മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സംഭവം; ഉത്തർപ്രദേശിലെ സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം
പ്രയാഗ്രാജ്: കഴിഞ്ഞ വർഷമാണ് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവം നടന്നത്. മുസഫർ നഗറിലെ നേഹ പബ്ലിക് വിദ്യാലയത്തിലെ അധ്യാപികയായിരുന്നു തൃപ്ത ത്യാഗി. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു.
കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇപ്പോഴിതാ, പോക്സോ കോടതിക്ക് മുൻപാകെ കീഴടങ്ങിയ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം ലഭിച്ചു. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം നടന്നത്. നേരത്തെ നവംബർ 23ന് അലഹബാദ് ഹൈക്കോടതി അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപികയുടെ ഹർജി തള്ളിയ കോടതി രണ്ട് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃപ്ത ത്യാഗി എന്ന അധ്യാപിക പോക്സോ കോടതിയിൽ ഹാജരായി സാധാരണ രീതിയിൽ ജാമ്യം നേടിയത്.