ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ

Update: 2025-01-09 09:39 GMT

ഗുവാഹത്തി: ഗൂഗിൾ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച അസം പൊലീസുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് നാഗാലാൻഡിലെത്തിയ അസം പൊലീസുകാർക്ക് നാട്ടുകാരുടെ മർദനമേൽക്കുകയായിരുന്നു. 16 അംഗ പൊലീസുകാർക്കാണ് മർദനമേൽക്കേണ്ടി വന്നത്. നാഗാലാൻഡിലെ മൊകോക്ചുങ് ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇവരെ നാട്ടുകാർ തടവിൽ വെക്കുകയും ചെയ്തു. ക്രിമിനലുകളെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ പൊലീസുകാരെ മർദിച്ചത്.

പ്രതിയെ പിടികൂടാൻ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിന്റെ ഭാഗമായി സിവിൽ ഡ്രസിൽ ആയുധങ്ങളുമായാണ് പൊലീസുകാർ എത്തിയത്. തുടർന്ന് മോക്കോചുങ് അതിർത്തി വഴി നാഗാലാൻഡിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ഇവരെ പിടികൂടുകയും ഒരു രാത്രി മുഴുവൻ തടവിൽ വെക്കുകയും ചെയ്തു. ഒടുവിൽ നാഗാലാൻഡ് പൊലീസ് എത്തിയാണ് അസം സേനയിലെ 16 പേരെ മോചിപ്പിച്ചത്.

ഗൂഗിൾ മാപ്പ് കാണിച്ച തേയിലതോട്ടത്തിൽ കയറിയതാണ് അസം പൊലീസിന് വിനയായത്. യഥാർഥത്തിൽ ഈ തേയിലത്തോട്ടം നാഗാലാൻഡിലാണ് സ്ഥിതി ചെയ്തിരുന്നത്. കൂട്ടത്തിൽ മൂന്ന് പേർക്ക് മാത്രമാണ് യൂനിഫോം ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം സിവിൽ വേഷത്തിലായിരുന്നു. ഇതും പ്രദേശവാസികളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു.

നാട്ടുകാരുടെ പിടിയിലായതോടെ രംഗം വഷളാകുകയാണെന്ന് മനസിലാക്കിയ അസം പൊലീസ് വിവരം നാഗാലാൻഡ് സേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാഗാലാൻഡ് പൊലീസിന്റെ ഇടപെടലാണ് അസം സേനയിലെ ഉദ്യോഗസ്ഥർക്ക് തുണയായത്. തുടർന്ന് അഞ്ച് പേരെ ഉടൻ തന്നെ വിട്ടയക്കുകയും ബാക്കിയുള്ളവരെ പിറ്റേന്ന് രാവിലെ മോചിപ്പിക്കുകയും ചെയ്തുവെന്ന് നാഗാലാൻഡ് പൊലീസ് അറിയിച്ചു.

Tags:    

Similar News