ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ക്ക് വീരമൃത്യു; കുത്രു-ബെദ്ര റോഡിലൂടെ ജവാന്മാരുടെ വാഹനം കടന്നുപോകുമ്പോള്‍ ഐഇഡി പൊട്ടിത്തെറിച്ചു; സ്‌കോര്‍പിയോ എസ് യു വിയില്‍ ഉണ്ടായിരുന്നത് 20 ജവാന്മാര്‍; ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം
ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 ജവാന്മാര്‍ക്ക് വീരമൃത്യു
ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച വാഹനം വിദൂര നിയന്ത്രിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
ബസ്തര്‍ മേഖലയിലെ കുത്രുവില്‍ ജവാന്മാര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ എസ് യു വിക്ക് നേരേയാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് സംഭവം. സൈനിക സംഘം ഒരു ദൗത്യം പൂര്‍ത്തിയാക്കി മടങ്ങവേയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. കുത്രു ബെദ്രെ റോഡില്‍ സ്‌ഫോടകവസ്തു സ്ഥാപിച്ച് വാഹനം കടന്നു പോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ വാഹന ഡ്രൈവറാണ്. 20 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് ബസ്തര്‍ റെയ്ഞ്ച് ഐജി പി.സുന്ദര്‍ രാജ് പറഞ്ഞു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകൡ കടന്നുകയറി വിമതരെ സൈന്യം അമര്‍ച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാവോയിസ്റ്റുകളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്ന് ബസ്തറിലെ ബിജെപി എംപി മഹേഷ് കശ്യപ് പ്രതികരിച്ചു. ' നമ്മുടെ ജവാന്മാര്‍ മാവോയിസ്റ്റുകളെ തുരത്തി വരികയാണ്. അതിനിടെ, നിരാശ പൂണ്ടാണ് ഈ ദൗര്‍ഭാഗ്യകരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. 2026 ഓടെ ബസ്തറില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ജവാന്മാരുടെ വീരമൃത്യുവിന് പകരം ചോദിച്ചിരിക്കും'- മഹേഷ് കശ്യപ് പറഞ്ഞു.