വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു, അനാവശ്യമായി സ്പര്‍ശിച്ചുവെന്ന് പരാതി; യുപിയില്‍ പ്രധാനാധ്യാപകനെതിരെ കേസ്
വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയില്‍ വിദ്യാര്‍ഥിനികളെ അശ്ലീല ദൃശ്യം കാണിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പ്രധാനാധ്യാപകനെതിരെ കേസെടുത്തു. സര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ച ലാപ്ടോപില്‍ നിന്നാണ് ഇയാള്‍ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളെ കാണിച്ചത്. നന്ദലാല്‍ സിങെന്നാണ് ഇയാളുടെ പേര്.
വിദ്യാര്‍ത്ഥിനികള്‍ വീട്ടിലെത്തി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് വിഷയം പൊലീസിന് മുന്നിലെത്തിയത്. ക്ലാസ്റൂമില്‍ വച്ചാണ് പ്രധാനാധ്യാപകന്‍ ദൃശ്യങ്ങള്‍ കാണിച്ചതെന്നും ഇതിനെതിരെ പ്രതികരിച്ചതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിവരമറിഞ്ഞ രക്ഷിതാക്കള്‍ ആദ്യം സ്‌കൂളിലെത്തി പ്രധാനാധ്യാപകനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇയാളെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.