മുഖത്ത് ചിരി ഉണ്ടെങ്കിലും ഉള്ളിൽ പേടിയാണ്...! മരുമകളോടൊപ്പം ആദ്യമായി വിമാനത്തിൽ കയറിയ അമ്മായിഅച്ഛന്‍; ഹൃദ്യമായ വീഡിയോ വൈറൽ
ഡൽഹി: ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്ന അമ്മായിഅച്ഛന്റെ നിഷ്കളങ്കമായ പ്രതികരണങ്ങൾ പങ്കുവെച്ച മരുമകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹർഷിത എന്ന യുവതിയാണ് തൻ്റെ അമ്മായിഅച്ഛൻ്റെ മനം കവരുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.
ധൈര്യശാലിയും സാഹസിക ജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നിട്ടും, വിമാനത്തിൽ കയറുന്നത് അദ്ദേഹത്തിന് പേടിയുണ്ടാക്കുന്ന കാര്യമായിരുന്നു. വിമാനയാത്രയെക്കുറിച്ച് അദ്ദേഹത്തിന് നിരവധി സംശയങ്ങളുണ്ടായിരുന്നു.
വിമാനം താഴെ വീഴുമോ, പറന്നുയർന്നാൽ അത് ആകാശത്ത് തന്നെ നിൽക്കില്ലേ തുടങ്ങിയ നിഷ്കളങ്കമായ ചോദ്യങ്ങളാണ് അദ്ദേഹം മരുമകളോട് ചോദിച്ചുകൊണ്ടിരുന്നത്. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴും അദ്ദേഹത്തിൻ്റെ ഉത്കണ്ഠ കുറഞ്ഞില്ല. പേടിയുണ്ടായിരുന്നെങ്കിലും നിഷ്കളങ്കമായ ഒരു പുഞ്ചിരി അദ്ദേഹത്തിൻ്റെ മുഖത്തുണ്ടായിരുന്നു.
ഈ മനോഹരമായ വീഡിയോ നിരവധി പേരാണ് കണ്ടത്. ഹർഷിതയെപ്പോലെ ഒരു മരുമകളെ കിട്ടിയ കുടുംബം ഭാഗ്യമുള്ളവരാണെന്ന് പല നെറ്റിസൺസും കമന്റ് ചെയ്തു. നിരവധി പേർ തങ്ങളുടെ മാതാപിതാക്കൾ ആദ്യമായി വിമാനത്തിൽ കയറിയ അനുഭവങ്ങളും കമൻ്റ് ബോക്സിൽ പങ്കുവെച്ചു. കുടുംബബന്ധത്തിൻ്റെ സ്നേഹം വിളിച്ചോതുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.