ഘടിപ്പിക്കാന്‍ കഴിയുന്ന ന്യൂറാ ലിങ്ക് പരിപാടി, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങിയ വിവിധ കാര്യങ്ങളുമായി പരന്ന് കിടക്കയാണ് മസ്‌ക്കിന്റെ ബിസിസനസ് സാമ്രാജ്യം. ഈ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഇന്ത്യയിലെത്തുമ്പോള്‍, നമ്മുടെ ജിയോയുമായും, എയര്‍ടെല്ലുമായും കടുത്ത വ്യാപാര യുദ്ധം ഉണ്ടാവുമെന്നും ഉറപ്പാണ്.

കൃത്യമായ 'രാഷ്ട്രീയ നിക്ഷേപങ്ങളുമുള്ള' വ്യക്തിയാണ്, തീവ്രവലതുപക്ഷവാദിയായ മസ്‌ക്ക്. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ജര്‍മ്മനിയില്‍ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി, എന്ന എഎഫ്ഡി, അഭിപ്രായ സര്‍വേകളില്‍ രണ്ടാം സ്ഥാനത്താണ്. ഇലോണ്‍ മസ്‌ക്ക് അടക്കമുള്ള പ്രമുഖര്‍ എഎഫ്ഡി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മനിയില്‍ ഉണ്ടായ ക്രിസ്മസ് മാര്‍ക്കറ്റിലേക്കുള്ള ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍, ഒലാഫ് ഷോള്‍ഡ് കഴിവുകെട്ട വിഡ്ഡിയാണെന്നാണ്, മസ്‌ക്ക് കുറിച്ചത്. എഎഫ്ഡിക്കു മാത്രമേ ജര്‍മനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.

ബ്രിട്ടനിലും ടോറികള്‍ക്ക് പകരുമുള്ള പുതിയ വലതുപക്ഷ കക്ഷിക്ക് മസ്‌ക്ക് പിന്തുണ കൊടുത്തിട്ടുണ്ട്. ഒപ്പം അദ്ദേഹം ട്രംപിന്റെ കൂടെയുമുണ്ട്. അതിനിടെ ട്രംപിന്റെ പുതിയ ക്യാബിനറ്റില്‍ ഇലോണ്‍ മസ്‌ക്കിന് നിര്‍ണ്ണായക പദവിയുണ്ടാവുമെന്നും അറിയുന്നുണ്ട്. മസ്‌ക്കിനെ അമേരിക്കന്‍ പ്രസിഡന്റ് ആക്കണമെന്നും, വിവിധ കോണുകളില്‍നിന്ന് അഭിപ്രായം ഉയരുന്നുണ്ട്. പക്ഷേ അമേരിക്കയില്‍ ജനിക്കാത്തതുകൊണ്ട് മസ്‌ക്കിന് പ്രസിഡന്റാവാന്‍ കഴിയില്ല എന്നാണ്, ഈയിടെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പകുതി തമാശയും പകുതി കാര്യവുമായി ട്രംപ് പറഞ്ഞത്. മസ്‌ക്കിന്റെ വളര്‍ച്ചയില്‍ ട്രംപ്പോലും പേടിക്കുന്നുണ്ടെന്ന് ചുരുക്കം!

ഹുവാങ് തൊട്ടുള്ള പുതിയ പുലികള്‍

പക്ഷേ 2024-ല്‍ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയത് ഇലോണ്‍ മസ്‌കോ, മുകേഷ് അംബാനി, ഒന്നുമല്ല. ഇക്കണോമിക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജെന്‍സന്‍ ഹുവാങ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ലാറി എലിസന്‍, ജെഫ് ബെസോസ്, ജിം വാള്‍ട്ടണ്‍, ആലീസ് വാള്‍ട്ടണ്‍ ,മൈക്കല്‍ ഡെല്‍ എന്നിവരാണ് 2024 ല്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് സൃഷ്ടിച്ചവര്‍. ഇവയില്‍ സക്കര്‍ബര്‍ഗിന്റെയും ബോസോസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവരെ അധികം ആരും അറിയില്ല. പക്ഷേ ഭാവിയിലെ ആഗോള സാമ്പത്തിക ക്രമം നിയന്ത്രിക്കുന്നവരാണ് ഇവര്‍.

ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ സ്ഥാപകനും സിഇഒയുമാണ് ജെന്‍സന്‍ ഹുവാങ്. അദ്ദേഹത്തിന്റെ ആസ്തി ഈ വര്‍ഷംകുതിച്ചുയരുന്നതാണ് ലോകം കണ്ടത്. എന്‍വിഡിയയുടെ സ്റ്റോക്ക് ഏകദേശം 140% ഉയര്‍ന്നു. അതിന്റെ വിപണി മൂല്യം ഏകദേശം 2.9 ട്രില്യണ്‍ ഡോളറിലെത്തി. ഹുവാങ്ങിന്റെ ആസ്തി 100 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എ ഐ മേഖലയിലെ വളര്‍ച്ചയാണ് ഈ കമ്പനിക്ക് തുണയായത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ത്രെഡ് തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെറ്റയുടെ സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. എ ഐ, മെറ്റാവേര്‍സ് എന്നിവയിലെ നിക്ഷേപങ്ങളില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം നേടാനായി. മെറ്റ ഓഹരി ഈ വര്‍ഷം 48% വര്‍ധിച്ചു. സക്കര്‍ബര്‍ഗിന്റെ ആസ്തി ഏകദേശം 60 ബില്യണ്‍ ഡോളറിലേക്കാണ് കുതിച്ചത്.



ഒറാക്കിളിന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ലാറി എല്ലിസണും ഈ വര്‍ഷം ശതകോടികളുടെ ആസ്തിയുണ്ടാക്കി. ഒറാക്കിളിന്റെ ഓഹരി ഈ വര്‍ഷം 58% ഉയര്‍ന്നു. എഐ ബിസിനസുകള്‍ക്കായി ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ സൃഷ്ടിച്ചത് നേട്ടമായി. ഇത് എലിസന്റെ സമ്പത്ത് ഗണ്യമായി ഉയര്‍ത്തി.ആമസോണിന്റെ സ്ഥാപകനും മുന്‍ സിഇഒയും ജെഫ് ബെസോസിനും നല്ലവര്‍ഷമായിരുന്നു 2024. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 24% വര്‍ധിച്ചു. ആമസോണ്‍ വെബ് സേവനങ്ങളിലൂടെ എഐയെ വില്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്തിയത് നേട്ടമായി. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനുമുള്ള ആമസോണിന്റെ കഴിവ് നിക്ഷേപകരെ ആകര്‍ഷിച്ചു. ഇത് ബെസോസിന്റെ ആസ്തി വര്‍ധനയ്ക്ക് വഴിവച്ചു.




വാള്‍മാര്‍ട്ട് സ്ഥാപകനായ സാം വാള്‍ട്ടന്റെ ഇളയ മകനാണ് ജിം വാള്‍ട്ടനും ഇത് നേട്ടങ്ങളുടെ വര്‍ഷമാണ്. ഈ വര്‍ഷം വാള്‍മാര്‍ട്ടിന്റെ സ്റ്റോക്ക് 52% വര്‍ധിച്ചത് നേട്ടമായി. സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലുള്ള ശക്തമായ ഉപഭോക്തൃ ചെലവാണ് ഉത്തേജനത്തിന് കാരണം. വാള്‍ട്ടന്റെ ആസ്തി 100 ബില്യണ്‍ ഡോളറിലെത്തി. സാം വാള്‍ട്ടന്റെ ഏക മകളും. ജിം വാള്‍ട്ടന്റെ സഹോദരിയുമായ ആലീസ് വാള്‍ട്ടണാണ്, നിലവില്‍ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രി. ഓഗസ്റ്റിലാണ് ലോറിയല്‍ അവകാശി ഫ്രാന്‍കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സിനെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കിയത്. വാള്‍മാര്‍ട്ടിന്റെ ശ്രദ്ധേയമായ പ്രകടനമാണ് അവളുടെ സമ്പത്ത് വര്‍ധിക്കാനുള്ള കാരണം.

ഡെല്‍ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമാണ് മൈക്കല്‍ ഡെല്‍ ആണ്, ഈ വളരുന്ന സമ്പന്നരുടെ പട്ടികയില്‍ അവസാനമുള്ളത്. ഡെല്ലിന്റെ ഓഹരികള്‍ ഈ വര്‍ഷം 49 ശതമാനം ഉയര്‍ന്നതോടെ അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചു. എ ഐ പവര്‍ ചെയ്യുന്ന ഉപകരണങ്ങളിലേക്കും, സെര്‍വറുകളിലേക്കും കമ്പനി ചുവടുമാറ്റിയത് നേട്ടമായി. ഇത് ഡെല്ലിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തി. ഇങ്ങനെ നോക്കുമ്പോള്‍ ആഗോള സാമ്പത്തിക ലോകത്തെയും അടക്കി ഭരിക്കുന്നത് പുതിയ ആളുകളാണെന്ന് പറയേണ്ടിവരും.

