'ഹാപ്പി മാരീഡ് ലൈഫ്' എന്ന് ഉറക്കെ വിളിച്ചുപറയുന്ന ആ സ്‌കൂൾ ബസിൽ ഉണ്ടായിരുന്ന കുട്ടികൾ; എല്ലാം കൗതുകത്തോടെ നോക്കി നിന്ന് നവദമ്പതികൾ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഒരു വിവാഹ ഹാളിലേക്ക് നടന്നടുക്കുകയായിരുന്ന നവദമ്പതികൾക്ക് സ്‌കൂൾ ബസിലെ കുട്ടികൾ ഒരേ സ്വരത്തിൽ വിവാഹ മംഗളാശംസകൾ നേർന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അപ്രതീക്ഷിതമായി ലഭിച്ച ഈ സ്നേഹപ്രകടനം ദമ്പതികളെ അത്ഭുതപ്പെടുത്തുകയും നിരവധി പേരുടെ ഹൃദയം കവരുകയും ചെയ്തു.
വൈറൽ ദൃശ്യങ്ങളിൽ, വരനും വധുവും തങ്ങളുടെ വിവാഹം നടക്കുന്ന ഹാളിലേക്ക് നടന്നുപോകുന്നതാണ് കാണുന്നത്. ഈ സമയം അതുവഴി കടന്നുപോയ ഒരു സ്‌കൂൾ ബസിലെ കുട്ടികൾ ഒന്നടങ്കം ജനാലയിലൂടെ പുറത്തേക്ക് നോക്കി 'ഹാപ്പി മാരീഡ് ലൈഫ്' എന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് ലഭിച്ച ഈ സ്നേഹപ്രകടനം ദമ്പതികൾക്ക് അവിസ്മരണീയമായ നിമിഷങ്ങളായി മാറി.
ഹിമ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "ദൈവം ചിലപ്പോൾ കുഞ്ഞുങ്ങളിലൂടെയായിരിക്കും തന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. ഏറ്റവും ശുദ്ധമായ ഹൃദയങ്ങളിൽ നിന്നാണ് ഏറ്റവും വലിയ അനുഗ്രഹങ്ങൾ വരുന്നത്. ആ നിമിഷം ക്യാമറയിൽ പകർത്താൻ പോലും എനിക്ക് സാധിച്ചില്ല, അത്രയും പെട്ടെന്നായിരുന്നു അത് സംഭവിച്ചത്" എന്ന് ഹിമ വീഡിയോയ്ക്കൊപ്പം കുറിച്ചു. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പോകുന്ന നിമിഷമാണിതെന്നും അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്തെത്തി. "പണം കൊടുത്താൽ വാങ്ങാൻ കിട്ടാത്ത അനുഗ്രഹമാണിത്" എന്ന് ഒരാൾ കുറിച്ചു. "കുട്ടികൾക്ക് നിഷ്കളങ്കമായ ഹൃദയമാണുള്ളത്, ഈ ദൃശ്യം കണ്ടപ്പോൾ രോമാഞ്ചം വന്നു" എന്നും "ദാമ്പത്യ ജീവിതത്തിന് ഇതിലും നല്ലൊരു തുടക്കം ലഭിക്കാനില്ല" എന്നും മറ്റു ചിലർ കമന്റ് ചെയ്തു. നിഷ്കളങ്കമായ സ്നേഹത്തിന്റെ ഈ ദൃശ്യം, പ്രത്യേകിച്ചും നവദമ്പതികൾക്ക് ലഭിച്ച ആശംസകൾ, സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചാവിഷയമായി തുടരുകയാണ്.