ചികിത്സയ്‌ക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി; സുഹൃത്തിന്റെ സഹായത്തോടെ മൂന്ന് പെണ്‍മക്കളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ലഖ്നൗ: സ്വന്തം മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് കോടതി ജീവപര്യന്തം തടവിന് വിധിച്ചു. സന്ത് കബീര്‍ നഗരിലെ സര്‍ഫ്രാസ് എന്നയാളാണ് സുഹൃത്തിന്റെ സഹായത്തോടെ മക്കളെ കൊലപ്പെടുത്തിയത്. 2020 മേയ് 31നാണ് സംഭവമുണ്ടായത്. സനാ, സഭാ, ഷമാ എന്നീ കുട്ടികളെ ചികിത്സയ്‌ക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയ സര്‍ഫ്രാസും സുഹൃത്തും ചേര്‍ന്ന് ഇവരെ സരയു നദിയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടികളെ അന്വേഷിച്ചെത്തിയ ഭാര്യ സാബിറ ഖത്തൂന്‍ നല്‍കിയ പരാതിയിലൂടെയാണ് സംഭവം പുറത്ത് വന്നത്. ആദ്യം കുട്ടികളെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് സര്‍ഫ്രാസ് ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് കേസ് അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിതാവാണ് കൊലപാതകത്തിന് പിന്നിലെന്നത് വ്യക്തമാകുന്നത്. ദീര്‍ഘമായ വിചാരണയ്‌ക്കൊടുവില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ ജീവപര്യന്തം തടവ് ശിക്ഷയായി വിധിക്കുകയായിരുന്നു.