അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു; ആറുപേരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ മരിച്ചു
ഗുവാഹത്തി: അസമില്‍ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി കുടുങ്ങിപോയ ഒമ്പതു തൊഴിലാളികളില്‍ മൂന്നുപേര്‍ മരിച്ചു. ബാക്കി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്.
ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 26നും 57നും ഇടയില്‍ പ്രായമുള്ള ഒമ്പതുപേരാണ് ഖനിയില്‍ കുടുങ്ങിയത്. ഒറ്റപ്പെട്ട മലയോര പ്രദേശമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതിലാകാന്‍ ഏറെ വൈകിയതാണ് തിരിച്ചടിയായത്. മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട്.
എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അറിയിച്ചിരുന്നു. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഇവിടെ തൊഴിലാളികള്‍ ഖനനം നടത്തുന്നത്. 'റാറ്റ് ഹോള്‍ മൈനിങ്' എന്ന പേരിലറിയപ്പെടുന്ന ഈ ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.
ഖനിക്കുള്ളില്‍ മൂന്നു മൃതദേഹങ്ങള്‍ കാണുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പുറത്തെടുക്കാനായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കുഴിയുടെ ആഴവും വെള്ളം നിറഞ്ഞതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നതെന്ന് എന്‍.ഡി.ആര്‍.എഫ് ഓപറേഷന്‍ കമാന്‍ഡ് കുല്‍ദീപ് ശര്‍മ പറഞ്ഞു. അസ്സം-മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്നാണ് അപകടം നടന്ന സ്ഥലം. 2018ല്‍ മേഘാലയയിലെ ജയ്ന്തിയ മലകളിലെ ഖനിയിലുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്.