'മൃഗസ്നേഹിയല്ലേ, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്തു'; മേനകയുടേത് കോടതിയലക്ഷ്യം, കേസെടുക്കാത്തത് മാന്യത കൊണ്ട്; വിമർശനവുമായി കോടതി
ന്യൂഡൽഹി: തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകളെ വിമർശിച്ച മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി കോടതി. മേനകയുടെ നടപടി കോടതിയലക്ഷ്യമാണെന്നും കേസെടുക്കാത്തത് കോടതിയുടെ മാന്യത കൊണ്ടാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായിട്ടും തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിനായി മേനക ഗാന്ധി എന്തു ചെയ്തുവെന്ന് കോടതി ചോദിച്ചു.
ഈ വിഷയത്തിൽ എത്ര ബജറ്റ് വിഹിതമാണ് അവർ ലഭ്യമാക്കിയതെന്നും കോടതി ആരാഞ്ഞു. മേനക ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാമചന്ദ്രൻ, അവർ മുൻ കേന്ദ്രമന്ത്രിയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് മേനക ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. 5000 നായ്ക്കളെ മാറ്റുകയാണെങ്കിൽ അവയെ എവിടെ പാർപ്പിക്കുമെന്നും അതിനായി 50 അഭയകേന്ദ്രങ്ങൾ വേണമെന്നും എന്നാൽ അതിനുള്ള സ്ഥലം ലഭ്യമല്ലെന്നും അവർ പറഞ്ഞിരുന്നു. നായ്ക്കളെ പിടികൂടാൻ ആളുകളെ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന്, ഈ മാസം ആദ്യം ഡൽഹി-എൻസിആർ മേഖലയിലെ തെരുവുനായ പ്രശ്നം സുപ്രീം കോടതി അവലോകനം ചെയ്തിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജന സുരക്ഷയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നു കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നായ ആരെെയങ്കിലും ആക്രമിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
നായ്ക്കളെ പരിപാലിക്കാൻ ആഗ്രഹിക്കുന്നവർ അവയെ ലൈസൻസുള്ള വളർത്തുമൃഗങ്ങളായി വീട്ടിൽ സൂക്ഷിക്കണമെന്നും അല്ലാതെ സ്വതന്ത്രമായി അലഞ്ഞു തിരിയാൻ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്നും വന്ധ്യംകരണത്തിനു ശേഷം അവയെ ഇതേ സ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
