ബ്ലൗസ് തയ്ച്ചു നൽകാൻ തുണിയും അഡ്വാൻസ് തുകയും നൽകി; വിവാഹ ദിവസമായിട്ടും ബ്ലൗസ് തയ്ച്ചു നൽകിയില്ല; കൈപ്പറ്റിയ പണം 7% പലിശയോടെ തിരികെ നൽകണമെന്ന് തയ്യൽക്കാരനോട് കോടതി
അഹമ്മദാബാദ്: വിവാഹ ആവശ്യത്തിനായി നൽകിയ ബ്ലൗസ് നിശ്ചിത സമയത്ത് തയ്ച്ചു നൽകാത്ത തയ്യൽക്കാരന് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പരാതിക്കാരിയായ യുവതിക്ക് ബ്ലൗസ് ലഭിക്കാത്തതിനാൽ കമ്മീഷൻ യുവതിയുടെ ഭാഗം മാത്രം കേട്ട് വിധി പ്രസ്താവിക്കുകയായിരുന്നു.
നവരംഗ്പുര സ്വദേശിനിയായ യുവതി, ബന്ധുവിന്റെ വിവാഹത്തിനായി ബ്ലൗസ് തയ്ക്കാൻ 2024 നവംബറിൽ സിജി റോഡിലെ ഒരു തയ്യൽക്കാരനെ സമീപിക്കുകയായിരുന്നു. 4,395 രൂപ മുൻകൂറായി നൽകി. ഡിസംബർ 24-ന് നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് ബ്ലൗസ് ലഭ്യമാകുമെന്ന് യുവതി പ്രതീക്ഷിച്ചു. എന്നാൽ, ഡിസംബർ 14-ന് തയ്യൽക്കടയിൽ എത്തിയപ്പോഴാണ് ബ്ലൗസ് തുന്നിയിട്ടില്ലെന്ന് യുവതിക്ക് മനസ്സിലായത്. അപ്പോൾ നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ, വിവാഹ ദിവസവും ബ്ലൗസ് ലഭിച്ചില്ല. തുടർന്ന് യുവതി അഹമ്മദാബാദ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (അഡീഷണൽ) പരാതി നൽകി.
തയ്യൽക്കാരൻ കമ്മീഷനിൽ ഹാജരാകാത്ത സാഹചര്യത്തിൽ, സേവനത്തിലെ കുറവ് ഉപഭോക്താവിന് മാനസിക ക്ലേശമുണ്ടാക്കിയതായി കമ്മീഷൻ നിരീക്ഷിച്ചു. വാഗ്ദാനം ചെയ്ത സമയത്ത് ബ്ലൗസ് നൽകുന്നതിൽ വീഴ്ച വരുത്തിയത് സേവനത്തിലെ പോരായ്മയായി കമ്മീഷൻ വിലയിരുത്തി. ഇതിനെത്തുടർന്നാണ്, നൽകിയ തുകയായ 4,395 രൂപ 7% പലിശയോടെ തിരികെ നൽകണമെന്നും, മാനസിക ക്ലേശത്തിനും കേസ് ചെലവുകൾക്കുമായി അധിക നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ വിധിച്ചത്.