ബംഗാളി സിനിമയിലും ലൈംഗികാരോപണം; മോശം ഉദ്ദേശത്തോടെ പെരുമാറിയെന്ന നടിയുടെ ആരോപണം; സംവിധായകന് സസ്‌പെന്‍ഷന്‍
ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഡയറക്ടേഴ്‌സ് അസോസിയേഷന്‍
കൊല്‍ക്കത്ത: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി മലയാള സിനിമയില്‍ ഉണ്ടായ വിവാദങ്ങള്‍ മറ്റ് സിനിമാ മേഖലയിലേക്കും പടരുകയാണ്. ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ട് നിരവധി നടിമാര്‍ രംഗത്തുവന്നു. ഇപ്പോഴിതാ ബംഗാള്‍ സിനിമയിലും ലൈംഗിക ആരോപണം ഉണ്ടായിരിക്കയാണ്.
പ്രമുഖ സംവിധായകനും നടനുമായ അരിന്ദം സില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്ന നടിയുടെ ആരോപണമാണ് വിവാദമായത്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ (ഡി.എ.ഇ.ഐ) സംവിധായകനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഷന്‍. അരിന്ദം സിലിന്റെ പെരുമാറ്റം സംഘടനയെ നാണംകെടുത്തുന്നതാണെന്നും ഡി.എ.ഇ.ഐ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞു. അടുത്തിടെ, ഷൂട്ടിനിടെ രംഗങ്ങള്‍ വിവരിക്കുമ്പോള്‍ മനഃപൂര്‍വമല്ലാതെ സംഭവിച്ച കാര്യമാണെന്നും ആ സമയത്ത് ആരും എതിര്‍ത്തിട്ടില്ലെന്നും അരിന്ദം സില്‍ പറഞ്ഞു.
നടി വനിത കമീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് സംവിധായകരുടെ സംഘടന സസ്‌പെന്‍ഷന്‍ തീരുമാനമെടുത്തത്. രംഗങ്ങള്‍ ശാരീരികമായി വിവരിച്ചുകൊടുക്കുന്നതെന്തിനാണെന്ന് പരാതിക്കാരിയായ നടി ചോദിച്ചു. കുറ്റാന്വേഷണ കഥ പറയുന്ന ഹര്‍ ഹര്‍ ബ്യേംകേഷ്, മിതിന്‍ മാഷി തുടങ്ങിയ സിനിമകളുടെയും ചില പരമ്പരകളുടെയും സംവിധായകനാണ് അരിന്ദം സില്‍.