പ്രതിരോധ കുത്തിവെപ്പ് എടുത്ത വളര്‍ത്തുനായുടെ കടിയേറ്റ് പേവിഷബാധ; റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് ദാരുണാന്ത്യം
അഹ്‌മദാബാദ്: പ്രതിരോധ കുത്തിവെപ്പ് എടുത്ത വളര്‍ത്തുനായുടെ കടിയേറ്റതിനെത്തുടര്‍ന്ന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ പേവിഷബാധയേറ്റ് മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. മരിച്ച 50കാരി മുതിര്‍ന്ന വിദ്യാഭ്യാസ വിദഗ്ധയും മുമ്പ് ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ സ്‌കൂള്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള 'ബീഗിള്‍' ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കടിയേറ്റത്. നായ വാക്‌സിനേഷന്‍ എടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടിയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഡിസംബര്‍ 30ന് ഇവരെ ഗാന്ധിനഗറിലെ ഭട്ട് സര്‍ക്കിളിന് സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 17ന് രാവിലെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് നായയും ചത്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉപദേശകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എച്ച്.ഐ.വി, ക്ഷയരോഗം എന്നിവ തടയുന്നതിനുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വലിയ പങ്ക് വഹിച്ചിരുന്നു. മരണസമയത്ത് ഗാന്ധിനഗറിലെ പ്രമുഖ സ്വകാര്യ സ്‌കൂളില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തെരുവുനായ നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. നായ വാക്‌സിനേഷന്‍ എടുത്തതാണെങ്കിലും അല്ലെങ്കിലും, കടിയേറ്റാലുടന്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞാല്‍ മരണം ഏതാണ്ട് ഉറപ്പാണ് എന്നതാണ് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.