സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ; കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു: പണി പോയത് വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്‍ക്കെ

അശ്ലീല വീഡിയോ; കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2026-01-20 04:06 GMT

ബെംഗളൂരു: സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഓഫിസിലെത്തിയ രാമചന്ദ്ര റാഴു സഹപ്രവര്‍ത്തകയെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിലധികം ഒളിക്യാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി.

കര്‍ണാടക പൊലീസിന് ഒന്നടങ്കം നാണക്കേടായ സംഭവത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും രാമചന്ദ്രറാവുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്നയാളാണ് ഡിജിപി കെ. രാമചന്ദ്ര റാവു, വിരമിക്കാന്‍ നാലു മാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി എടുത്തത്.

ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവര്‍ത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. അതേസമയം എട്ട് വര്‍ഷം മുന്‍പത്തെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സൂചന. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.

Tags:    

Similar News