ട്രംപിന്റെ റിവേഴ്സ് ഗ്ലോബലൈസേഷന്‍

യുഎസ് പ്രസിഡന്റ് എന്ന് പറഞ്ഞാല്‍ ഫലത്തില്‍ ലോകത്തിന്റെ അധിപന്‍ എന്നാണ് പറയുക. ചൈനയടക്കമുള്ള രാജ്യങ്ങള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇന്നും ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം അമേരിക്കതന്നെയാണ്. അമേരിക്ക പ്രൈഡ് എന്ന വികാരം ഉയര്‍ത്തി, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും എന്ന് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് അദ്ദേഹത്തെ ജയിപ്പിച്ചതും. തോക്കെടുക്കാതെ, നാക്കുകൊണ്ടുമാത്രം യുദ്ധം ചെയ്യുന്ന നേതാവ്! ഡൊണാള്‍ഡ് ട്രംപിനെ അങ്ങനെയാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. ട്രംപിന്റെ യുദ്ധങ്ങളെല്ലാം നാക്കുകൊണ്ടാണ്. ലോകപൊലീസ് ചമഞ്ഞ്, ഈ ഭൂമുഖത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി, സകല പ്രശ്നങ്ങളിലും തലയിട്ട്, അവസാനം അമേരിക്കക്ക് വന്‍ ധനനഷ്ടവും, സൈനികരുടെ ആള്‍ നാശവും ഉണ്ടാക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളയാളാണ് ട്രംപ്. പുടിനെപ്പോലെ യുദ്ധം ചെയ്ത് സാമ്പത്തിക മാന്ദ്യം വരുത്തിവെക്കാനല്ല, കൂടുതല്‍ ബിസിനസ് വര്‍ധിപ്പിക്കാനാണ്, കോടീശ്വരനായ ഈ മുന്‍ വ്യവസായി ശ്രമിക്കുന്നത്.

ചൈനയുമായി കടുത്ത വ്യാപാരയുദ്ധത്തിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഫലത്തില്‍ ഇത് ഒരു റിവേഴ്സ് ഗ്ലോബലൈസേഷനാണ്. തന്റെ രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക തീരുവ ഏര്‍പ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് ട്രംപ്. ഒരുകാലത്ത് അമേരിക്ക പരിധികളില്ലാത്ത ആഗോള വ്യാപാരത്തിനുവേണ്ടി വാദിച്ചിരുന്നവരാണ്. ഇപ്പോള്‍ അതേ ആഗോളീകരണം അവരെ തിരിഞ്ഞുകൊത്തുകയാണ്. ഇറക്കുമതി ചുങ്കങ്ങള്‍ ഏര്‍പ്പെടുത്തി ചൈനയെ തകര്‍ക്കാനാണ് അമേരിക്കയുടെ ഈ മേഖലയിലെ നയങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അമേരിക്കയില്‍ വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങളെ ആശ്രയിച്ച് പല വ്യവസായങ്ങളും നടക്കുന്നുണ്ട്. ഒറ്റയടിക്ക് ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചാല്‍ അത് അമേരിക്കയില്‍ വന്‍ വിലവര്‍ധനയ്ക്ക് വഴിതെളിക്കുമെന്ന് ആശങ്കയുണ്ട്. ട്രംപിന്റെ വരവോടെ ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ വിപണികളില്‍ വന്‍ ഉണര്‍വാണ്. നേരത്തെ ബൈഡന്റെ അടഞ്ഞ നയങ്ങളാണ് ഇവയെ പുറകോട്ട് വലിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.


ചൈന മാത്രമല്ല, ഇന്ത്യയടക്കമുള്ള ബ്രിക്സ് രാജ്യങ്ങളും ഡോളറിന്റെ ആധിപത്യത്തിനെതിരെ പൊരുതുന്നുണ്ട്. രാജ്യാന്തര വ്യാപാരത്തിനായി യു എസ് ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് ഒരു പൊതു കറന്‍സി സൃഷ്ടിക്കാന്‍ ബ്രിക്സ് കണ്‍സോര്‍ഷ്യം ശ്രമിക്കുന്നുണ്ട്. 'ഡീ-ഡോളറൈസേഷന്‍' എന്നറിയപ്പെടുന്ന ഈ പരിപാടി, പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥകളുടെയും ഉപരോധങ്ങളുടെയും സ്വാധീനം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. നിലവില്‍ ആഗോള വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ ഏകദേശം 58 ശതമാനവും അമേരിക്കന്‍ ഡോളറാണ്. ബ്രിക്സ് കറന്‍സി ഈ കുത്തക തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്.



എന്നാല്‍ ഈ പദ്ധതികളുമായി മുന്നോട്ട് പോയാല്‍ ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് 100% താരിഫ് ഏര്‍പ്പെടുത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ പ്രഖ്യാപനം ഡീ ഡോളറൈസേഷന്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ചുരക്കിപ്പറഞ്ഞാല്‍ ട്രംപിന്റെ കാലത്ത് ലോകം കാണാന്‍ പോവുന്നത് വ്യാപാര- വാണിജ്യ യുദ്ധങ്ങളാണെന്ന് ഉറപ്പാണ്.

സുഡാന്‍ തൊട്ട് പാക്കിസ്ഥാന്‍ വരെ നീളുന്ന പട്ടിണി

അതേസമയം ലോകത്തില്‍ ദാരിദ്രവും പട്ടിണിയും വര്‍ധിക്കുന്ന ഭാഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം, സുഡാനും, നൈജീരിയയും അടങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ലോകത്ത് വലിയ പ്രതിഫലനം ഉണ്ടാക്കിയ ആഭ്യന്തര കലഹമാണ് സുഡാനിലേത്. 2023 ഏപ്രില്‍ 15ന് തുടങ്ങിയ ആഭ്യന്തര സംഘര്‍ഷം രണ്ടാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതുവരെ കലാപ ഫലമായി 15,000 ആളുകള്‍ കൊല്ലപ്പെടുകയും 8.2 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയുമുണ്ടായെന്നാണ് കണക്കുകള്‍. ഛാഡ്, എത്യോപ്യ, ദക്ഷിണ സുഡാന്‍ എന്നീ തീര്‍ത്തും സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് പോലും ഏകദേശം രണ്ട് ദശലക്ഷം കുടിയിറക്കപ്പെട്ടുവെന്നാണ് കണക്ക്. 25 ദശലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥികളാകുമെന്നും ഇവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാന്‍ തയ്യാറാകണമെന്നും യുഎന്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകത്തെ ഏറ്റവും വലിയ പട്ടിണിയുടെ പ്രതിസന്ധിയാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.




സമാനമായ വാര്‍ത്തകളാണ് സിറിയയില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. 2011-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വര്‍ഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് സിറിയ സാക്ഷ്യം വഹിച്ചത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 500,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ വിമത സായുധ സംഘം സിറിയന്‍ ഭരണം പിടിച്ചെടുത്തിരിക്കയാണ്. പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടോടി റഷ്യയില്‍ അഭയം പ്രാപിച്ചു. ഇറാന്റെ പിന്തുണയുള്ള സിറിയന്‍ ഭരണകൂടം നിലംപതിച്ചതിനെ പാശ്ചാത്യ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഇറാനെതിരായ തങ്ങളുടെ ശക്തമായ നിലപാടാണ് സിറിയന്‍ സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് ഇസ്രയേലും അവകാശപ്പെടുന്നു. പക്ഷേ കടുത്ത മതമൗലികവാദികളായ പുതിയ ഭരണകര്‍ത്താക്കളെപേടിച്ച് ജനം നാടുവിടുകയാണ്.

