ഭാര്യയുടെ ഗര്‍ഭം അലസിയത് ദൈവ കോപം കൊണ്ട്; ദേവപ്രീതിക്കായുള്ള പൂജയ്ക്കിടെ അയല്‍വാസികളുടെ തലവെട്ടി നരബലി നടത്തി യുവാവ്

അയല്‍വാസികളുടെ തലവെട്ടി നരബലി നടത്തി യുവാവ്

Update: 2026-02-13 02:20 GMT

ദൈവപ്രീതിക്കായി അയല്‍ക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്. ഭാര്യയുടെ ഗര്‍ഭം അലസിയത് ദൈവ കോപം കൊണ്ടാണെന്ന് കരുതിയ യുവാവ് ദേവപ്രീതിക്കായി അയല്‍വാസികളായ ദമ്പതികളുടെ തലവെട്ടി നരബലി നല്‍കുക ആയിരുന്നു. വീട്ടില്‍ നടത്തിയ പൂജയ്ക്കിടെയാണ് യുവാവ് അപ്രതീക്ഷിതമായി അയല്‍വാസികളുടെ തലവെട്ടി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചത്. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ബഹളം കേട്ട് രക്ഷിക്കാനെത്തിയ മറ്റു രണ്ടുപേരെയും യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിംഗ്രൗലി ജില്ലയിലെ അറ്റാര്‍വ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലുമണി കഴിഞ്ഞാണ് സംഭവം. വീട്ടിലെ പൂജയില്‍ പങ്കെടുക്കാനായി പ്രതി ഛത്രപതി സിങ് അയല്‍ക്കാരായ ഫൂല്‍ കുമാരി സിങ്(50), കെലാ സിങ്(65) എന്നിവരെ ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയ ഇവരെ പൂജയ്ക്കിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലവെട്ടി. ഇവരുടെ അലര്‍ച്ച കേട്ടെത്തിയ മറ്റു രണ്ടുപേരെയും ഇയാള്‍ വെട്ടി.

തനിക്കും ഭാര്യയ്ക്കും നേരെയുണ്ടായ ദൈവകോപത്തിനുള്ള പ്രതിവിധിയായാണ് ഇയാള്‍ ഫൂല്‍ കുമാരിയുടേയും കെലാ സിങ്ങിന്റേയും തലവെട്ടിയതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ വീടിന്റെ പുറത്ത് പൂജയ്ക്കായി മണ്ണുകൊണ്ടൊരു പീഠം പണിതതായും പൊലീസ് വ്യക്തമാക്കുന്നു. തേങ്ങയും പൂജാ സാമഗ്രികളും സ്ഥലത്തു നിന്നും കണ്ടെടുത്തെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ട രണ്ടുപേരും ഛത്രപതി സിങ്ങിന്റെ അകന്ന ബന്ധുക്കള്‍ കൂടിയാണ്.നരബലിക്ക് പിന്നാലെ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഗായത്രി തിവാരി അറിയിച്ചു.

Tags:    

Similar News