ജമ്മു കാശ്മീരില്‍ നിഗൂഡ രോഗം; അഞ്ച് പേര് കൂടി ആശുപത്രിയില്‍; ഒരാളുടെ നില അതീവ ഗുരുതരം; ബാദല്‍ ഗ്രാമത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ്
ജമ്മു: ജമ്മു കാശ്മീരില്‍ നിഗൂഡ രോഗം ബാധിച്ച് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 25കാരനായ അജാസ് ഖാന് ഗുരുതരാവസ്ഥയിലാണ്. സിഎച്ച്സിയിലായിരുന്ന അജാസിനെ പുലര്‍ച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് റഫര്‍ ചെയ്തു. എന്ത് അസുഖമാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ആളുകള്‍ക്ക് അസുഖം ഉണ്ടാകുന്നതിനാല്‍ രജൗരി അധികൃതര്‍ ബുധനാഴ്ച ബാദല്‍ ഗ്രാമത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബര്‍ മുതല്‍, മൂന്ന് കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍ 'നിഗൂഢ രോഗത്തിന്' കീഴടങ്ങി മരിച്ചിരുന്നു. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്സിയില് നിന്ന് ജിഎംസി രജൗരിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ആര്‍മി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സിഎച്ച്സി കണ്ടിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയതായി ജിഎംസി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷമീം അഹമ്മദ് പറഞ്ഞു.
ബിഎന്‍എസ് സെക്ഷന്‍ 163 പ്രകാരം രജൗരി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ശര്‍മ്മ പുറപ്പെടുവിച്ച ഉത്തരവില്‍, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടെയ്ന്മെന്റ് സോണിനുള്ളിലെ കുടുംബങ്ങള്‍ക്ക് നല്കുന്ന എല്ലാ ഭക്ഷണങ്ങളിലും മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകള്‍ സീല്‍ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും തുടര്‍ച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടന്‍ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണംമെന്നും ഉത്തരവില്‍ പറയുന്നു.