എ.എ.പിയെ ജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല; 15 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡല്‍ഹിയെന്ന് സുപ്രിയ ശ്രീനാതെ

എ.എ.പിയെ ജയിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല

Update: 2025-02-08 06:07 GMT

ന്യൂഡല്‍ഹി: എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.

ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ ഞങ്ങള്‍ അന്വേഷിക്കുകയും അവ കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യും. 15 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡല്‍ഹി. മികച്ച പ്രചാരണം നടത്തി ഡല്‍ഹിയില്‍ ശക്തമായി മത്സരിക്കുകയെന്ന കര്‍ത്തവ്യമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളതെന്നും സുപ്രിയ പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മത്സരിച്ചു. ഗോവയിലും ഉത്തരാഖണ്ഡിലും ഞങ്ങളും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസവും എ.എ.പിക്ക് കിട്ടിയ വോട്ടും നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഇല്ലായിരുന്നുവെങ്കില്‍ രണ്ടിടത്തും കോണ്‍ഗ്രസിന് ബി.ജെ.പിയെ മറികടക്കാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. 40ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. എ.എ.പിയുടെ നേട്ടം 30ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങി.

Tags:    

Similar News