മരിച്ചെന്ന് അറിയിച്ച 74കാരനെ കാണാന്‍ എത്തിയത് നൂറ് കണക്കിന് ആളുകള്‍; വിലപായാത്രയുമായി സംസ്‌കരിക്കാന്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി എഴുന്നേറ്റു; താന്‍ മരിച്ച് കഴിഞ്ഞാല്‍ ആരൊക്കെ വരുമെന്ന് അറിയുന്നതിന് വേണ്ടി നടത്തിയത്; ബിഹാറിലെ ഗയ ജില്ലയിലാണ് ഈ വിചിത്ര സംഭവം

Update: 2025-10-15 00:23 GMT

ഗയ: ബിഹാറിലെ ഗയ ജില്ലയില്‍ നടുറോഡില്‍ നടന്ന ഒരു വിചിത്ര സംഭവമാണ് ഇപ്പോള്‍ അവിടുത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം ശവസംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് ഒരാള്‍ അദ്ദേഹത്തെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ജീവനോടെ എഴുനേറ്റ് വന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 74കാരനായ വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ മോഹന്‍ ലാലാണ് ഈ വിചിത്രമായ നടപടി നടത്തിയത്.

കൊന്‍ഞ്ചി ഗ്രാമത്തില്‍ നിന്നുള്ള മോഹന്‍ ലാലിന്റെ ''മരണവാര്‍ത്ത'' പരന്നതോടെ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ വീട്ടിലെത്തിയത്. പരമ്പരാഗത ചടങ്ങുകള്‍, ഘോഷയാത്ര, വിലാപസംഗീതം എല്ലാം നടത്തി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകവെയാണ് നാടകീയമായ സംഭവവികാസം ഉണ്ടായത്. അപ്പോഴാണ് മോഹന്‍ ലാല്‍ അപ്രതീക്ഷിതമായി എഴുന്നേറ്റ് നില്‍ക്കുകയും, ''ഞാന്‍ ജീവനോടെയുണ്ട്'' എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

തന്റെ 'വ്യാജ ശവസംസ്‌കാരം' പിന്നിലെ ഉദ്ദേശം വ്യക്തമായ സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ''മരണം കഴിഞ്ഞ് കണ്ണുനീര്‍ കാണുന്നത് എനിക്ക് വേണ്ടിയില്ല. ജീവനോടിരിക്കുമ്പോള്‍ ആരാണ് സത്യത്തില്‍ എന്നെ സ്നേഹിക്കുന്നതെന്ന് അറിയണമെന്നു തോന്നിയതാണ് ഈ ചടങ്ങിന്റെ പിന്നിലെ കാര്യം,'' മോഹന്‍ ലാല്‍ പറഞ്ഞു. ''ഒരാള്‍ മരിച്ചാല്‍ അവരുടെ ശവസംസ്‌കാര ചടങ്ങില്‍ ആരെല്ലാം പങ്കെടുത്തു എന്ന് അറിയാന്‍ കഴിയില്ല. എനിക്ക് അത് അനുഭവിക്കണമായിരുന്നു. ആളുകള്‍ക്ക് എന്നോട് എത്രമാത്രം ബഹുമാനവും സ്‌നേഹവുമുണ്ടെന്നും എനിക്ക് മനസ്സിലാക്കണമായിരുന്നു''മോഹന്‍ ലാല്‍ പറഞ്ഞു.

മറ്റുള്ളവരോട് കരുതലും ബഹുമാനവും കാണിക്കേണ്ടത് അവരുടെ ജീവിതകാലത്താണെന്നും, മരിച്ചശേഷം നടത്തുന്ന വിലാപത്തിന് അത്ര അര്‍ത്ഥമില്ലെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശം. മോഹന്‍ ലാല്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. പതിനാലുവര്‍ഷം മുമ്പാണ് ഭാര്യ അന്തരിച്ചത്. രണ്ട് മക്കളാണ് അദ്ദേഹത്തിന്.

Tags:    

Similar News