വിവാഹശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നവദമ്പതികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം; കാലനായത് മൂടൽ മഞ്ഞ്; കണ്ണീരോടെ നാട്ടുകാർ; സംഭവം ഉത്തർപ്രദേശിൽ

Update: 2024-11-16 07:45 GMT

ലക്നൗ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികൾ അടക്കം ഏഴ് പേ‍ർ കൊല്ലപ്പെട്ടു. ശക്തമായ മൂടൽ മഞ്ഞ് കാരണമാണ് അപകടം സംഭവിച്ചത്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് ദാരുണമായ സംഭവം നടന്നത്. വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് മടങ്ങി വരവേ ആയിരുന്നു അപകടം. ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.

ശനിയാഴ്ച പുലർച്ചെ ദേശീയപാത 74ൽ ആണ് അപകടം സംഭവിച്ചത്. പുലർച്ചെ ശക്തമായ മൂടൽ മഞ്ഞായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കഴി‌ഞ്ഞ ദിവസം വൈകുന്നേരം ജാർഖണ്ഡിൽ വെച്ച് വിവാഹിതരായ നവദമ്പതികൾ ബിജ്നോറിലെ ധാംപൂരിലുള്ള തങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് മടങ്ങിയത്.

ദേശീയ പാതയിലൂടെ സഞ്ചരിക്കവെ റോഡിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് ലേൻ മാറിയെത്തിയ ഒരു കാർ ഓട്ടോറിക്ഷയിലേക്ക് അമിതവേഗതയിലെത്തി ഇടിച്ചുകയറുകയായിരുന്നു. മൂടൽ മഞ്ഞ് കാരണം ഡ്രൈവ‍ർമാർക്ക് കാഴ്ച നഷ്ട്ടപെടുകയായിരുന്നു. നവദമ്പതികളും അവരുടെ കുടുംബത്തിലെ മറ്റ് നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവ‍ർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ മരിച്ചവർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News