ബിഹാറിൽ 'ജിവിത്പുത്രിക' ഉത്സവത്തിനിടെ 43 പേർ മുങ്ങി മരിച്ചു; മരണപ്പെട്ടവരിൽ 37 കുട്ടികളും; ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Update: 2024-09-26 10:56 GMT

പട്‌ന: ബിഹാറിലെ പ്രശസ്തമായ 'ജിവിത്പുത്രിക' ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പുണ്യസ്നാനത്തിൽ നിരവധി പേർ മുങ്ങി മരിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി നദികളിലും കുളങ്ങളിലും പുണ്യസ്നാനം നടത്തുന്നതിനിടെ 37 കുട്ടികളടക്കം 43 പേർ മുങ്ങി മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബുധനാഴ്ച നടന്ന ഉത്സവത്തിനിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തമുണ്ടായത്.

“ഇതുവരെ ആകെ 43 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ തിരച്ചിൽ തുടരുകയാണ്'', ദുരന്ത നിവാരണ വകുപ്പ് (ഡിഎംഡി) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി നടത്തുന്ന ചടങ്ങാണിത്. വിശ്വാസപ്രകാരം അമ്മമാർ ഉപവാസമനുഷ്ടിക്കുകയും ശേഷം കുട്ടിയുമായി പുണ്യസ്നാനം നടത്തുകയും ചെയ്യുന്നു.

പടിഞ്ഞാറ് ചമ്പാരൻ, നളന്ദ, ഔറംഗബാദ്, കൈമൂർ, ബക്‌സർ, സിവാൻ, റോഹ്താസ്, സരൺ, പട്‌ന, വൈശാലി, മുസാഫർപൂർ, സമസ്തിപൂർ, ഗോപാൽഗഞ്ച്, അർവാൾ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഔറംഗാബാദ് ജില്ലയിൽ രണ്ട് വ്യത്യസ്ത ​​ഗ്രാമങ്ങളിലായി എട്ടു കുട്ടികളും മരിച്ചവരിൽപെടും. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ട എട്ട് പേരുടെ കുടുംബാംഗങ്ങൾക്ക് ഇതിനകം ധനസഹായം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Tags:    

Similar News