രേണുകാ സ്വാമി കൊലപാതക കേസ്: കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
രേണുകാ സ്വാമി കൊലപാതക കേസ്: കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
ബംഗളൂരു: കര്‍ണാടകത്തില്‍ ഏറെ വിവാദമായ രേണുക സ്വാമി കൊലക്കേസില്‍ പ്രതിയായ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയായ പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ചു. കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന മറ്റ് അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
നിലവില്‍ ശസ്ത്രക്രിയയ്ക്കായി ഇടക്കാല ജാമ്യം കിട്ടിയ ദര്‍ശന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ദര്‍ശന്റെ രക്തസമ്മര്‍ദത്തിന്റെ അളവില്‍ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാന്‍ കോടതിയില്‍ അഭിഭാഷകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തേ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഉത്തരവിറക്കിയത്.പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കാമാക്ഷിപാളയത്തെ ഓടയില്‍ നിന്നാണ് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്.
ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവര്‍ മൊഴി നല്‍കി.വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തില്‍ ദര്‍ശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദര്‍ശന്‍ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിപ്രകാരം ദര്‍ശനെയും പവിത്രയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.