''അമരൻ ആണോ വേട്ടയ്യൻ ആണോ തിയേറ്ററിൽ''; ആശുപത്രിയിലെത്തി ജീവനക്കാരനോട് തീയേറ്ററിലേക്കുള്ള വഴി ചോദിച്ചു; ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വഴി കാണിച്ച ജീവനക്കാരനെ പരിഹസിച്ച് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു; യുവാക്കൾക്കെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ രോഗികളെന്ന വ്യാജേനെ എത്തി പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ. ബീർ മുഹമ്മദ് (30) ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി സർക്കാർ ആശുപത്രിയിൽ ആണ് സംഭവം.
ചെങ്കോട്ട സ്വദേശികളായ രണ്ട് പേരെത്തി ജീവനക്കാരെ പറ്റിക്കുകയായിരുന്നു. കൈ ഒടിഞ്ഞതാണെന്ന് തോന്നിക്കുന്ന രീതിയിൽ കെട്ടിവെച്ചാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ശേഷം ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയിൽ കാണാം.
ഓപ്പറേഷൻ തിയേറ്ററിനെക്കുറിച്ചാണ് ഇവർ ചോദിക്കുന്നത് കരുതി ജീവനക്കാരൻ വഴി കാണിച്ചു കൊടുക്കുന്നുമുണ്ട്. എന്നാൽ അപ്പോൾ പരിഹാസത്തോടെ ഇവർ നൽകുന്ന മറുപടി കേൾക്കുന്നതോടെയാണ് ഇത് പ്രാങ്ക് ആണെന്ന് ജീവക്കാരന് മനസ്സിലാകുന്നത്.
ഓപ്പറേഷൻ തീയറ്ററിലേക്കുള്ള വഴി കാണിച്ച് കൊടുക്കുന്ന ജീവനക്കാരനോട് അമരൻ ആണോ വേട്ടയാൻ ആണോ തിയേറ്ററിൽ ഉണ്ടാവുക എന്നായിരുന്നു സംഘം ചോദിച്ചത്. വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ പോലീസ് കേസെടുത്തു. സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറുക, രോഗികൾക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.