മസാല കൂട്ട് തയ്യാറാക്കുന്നതിനിടെ അപകടം; ഷർട്ട് യന്ത്രത്തിൽ കുടുങ്ങി കറങ്ങി; തലകുത്തി മറിഞ്ഞു; നിലവിളിച്ചിട്ടും രക്ഷിക്കാൻ സാധിച്ചില്ല; ദൃശ്യങ്ങൾ പുറത്ത്; 19കാരന് ദാരുണാന്ത്യം; സംഭവം മുംബൈയിൽ
മുംബൈ: ഭക്ഷണ വിഭവം തയ്യാറാക്കാനുള്ള വെപ്രാളത്തിനിടെ 19- കാരന് ദാരുണാന്ത്യം. ചൈനീസ് ഭേൽ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തിൽ കുടുങ്ങിയാണ് 19കാരൻ അതിദാരുണമായി മരിച്ചത്. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ സൂരജ് നാരായൺ യാദവ് മരിച്ചത്.
ചെറുകിട ഭക്ഷണ ശാലയിലെ ജീവനക്കാരനായിരുന്നു 19കാരൻ. ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്യുകയായിരുന്ന യുവാവ് മസാല തയ്യാറാക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
യന്ത്ര സഹായത്തോടെ മസാല തയ്യാറാക്കാനുള്ള ശ്രമത്തിനിടെ യന്ത്രം പ്രവർത്തിക്കുമ്പോൾ തന്നെ സുരക്ഷാ ഉപകരണങ്ങളൊന്നും കൂടാതെ വെറും കൈ ഉപയോഗിച്ച് മസാല ഇളക്കാൻ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
യുവാവ് ഒന്നിലേറെ തവണ മസാല ഇളക്കാൻ ശ്രമിക്കുന്നതും ഗ്രൈൻഡറിലേക്ക് തലകുത്തി വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. സംഭവത്തിൽ സ്ഥാപനം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.