ചുഴലിക്കാറ്റിന് പിന്നാലെ പുതുച്ചേരിയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; വീടുകളിൽ വെള്ളം കയറി; ആളുകളെ ഒഴുപ്പിക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി; അതീവ ജാഗ്രത!
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഫിൻജാൽ' ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും ശക്തമായ മഴയും വെള്ളപ്പൊക്കവും. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി .പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചിരിക്കുന്നത്.
പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് ഇപ്പോൾ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്.
അതേസമയം, ഇന്ന് രാത്രി വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ജനങ്ങൾ ഇനിയും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.
കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. ഇന്ന് പുലര്‍ച്ചെ മുതലാണ് രക്ഷാദൗത്യം ആരംഭിച്ചത്. ഇതുവരെ നൂറുപേരെയാണ് രക്ഷിച്ചത്. തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുകയാണ്.