വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍
ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു
ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള വഴക്കിനെ തുടര്‍ന്ന് മുന്‍ ഗോവ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവിന്റെ മരണകാരണം വ്യക്തമല്ല. ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം.
ഉച്ചയ്ക്ക് 1.40 ഓടെ ശ്രീനിവാസ് ലോഡ്ജിന് അടുത്ത് മംലേദറിന്റെ വാഹനം ഓട്ടോയില്‍ ഇടിച്ചതോടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാക്കേറ്റം വഴിയേ കയ്യാങ്കളിയിലേക്ക് നീങ്ങി. മംലേദാര്‍ ആദ്യം ഡ്രൈവറുടെ കരണത്തടിക്കുന്നതും ഡ്രൈവര്‍ തിരിച്ചടിക്കുന്നതും കാണാം. ചുറ്റും കൂടിയ ആളുകള്‍ ഡ്രൈവറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീണ്ടും മംലേദാറിന്റെ കരണത്തടിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ മുന്‍ എംഎല്‍എയെ പൊതിരെ തല്ലുകയായിരുന്നു.
കൂടുതല്‍ ആളുകള്‍ ഒത്തുകൂടിയതോടെ, മംലേദാര്‍ ലോഡ്ജിന് ഉള്ളിലേക്ക് പോയി. ലോഡ്ജിന്റെ പടികള്‍ കയറിയ മംലേദാര്‍ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.
ഗോവയിലെ പോണ്ഡ മണ്ഡലത്തില്‍ 2012 മുതല്‍ 2017 വരെ എം എല്‍ എ ആയിരുന്നു ലാവൂ സൂര്യജി മംലേദര്‍. 2017ല്‍ വീണ്ടും പോണ്ടയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. 2022 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു