എന്നാലും എന്റെ പൊന്നേ...! സ്വര്‍ണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയില്‍ വെച്ച് മറന്നു; ജ്വല്ലറിക്ക് പുറത്തേക് നടന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചു ഭക്ഷണം നല്‍കിയത് വീട്ടമ്മ

എന്നാലും എന്റെ പൊന്നേ...! സ്വര്‍ണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയില്‍ വെച്ച് മറന്നു

Update: 2025-08-09 07:33 GMT

ഹാസന്‍: സ്വര്‍ണം കണ്ട് കണ്ണ് മഞ്ഞളിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതുപോലൊരു സംഭവമാണ് കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയില്‍വെച്ച് മറക്കുകയായിരുന്നു. കര്‍ണാടകയിലെ ഹാസനിലെ ഗാന്ധി ബസാറിലെ ജ്വല്ലറിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി ജ്വല്ലറിയിലെത്തിയത്. രണ്ടു വയസ്സുള്ള മകളെ റിസപ്ഷന്‍ കൗണ്ടറിന് സമീപമിരുത്തി സ്വര്‍ണം തെരഞ്ഞെടുക്കാന്‍ പോയി. പിന്നീട് മകളെ മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് മകളെക്കുറിച്ച് ഓര്‍മ വന്നത്. ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണ്‍മാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ സമയം വന്‍ ട്വിസ്റ്റാണ് ജ്വല്ലറിയില്‍ സംഭവിച്ചത്. അമ്മയെ കാണാതെ കരഞ്ഞ കുഞ്ഞ് ജ്വല്ലറിക്ക് പുറത്തേക് നടന്നു. ഇതുവഴി എത്തിയ വീട്ടമ്മ കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിക്കുകയും എന്തെങ്കിലും കഴിക്കാന്‍ വാങ്ങാനായി അടുത്തുള്ള ഹോട്ടലിലേക്ക് പോകുകയും ചെയ്തു.

ഈ സമയത്താണ് യുവതിയുടെ പരാതി ലഭിച്ച പൊലീസ് കുഞ്ഞിനെ അന്വേഷിച്ച് ജ്വല്ലറിയിലെത്തിയത്. കുഞ്ഞിനെ കാണാത്തതോടെ സി.സി.ടി.വി. പരിശോധിച്ചു. ഒരു സ്ത്രീ കുഞ്ഞുമായി പോകുന്നത് കണ്ട പൊലീസ് നഗരത്തിലാകെ തിരച്ചില്‍ തുടങ്ങി.

അപ്പോഴേക്കും ഭക്ഷണം വാങ്ങി നല്‍കിയ ശേഷം കുഞ്ഞുമായി വീട്ടമ്മ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവതിക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്തു.

Tags:    

Similar News