അതുപോലെ ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പേരില്‍ അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഗസ്സയിലും, കുടിവെള്ളവും വൈദ്യുതിയുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനം ബുദ്ധിമുട്ടുകയാണ്. യുദ്ധം ഗ്രസിച്ച യുകൈന്രിലും സ്ഥിതി സമാനം. ഏഷ്യയിലേക്ക് വന്നാല്‍ അവിടെയും കാര്യങ്ങള്‍ സുഗമമല്ല. താലിബാന്‍ ഭരിക്കുന്ന അഫ്ഗാന്‍, തൊട്ട് ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തിലേറിയ ശ്രീലങ്കയില്‍വരെ അവസാനിക്കാത്ത സാമ്പത്തിക കുഴപ്പങ്ങളാണ്. നേപ്പാളിന്റെയും, പാക്കിസ്ഥാന്റെയും അവസ്ഥ ഭിന്നമല്ല. കരുതല്‍ ധനശേഖരം ഇടിഞ്ഞതോടെ പ്രെടോള്‍ തൊട്ട് തേയിലവരെ ഇറക്കുമതിചെയ്യാന്‍ കഴിയാതെ പാക്കിസ്ഥാനില്‍ ക്ഷാമവും, ദാരിദ്ര്യവുമാണ്. ഇതിനുപിന്നാലെ രാജ്യത്തെ കലുഷിതമാക്കി മതമൗലികവാദവും, രാഷ്ട്രീയ അസ്ഥിരതയും വേരുപിടിക്കയാണ്.



സാമൂഹിക സാമ്പത്തിക അസ്ഥിരതകളില്‍ പൊറുതിമുട്ടുന്നതിനിടെ ആയിരുന്നു മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ ഇസ്ലാമാബാദില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇമ്രാന്റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഇസ്ലാമാബാദില്‍ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. അവസാന ശ്വാസം വരെ പോരാടാന്‍ ഇമ്രാന്‍ ഖാന്‍ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രശ്നങ്ങള്‍ എല്ലാം കൂട്ടിവായിക്കുമ്പോള്‍, പാക്കിസ്ഥാന്‍ അടുത്തകാലത്തൊന്നും കരകയറുമെന്ന് തോനുന്നില്ല.

170 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നാലാമത്തെ വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശും സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കയാണ്. നേരത്തെ കുട്ടികളുടെ ഉടുപ്പിന്റെയൊക്കെ ആഗോള വിപണിയില്‍ വലിയ സ്വാധീനം ചെലുത്തിയ ബംഗ്ലാദേശിന് ഇപ്പോള്‍ ആ മേന്‍മയെല്ലാം നഷ്ടമായ അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ 76 കാരി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ എത്തിയ ആഭ്യന്തര സംഘര്‍ഷത്തിനുശേഷം, രാജ്യത്ത് കടുത്ത ന്യൂനപക്ഷ വേട്ടയുമാണ് നടക്കുന്നത്. നോബേല്‍ സമ്മാന ജേതാവ് ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍, മതമൗലികവാദികളുടെ കൈയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിമെച്ചപ്പെടുത്താന്‍ ഡോ യൂനുസിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ ആഗോള സാഹചര്യങ്ങള്‍ക്കിടയിലാണ്, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും നാം ഓഡിറ്റ് ചെയ്യേണ്ടത്.

എന്നിട്ടും ഇന്ത്യ തിളങ്ങുന്നു!

2024 ഇന്ത്യാക്കാരായ സമ്പന്നരുടെ വര്‍ഷം കൂടിയായിരുന്നു. ഇന്ത്യക്കാരായ സമ്പന്നരുടെ ആസ്തിയില്‍ 132 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായതെന്നനാണ്, യുബിഎസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി കഴിഞ്ഞ ദശകത്തില്‍ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 2023 ലെ 637.1 ബില്യണില്‍ നിന്ന് 2024 ല്‍ 905.6 ബില്യണ്‍ ഡോളറായി. ആഗോള ശരാശരിയേക്കാളും കൂടുതലാണിത്! 2024 ഏപ്രില്‍ വരെയുള്ള 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. അതേ കാലയളവില്‍, അവരുടെ കൂട്ടായ സമ്പത്ത് ഏകദേശം 3 മടങ്ങ് വര്‍ദ്ധിച്ചു.

കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയും 2024-ല്‍ അസാധാരണമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. സാമ്പത്തിക വളര്‍ച്ച, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി മുന്‍ഗണനകള്‍ എന്നി കാരണം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം 2024-ല്‍ 51% വര്‍ധിച്ചുവെന്നാണ് കണക്ക്. ചൈനയിലടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ തിരിച്ചടി നേരിടുന്ന സമയത്താണ് ഇതെന്ന് ഓര്‍ക്കണം

 



