മമത ബാനാര്‍ജി ലക്ഷദ്വീപിനേയും ലക്ഷ്യമിടുന്നു; എന്‍സിപിയിലെ ഇരു വിഭാഗവും ലയിച്ചാല്‍ അസംതൃപ്തരായ മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം; ബിജെപി യിലെ അഭിപ്രായ ഭിന്നതയില്‍ മുതലെടുപ്പ് നടത്താന്‍ ഘടക കക്ഷികളും

Update: 2025-01-15 08:22 GMT

കവരത്തി : പിവി അന്‍വറിന് ചുമതല നല്‍കി കേരളത്തില്‍ സംഘടന കെട്ടിപടുക്കാന്‍ നോക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലക്ഷദ്വീപിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇരു എന്‍സിപികളുടേയും ലയന ചര്‍ച്ചകള്‍ സജീവമാകുന്നതും മമതയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. അജിത് പവാര്‍ പക്ഷ എന്‍.സി പി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായതിനാല്‍ തന്നെ ബി ജെ പി വിരോധമുള്ളവരെ ഒപ്പം നിര്‍ത്താനാകുമെന്നാണ് മമത ബാനര്‍ജിയുടെ കണക്ക് കൂട്ടല്‍ .

അതേസമയം ബിജെപിയിലെ അഭിപ്രായ ഭിന്നതയില്‍ മുതലെടുപ്പ് നടത്താനുള്ള നീക്കം എന്‍ഡിഎയിലെ ഘടകകക്ഷികളും നടത്തുന്നുണ്ട് . ബി ജെ പി അദ്ധ്യക്ഷ സ്ഥാനത്ത് കെ.എന്‍ കാസ്മി കോയ തുടരാനെടുത്ത തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. ചില നേതാക്കളെ നേതൃത്വം ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുന്നെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ പല വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കുന്നത് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം ബിജെപിയിലെ ഭിന്നതയില്‍ മുതലെടുപ്പ് നടത്താന്‍ ജെഡിയുവും അജിത് പവാര്‍ നേതൃത്വനേതൃത്വം നല്‍കുന്ന എന്‍സിപിയും നീക്കം ശക്തമാക്കി.

അതിനിടെ ബി ജെ പി യിലെ അസംതൃപ്തരെ ലക്ഷ്യം വെച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസും ) രംഗത്ത് വന്നിട്ടുണ്ട് . പാര്‍ട്ടി കേരള ഘടകം അദ്ധ്യക്ഷന്‍ ആര്‍.കെ നായര്‍ക്കാണ് ലക്ഷദ്വീപിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല . ജനുവരി അവസാനത്തോടെ ലക്ഷദ്വീപ് ഘടകത്തിന് അടിത്തറ പാകാനാണ് ലോക് ജന ശക്തിയുടെ ശ്രമം

Similar News