സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നില്ല; വാര്‍ത്തകള്‍ തളളി ബോര്‍ഡ്; ഫലം പ്രസിദ്ധീകരിക്കുക അടുത്ത ആഴ്ച്ചയോടെ

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്നില്ല;

Update: 2025-05-02 07:33 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണം സിബിഎസ്ഇ ബോര്‍ഡ് തളളി. ഫലപ്രഖ്യാപിക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയില്‍ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

'മുന്‍വര്‍ഷങ്ങളില്‍ പിന്തുടരുന്ന രീതി അനുസരിച്ച്, സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങള്‍ 2025 മേയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് 13ന് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷവും സമാനമായ ഒരു സമയക്രമം പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ നടക്കുന്ന പ്രചാരണം തെറ്റാണ്'-ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.ഈ വര്‍ഷം ആകെ 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്.

പത്താം ക്ലാസില്‍ ഏകദേശം 24.12 ലക്ഷം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ ഏകദേശം 17.88 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. രണ്ട് ക്ലാസുകളുടെയും പരീക്ഷാഫലം ഒരേ ദിവസം പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. ഫലപ്രഖ്യാപനം നടന്നുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് താല്‍ക്കാലിക മാര്‍ക്ക് ഷീറ്റുകള്‍ ഓണ്‍ലൈനായി പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. യഥാര്‍ത്ഥ മാര്‍ക്ക് ഷീറ്റുകള്‍ സ്‌കൂളുകള്‍ വഴി ലഭ്യമാകും.

Tags:    

Similar News