മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാനില്ല; എലി കരണ്ടതാവാമെന്ന് ആശുപത്രി അധികൃതർ; കിടക്കയ്ക്ക് സമീപത്തായി സർജിക്കൽ ബ്ലേഡ്; അവയവം അനുവാദം കൂടാതെ നീക്കിയെന്ന് കുടുംബത്തിന്റെ ആരോപണം

Update: 2024-11-17 07:22 GMT

പട്ന: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാളുടെ കണ്ണ് കാണാനില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിന് വിചിത്ര വിശദീകരണവുമായി ആശുപത്രി അധികൃതർ. ചികിത്സയിലിരിക്കെ മരിച്ചയാളുടെ കണ്ണ് കാണാതായെനന്നായിരുന്നു കുടുംബത്തിന്റെ പരാതിയിൽ എലി കരണ്ടതാവാമെന്നായിരുന്നു വിശദീകരണം. സംഭവത്തിൽ വലിയ വിമർശനമാണ് ആശുപത്രി അധികൃതർക്കെതിരെ ഉയരുന്നത്. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം.

ഫന്തൂഷ് എന്നയാളുടെ കുടുംബമാണ് മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാനില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. ഇതിന് പിന്നാലെ മൃതദേഹത്തിൽ നിന്ന് കണ്ണ് എലി കരണ്ടതാവാം എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്.

വയറ്റിൽ അജ്ഞാതരുടെ വെടിയേറ്റ ഇയാളെ നവംബർ 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 15 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഇയാൾ മരിക്കുകയായിരുന്നു. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം രാത്രിയിൽ ഐസിയു ബെഡിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ശേഷം ശനിയാഴ്ച്ച പുലർച്ചെ 5 മണിയോടെ കുടുംബം മൃതദേഹം കാണാൻ എത്തിയതോടെയാണ് കണ്ണ് കാണാനില്ലെന്ന് തിരിച്ചറിയുന്നത്.

തുടർന്ന് യുവാവിന്റെ ഇടത് കണ്ണ് കാണാനില്ലെന്ന് കുടുംബം ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. യുവാവിനെ കിടത്തിയ കിടക്കയ്ക്ക് സമീപത്ത് നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവം വലിയ വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ വിശദമാക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വിശദമാക്കി. മൃതദേഹത്തിൽ നിന്ന് കണ്ണ് ആരെങ്കിലും നീക്കിയതാണോയെന്നും എലി കരണ്ടതാണോയെന്നതും സംഘം പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വിശദമാക്കി. സംഭവത്തിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News