മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ചു തിരിച്ചു; യുവാവിനു മസ്തിഷ്‌കാഘാതം: വ്യാപക ബോധവല്‍ക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധര്‍

മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ചു തിരിച്ചു; യുവാവിനു മസ്തിഷ്‌കാഘാതം

Update: 2024-10-01 03:45 GMT

ബെംഗളൂരു: മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്‌കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവല്‍ക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധര്‍. തലമുടി വെട്ടുന്നതിനിടെയാണ് മസാജ് എന്ന പേരില്‍ കഴുത്ത് തിരിച്ചത്. വൈറ്റ്ഫീല്‍ഡിലെ സലൂണില്‍ കഴിഞ്ഞ ദിവസം മുടിവെട്ടാന്‍ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദുരനുഭവമുണ്ടായത്. മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു.

വീട്ടിലെത്തിയതോടെ യുവാവിന്റെ നാവു കുഴഞ്ഞു. ഇടതു കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണു മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ച് പ്രത്യേക രീതിയില്‍ ഒടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്.

രക്തക്കുഴലുകള്‍ക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ചികിത്സ തേടണം. ജീവനക്കാര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു.

Tags:    

Similar News