വിനോദ സഞ്ചാര കേന്ദ്രത്തിൽ അവധി ആഘോഷിക്കാനെത്തി; സമുദ്ര നിരപ്പിൽ നിന്ന് 10000 അടി ഉയരത്തിൽ കയറിയതും ശ്വാസതടസം; 28കാരിക്ക് ദാരുണാന്ത്യം; സംഭവം പശ്ചിമ ബംഗാളിൽ

Update: 2024-12-05 10:32 GMT

കൊൽക്കത്ത: ട്രക്കിംഗിന് പോയിട്ട് വന്ന ശേഷം ഹോംസ്റ്റേയിൽ വിശ്രമിച്ചുകൊണ്ടിരുന്ന യുവതി കുഴഞ്ഞ് വീണു മരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 10000 അടി ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽ അവധി ആഘോഷിക്കാനെത്തിയ 28കാരിക്കാണ് ദാരുണ സംഭവം നടന്നത്.

ഡാർജിലിംഗിൽ നിന്നും 50 കിലോമീറ്റർ അകലെ ഇന്ത്യ നേപ്പാൾ അതിർത്തിയിലുള്ള ചെറു ഗ്രാമമായ തുംലിഗിൽ എത്തിയ 28കാരിയാണ് ശ്വാസതടസം ബാധിച്ച് മരിച്ചത്. അങ്കിത ഘോഷ് എന്ന കൊൽക്കത്ത സ്വദേശിയായ വിനോദ സഞ്ചാരിയാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളേ തുടർന്നാണ് ഇവർ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ഉപദേശകയായിരുന്ന അങ്കിത സുഹൃത്തുക്കളോടൊപ്പമാണ് ഇവിടെയെത്തിയത്. ന്യൂ ജബൽപുരി വരെ ട്രെയിനും അവിടെ നിന്ന് ടാക്സിയിലും സഞ്ചരിച്ചാണ് മൂന്നംഗ വിനോദ സഞ്ചാരിസംഘം ഇവിടെ എത്തിയത്.

ബംഗാളിലെ ഏറ്റവും ഉയർന്ന സ്ഥലമായ സാൻഡാപു സന്ദർശിച്ച ശേഷമാണ് ഇവർ തുംലിഗിലെ ഹോം സ്റ്റേയിലെത്തിയത്. ബുധനാഴ്ച തിരികെ പോകാനിരിക്കെയാണ് യുവതിക്ക് ദാരുണ മരണം ഉണ്ടായത്.

രാത്രി 12 മണിയോടെ യുവതി ശുചി മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശനിലയിലായ യുവതിയെ പുലർച്ചെ 4 മണിയോടെയാണ് ഹോം സ്റ്റേയുടെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനായത്. 28 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രിയുള്ളത്. ഇവിടെ നിന്ന് യുവതിയെ 18 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

രാവിലെ 6.30ഓടെ സുഹൃത്തുക്കൾ യുവതിയെ ഇവിടെ എത്തിച്ചപ്പോഴേയ്ക്കും യുവതി മരണത്തിന് കീഴടങ്ങി. ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    

Similar News