കുട്ടിയുടെ ചികിത്സ നിഷേധിച്ചുവെന്ന് ആരോപിച്ച് തർക്കം; വീഡിയോ റെക്കോർഡ് ചെയ്ത പിതാവിനെ തല്ലി വനിതാ ഡോക്ടർ; ഇടപെട്ട സുരക്ഷാ ജീവനക്കാരനും ശാസന; വൈറലായി വീഡിയോ

Update: 2025-10-28 14:36 GMT

അഹമ്മദാബാദ്: സോളാ സിവിൽ ആശുപത്രിയിൽ മകളെ ചികിത്സിക്കാത്തതിനെ ചോദ്യം ചെയ്ത പിതാവിനെ ഡോക്ടർ മർദിച്ച സംഭവം വിവാദമാകുന്നു. ആശിക് ഹരിഭായ് ചാവ്ഡ എന്നയാളാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ മർദനത്തിനിരയായത്. വാക്കുതർക്കം മൊബൈലിൽ പകർത്തിയതോടെ ഡോക്ടർ കൂടുതൽ പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മൊബൈലിൽ വീഡിയോ റെക്കാഡ് ചെയ്യുന്നത് കണ്ടതോടെയാണ് ഡോക്ടർ പ്രകോപിതയായത്. റെക്കാഡിംഗ് നിർത്താൻ ആവശ്യപ്പെട്ട് ചാവ്ഡയെ ഡോക്ടർ തല്ലുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മൊബൈൽ മാറ്റിവെക്കാൻ ആവശ്യപ്പെട്ട ഡോക്ടറോട് എന്തിനാണ് മാറ്റിവെക്കുന്നതെന്ന് പിതാവ് തിരിച്ച് ചോദിച്ചതോടെ തർക്കം രൂക്ഷമായി. ഇതിനിടെ, ഇടപെടാനെത്തിയ സുരക്ഷാ ജീവനക്കാരനെയും ഡോക്ടർ ശാസിച്ചു. താന്നോട് മോശമായി പെരുമാറിയതുകൊണ്ടാണ് കുട്ടിയെ ചികിത്സിക്കാത്തതെന്ന് ഡോക്ടർ വാദിച്ചു. 

എന്നാൽ, താൻ എന്ത് മോശം പ്രവൃത്തിയാണ് ചെയ്തതെന്ന് പിതാവ് ചോദിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഡോക്ടറുടെ നടപടിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, വീഡിയോയുടെ ഒരു ഭാഗം മാത്രം കണ്ടാണ് വിധിയെഴുതുന്നതെന്നും മറ്റുള്ളവർ വാദിച്ചു. അതേസമയം, ഡോക്ടർക്കെതിരെ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അഹമ്മദാബാദ് പോലീസ് അറിയിച്ചു. 

Tags:    

Similar News