പാണ്ഡവർ സ്ഥാപിച്ച നഗരം നാഗരികതയുടെ പ്രതീകം; ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരും മാറ്റണം; അമിത് ഷാക്ക് കത്തയച്ച് ബിജെപി എം.പി
ന്യൂഡൽഹി: ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ച് ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാൾ. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് 'ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ' എന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും മാറ്റണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പാണ്ഡവരുടെ പ്രതിമകൾ സ്ഥാപിക്കണമെന്നും ഖണ്ഡേൽവാൾ നിർദ്ദേശിച്ചു.
സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ച് പേരുമാറ്റം നടത്തണമെന്നാണ് കത്തിൽ പറയുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഡൽഹി, ഇന്ത്യൻ നാഗരികതയുടെയും പാണ്ഡവർ സ്ഥാപിച്ച 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജ്, അയോധ്യ, വാരണാസി തുടങ്ങിയ ചരിത്ര നഗരങ്ങൾ അവയുടെ പുരാതന നാമങ്ങളുമായി പുനർജനിക്കുമ്പോൾ ഡൽഹിക്കും സമാനമായ മാറ്റം ആവശ്യമാണെന്ന് എം.പി പറഞ്ഞു. ഈ മാറ്റം ഒരു ചരിത്രപരമായ നീതി നടപ്പാക്കുന്നതിനും സാംസ്കാരിക നവോത്ഥാനത്തിലേക്കുള്ള ചുവടുവെപ്പുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പേരുമാറ്റം ഡൽഹിയെ അധികാര കേന്ദ്രം എന്നതിലുപരി മതം, ധാർമ്മികത, ദേശീയത എന്നിവയുടെ പ്രതീകമായി ഭാവി തലമുറകൾക്ക് പരിചയപ്പെടുത്തുമെന്നും കത്തിൽ വ്യക്തമാക്കി. ഡൽഹിയുടെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനായി പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും സാംസ്കാരിക മന്ത്രി കപിൽ മിശ്രക്ക് കത്തയച്ചിരുന്നു.