പുലർച്ചെ ശങ്ക തീർക്കാൻ ശുചിമുറിയിൽ കയറി; ആശുപത്രിയിലെ ഹോസ്റ്റലിലെ ക്ലോസറ്റിൽ കണ്ടത് മുട്ടനൊരു അതിഥിയെ; ആകെ പേടിച്ചുപോയ ഡോക്ടർ ചെയ്തത്; വൈറലായി വീഡിയോ
ജയ്പൂർ: ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റൽ മുറിയിൽ മൂർഖൻ. ടോയ്‌ലറ്റ് ക്ലോസറ്റിൽ പത്തി വിടർത്തി കണ്ടെത്തിയ വിഷപ്പാമ്പിനെ തുരത്താൻ ശ്രമിച്ച ഡോക്ടർമാർ പരിഭ്രാന്തിയിലായി. ഒടുവിൽ പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് ഭീകരനായ അതിഥിയെ പിടികൂടിയത്.
രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയുടെ പരിസരത്തുള്ള പിജി ഹോസ്റ്റലിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. റെസിഡന്റ് ഡോക്ടറായ മുദിത് ശർമ്മയാണ് ടോയ്‌ലറ്റിൽ ക്ലോസറ്റിനുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ ആദ്യം കണ്ടത്. തുടർന്ന് പരിഭ്രാന്തനായ അദ്ദേഹം സഹപ്രവർത്തകരെ വിവരം അറിയിച്ചു.
മറ്റ് ഡോക്ടർമാർ ചേർന്ന് ടോയ്‌ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് പാമ്പിന് നേരെ വെള്ളം ചീറ്റിച്ചു. എന്നാൽ, പാമ്പ് ക്ലോസറ്റിൽ നിന്ന് പുറത്തേക്ക് വന്ന് ടോയ്‌ലറ്റ് സീറ്റ് വഴി തറയിലേക്ക് ഇറങ്ങി. ടോയ്‌ലറ്റ് പൈപ്പ് വഴിയാണ് പാമ്പ് മുറിയിൽ എത്തിയതെന്നാണ് നിഗമനം.
അടിയന്തരമായി പാമ്പുപിടുത്തക്കാരനെ വിവരമറിയിച്ചു. ഗോവിന്ദ് ശർമ്മ എന്ന പാമ്പുപിടുത്തക്കാരൻ സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ ചാക്കിലാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.