തമിഴ്നാട്ടിൽ പ്രളയ മുന്നറിയിപ്പ്; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; നാല് മരണം; പ്രധാന പാതകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചെന്നൈ: തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. ചെന്നൈ ഉള്‍പ്പെടെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. നാളെ ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം കാരണം തിരുവള്ളൂര്‍, ചെന്നൈ ജില്ലകളില്‍ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴയ്ക്ക് കാരണം.
കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന പാതകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ ജില്ലകളിലും ചെങ്കൽപേട്ട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും നാളെ (ഡിസംബർ 2) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൈലാപ്പൂർ, പൂനമല്ലി, ആവഡി, വേളാച്ചേരി തുടങ്ങിയ നഗരമേഖലകളിലെല്ലാം റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് സാധാരണ ജനജീവിതം ദുസ്സഹമാക്കി. വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഗതാഗത മേഖലയെയും മഴക്കെടുതി സാരമായി ബാധിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പത്തോളം വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. തീവണ്ടി സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജില്ലാ കളക്ടർമാരുമായി അവലോകന യോഗം ചേർന്നു. ഡെൽറ്റ ജില്ലകളായ മയിലാട്തുറെ, തിരുവാരൂർ എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വ്യാപകമായ കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം. എന്നാൽ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
