'യു.കെ സർക്കാറിന്റെ ഔദ്യോഗിക സ്ഥാപനമാണ്'; മൊബൈൽ ഫോണോ ലാപ്ടോപോ ഉണ്ടെങ്കിൽ വലിയ വരുമാനം നേടാം; ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 41കാരന് നഷ്ടമായത് 30ലക്ഷം രൂപ
മംഗളൂരു: ഉയർന്ന വരുമാനം ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ്. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ ഉഡുപ്പി സ്വദേശിയായ സി. ചന്ദ്രകാന്ത് (41) എന്നയാൾക്ക് 29,68,973 രൂപ നഷ്ടപ്പെട്ടതായി പരാതി. സൈബർ ഇക്കണോമിക് ആൻഡ് നാർകോട്ടിക് (സി.ഇ.എൻ) ക്രൈം പോലീസ് സ്റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്.
സെപ്റ്റംബർ 11-ന് ടെലിഗ്രാം വഴി ബന്ധപ്പെട്ട '@Anjana_198_off' എന്ന ഹാന്റിൽ ഉപയോഗിക്കുന്നയാൾ, യു.കെ സർക്കാറിന്റെ ഔദ്യോഗിക സ്ഥാപനമായ റോയൽ മിന്റിനെ പ്രതിനിധാനംചെയ്യുന്നതായി അവകാശപ്പെട്ട അയാൾ സ്വർണം, വെള്ളി എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന വരുമാനം ലഭിക്കുമെന്നു പറഞ്ഞു. മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ് ഉപയോഗിച്ച് പ്രതിദിനം 1500 മുതൽ 5000 രൂപ വരെ നേടാമെന്നായിരുന്നു വാഗ്ദാനം.
ഇതനുസരിച്ച് ചന്ദ്രകാന്ത് സമ്മതിച്ചപ്പോൾ, റോയൽ മിന്റ് പ്ലാറ്റ്‌ഫോമിലേക്കുള്ള ലിങ്ക് നൽകി. തുടർന്ന് സെപ്റ്റംബർ 18 നും ഒക്ടോബർ 10 നും ഇടയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 29,68,973 രൂപ കൈമാറി. എന്നാൽ, വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ല. താൻ വഞ്ചിതനായെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ചന്ദ്രകാന്ത് പോലീസിനെ സമീപിച്ചത്.