ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; പണം അനുവദിച്ചത് പ്രത്യേക മേഖലകള്‍ക്കോ മറ്റു പദ്ധതികള്‍ക്കോ അല്ല; ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം
ന്യൂഡല്‍ഹി: ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക മേഖലകള്‍ക്കോ മറ്റു പദ്ധതികള്‍ക്കോ ആയിട്ടല്ല പണം അനുവദിച്ചത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. 15 സംസ്ഥാനങ്ങള്‍ക്കായി 1115.67 കോടി രൂപയാണ് ഇത്തരത്തില്‍ അനുവദിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്.
കര്‍ണാടകത്തിന് 72 കോടിയും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കൂടാതെ, അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ് തീരുമാനമെടുത്തത്.
തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് തീരുമാനമെടുക്കാം. ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങള്‍ക്കായി 21476 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ദുരന്ത പ്രതിരോധ പരിശീലനത്തിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കും 115.67 കോടി രൂപ അനുവദിച്ചു. ഏഴ് നഗരത്തില്‍ പ്രളയ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ 3075.65 കോടി രൂപ ഇതേ സമിതി അനുവദിച്ചിരുന്നു.വയനാട് പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് നേരത്തേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.