ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്നും 8.8 കോടി പിടിച്ചെടുത്ത് ഇഡി; റെയ്ഡ് നടന്നത് മാര്‍ട്ടിന്റെ കുടുംബവും ബിസിനസ് പങ്കാളികളുമായി ബന്ധപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍
സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്നും 8.8 കോടി പിടിച്ചെടുത്ത് ഇഡി
ചെന്നൈ: 'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈയിലെ ഓഫീസില്‍ നിന്ന് 8.8 കോടി രൂപ ഇ ഡി പിടിച്ചെടുത്തു. മാര്‍ട്ടിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ചെന്നൈ, കോയമ്പത്തൂര്‍ ഉള്‍പ്പെടെ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഇ.ഡി റെയ്ഡ് രണ്ടാം ദിവസമായ വെള്ളിയാഴ്ചയും തുടര്‍ന്നു. കണക്കില്‍ പെടാത്ത 8.8 കോടി രൂപയും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിലെ മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപനങ്ങളിലും വസതികളിലും ഓഫിസുകളിലും ചെന്നൈ തിരുവല്ലിക്കേണിയിലെ മകന്‍ ടൈസന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും തേനാംപേട്ട ജെ.ജെ റോഡിലെ മരുമകന്‍ ആധവ് അര്‍ജുന്റെ അപ്പാര്‍ട്‌മെന്റിലുമാണ് റെയ്ഡ് അരങ്ങേറിയത്.
ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ഏറ്റവുമധികം പണം രാഷ്ട്രീയകക്ഷികള്‍ക്ക് ഒറ്റയ്ക്ക് നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിനായിരുന്നു.
സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു.
സാന്റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ആധവ് അര്‍ജ്ജുന്‍, ഇവരുടെ ബിസിനസ്സ് പങ്കാളികള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള ചെന്നൈ, കോയമ്പത്തൂര്‍, ഹരിയാണയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിവരികയാണെന്നും ഇ.ഡി. സംഘം അറിയിച്ചു.