'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..'; ഡൽഹിയിൽ കടുത്ത മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും വൈകിയോടുന്നു; വലഞ്ഞ് ജനങ്ങൾ; വായു നിലവാരവും മോശം; അതീവ ജാഗ്രത!
ഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും പലയിടത്തും കനത്ത മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച് ഡൽഹിയിലെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 25 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
അതുപോലെ പുരുഷോത്തം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഫറാക്ക എക്സ്പ്രസ്, ഹംസഫർ, എസ് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് വൈകി ഓടുന്ന ചില പ്രധാന ട്രെയിനുകൾ. രാജ്യതലസ്ഥാനത്തെ ശീതതരംഗത്തില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാനങ്ങളും വൈകി ഓടുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ദേശീയ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം, ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം മോശമായി തുടരുകയാണെന്നും വിവരങ്ങൾ ലഭിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച് ഡൽഹിയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ എ.ക്യു.ഐ 284 ആണ് രേഖപ്പെടുത്തിയത്.