നാല് ലോറികളിലായി 'ഗോമാംസം' കടത്തുന്നു; പിന്നാലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; ട്രക്കിന് തീയിട്ടു; കര്‍ണാടകയിലെ ബെലഗാവിയില്‍ വ്യാപക സംഘര്‍ഷം; പ്രദേശത്ത് അതീവ ജാഗ്രത
ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ അനധികൃതമായി ഗോമാംസം കടത്തിയെന്നാരോപിച്ച് വിഎച്ച്പി-ബജ്റംഗ്ദൾ പ്രവർത്തകർ ഒരു ട്രക്കിന് തീയിട്ടു. സംഭവത്തെ തുടർന്ന് കഗ്വാഡ് താലൂക്കിലെ ഐനാപുർ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കുടചിയിൽ നിന്ന് ഹൈദരാബാദിലേക്ക് നാല് ട്രക്കുകളിൽ ഗോമാംസം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തകർ നടപടി സ്വീകരിച്ചതെന്ന് പറയുന്നു.
തിങ്കളാഴ്ച രാത്രി ഐനാപുരിന് സമീപം വെച്ച് പ്രവർത്തകർ വാഹനങ്ങൾ തടയുകയായിരുന്നു. KA71 2045 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ട്രക്കിൽ നിന്ന് വലിയ അളവിൽ മാംസം കണ്ടെത്തുകയും, ഇത് പശുവിറച്ചിയാണെന്ന് ആരോപിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകർ ട്രക്കിന് നേരെ കല്ലെറിഞ്ഞ ശേഷം തീയിട്ട് നശിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ്, ട്രക്കിലുണ്ടായിരുന്ന രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഗ്വാഡ് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് എസ്പി ഭീമശങ്കർ ഗുലേദ് അറിയിച്ചു. അനധികൃതമായി ഗോമാംസം കടത്തിയതിന് ഗോവധ നിരോധന നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്രക്ക് കത്തിച്ചവർക്കെതിരെ കവർച്ച, അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അഞ്ച് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എസ്പി കൂട്ടിച്ചേർത്തു.