ഗൗതം അദാനിതന്നെയായിരുന്നു, പോയ വര്‍ഷവും ഇന്ത്യന്‍ ശതകോടീശ്വരന്‍മ്മാരില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഷോര്‍ട്ട് സെല്ലേഴ്സായ ഹിന്‍ഡന്‍ ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ വീണ്ടും, റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആദ്യഘട്ടത്തില്‍ കമ്പനിയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണിയിലടക്കമുണ്ടായ ഇടിവില്‍നിന്ന് ക്രമേണെ അദാനി കരകയറുന്ന കാഴ്ചയാണ് പോയ വര്‍ഷം കണ്ടത്. അതുപോലെ മുകേഷ് അംബാനിയും, മകന്‍ ആനന്ദ് അംബാനിയുടെ 5000 കോടി ചിലവിട്ടുള്ള വിവാഹത്തിലുടെയും മറ്റുമായി വാര്‍ത്തകളില്‍ നിറഞ്ഞു. സക്കര്‍ബര്‍ഗും, ബില്‍ഗേറ്റ്സും വരെ പങ്കെടുത്ത ഈ വിവാഹവും അങ്ങനെ ചരിത്രമായി. ഓഹരി വില വര്‍ധനയിലും മുകേഷ് അംബാനിക്ക് നേട്ടം സമ്മാനിച്ച വര്‍ഷമാണ് കടന്നുപോവുന്നത്. മുകേഷിന്റെ സഹോദരനും, ശതകോടീശ്വരനില്‍നിന്ന് പാപ്പരാവുകയും ചെയ്ത അനില്‍ അംബാനിയും, കഠിനാധ്വാനികളായ മക്കളുടെ പിന്‍ബലത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ്.




 


ഇന്ത്യയെ മൊത്തത്തില്‍ എടുത്താലും സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. ഇന്ത്യയുടെ ജിഡിപിയിലും, ആളോഹരി വരുമാനത്തിലും വര്‍ധനയുണ്ട്. ഇന്ന് ലോകത്തിലെ പ്രമുഖ സാമ്പത്തിക മാധ്യമങ്ങള്‍ ഇന്ത്യയെ വളരുന്ന ശക്തിയായി അംഗീകരിച്ചിരിക്കയാണ്. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും, ശ്രീലങ്കയും, ബംഗ്ലാദേശുമൊക്കെ പാപ്പരായി നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ മുന്നേറ്റം എന്നോര്‍ക്കണം.

അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയത്, ഇന്ത്യയെ എങ്ങനെ ബാധിക്കുമെ ന്നാണ്് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഡോളര്‍ ശക്തിപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമല്ല. ഇത് ഇന്ത്യയിലെ ഇറക്കുമതിക്കാരെ ബാധിക്കുമെങ്കിലും, കയറ്റുമതിക്കാര്‍ക്ക് വലിയ സാധ്യതയാണ്. ട്രംപിന്റെ വിജയം യുഎസ് ബോണ്ട് വരുമാനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയെപ്പോലുള എമര്‍ജിങ്ങ് ഓഹരി വിപണികളില്‍നിന്ന് അമേരിക്കന്‍ ബോണ്ടുകളിലേക്ക് പണം ഒഴുകാന്‍ സാധ്യതയുണ്ട്. പക്ഷേ ചൈനയുമായുള്ള അമേരിക്കയുടെ കടുത്ത വ്യാപാര യുദ്ധം ഇന്ത്യയുടെ സാധ്യതയാണ്്. നമ്മുടെ ഐടി കമ്പനികള്‍ക്ക് അടക്കം ഒരുപാട് അമേരിക്കന്‍ കരാറുകള്‍ കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട് ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്കും ട്രംപിന്റെ വരവ് ഉണര്‍വ് ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

യുഎസ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഊന്നല്‍ യുഎസില്‍ ലോഹങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കും. ഇത് സ്റ്റീല്‍, അലൂമിനിയം എന്നിവയിലെ ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണ്ണം വിപണിയും ശക്തമാവാനുള്ള സാധ്യതയും, ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ആശ്വസമുള്ളതാണ്.

വാല്‍ക്കഷ്ണം: ഈ ലോക സാമ്പത്തിക വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തിന്റെ ധനസ്ഥിതി ഒന്ന് അവലോകനം ചെയ്താല്‍ ഞെട്ടിപ്പോവും. കടത്തില്‍മേല്‍ കടം വാങ്ങുക, അതിന്റെ പലിശ വീട്ടാന്‍ പിന്നെയും കടം വാങ്ങുക. ലോകം അമ്പരത്തുപോവുന്നതാണ്, പിണറായിസത്തിന്റെ സാമ്പത്തിക സൂത്രം!


Tags:    

Similar News