വിജയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ ടിവികെ പ്രവർത്തകരുമായി തർക്കം; ദൃശ്യങ്ങൾ പ്രചരിച്ചത്തിന് പിന്നാലെ യുവാവിനെ ഭീഷണിപ്പെടുത്തി; 20കാരൻ മരിച്ച സംഭവത്തിൽ ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെ
ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിന് പിന്നാലെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നാഗപട്ടണം സ്വദേശിയായ ഭരത് രാജ് (20) ആണ് പ്രതാപരാമപുരം ഗ്രാമത്തിലെ ഷെഡിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിജയിയ്‌ക്കെതിരെയും ടിവികെ പാർട്ടിക്കെതിരെയും പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ടിവികെ പ്രവർത്തകരുമായി യുവാവിന് തർക്കമുണ്ടായിരുന്നു. ഈ തർക്കങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഭരത് രാജ് ഭീഷണി നേരിട്ടതായും പോലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
യുവാവിന്റെ വീഡിയോ പകർത്തി പ്രചരിപ്പിച്ച ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാനാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ഭരത് രാജ് ഒരു ഡി.എം.കെ പ്രവർത്തകനായിരുന്നു.
അതേസമയം, കരൂർ സംഭവം രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തുടനീളമുള്ള സമാനമായ ദുരന്തങ്ങളിൽ മൗനം പാലിക്കുന്ന ബി.ജെ.പി, കരൂർ ദുരന്തത്തിൽ വേഗത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെയും സ്റ്റാലിൻ ചോദ്യം ചെയ്തു.