മണാലിയിൽ ശക്തമായ മഞ്ഞുവീഴ്ച; കാറുമായി പുറത്തിറങ്ങാൻ പേടിച്ച് വിനോദസഞ്ചാരികൾ; റോഡിൽ ജീവന് ഭീഷണിയായി മഞ്ഞുപാളികൾ; വാഹനങ്ങൾ തെന്നിമാറുന്നത് സ്ഥിരം കാഴ്ച; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച. ഇതിനിടെ, മഞ്ഞ് കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ പേടിസ്വപ്നമായി റോഡിലെ മഞ്ഞുപാളികൾ. നിരവധി വാഹനങ്ങളാണ് മഞ്ഞുപാളികൾ കാരണം നിയന്ത്രണം നഷ്ടമായി തെന്നിനീങ്ങുന്നത്. അപകടങ്ങളുടെ വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മണാലിയിലെ അടൽ തുരങ്കത്തിന് അടുത്തായി മഞ്ഞുമൂടിയ റോഡിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേയ്ക്ക് നീങ്ങുന്നതിന്റെ ഭയാനകമായ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഹനം പിന്നിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അപകടം ഒഴിവാക്കാൻ ഡ്രൈവർ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുന്നതായി വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. ആ അപകടത്തിൽ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
മണാലിയിലെ സോളാങ് താഴ്‌വരയ്ക്ക് സമീപം കാറുകൾ അപകടകരമായി തെന്നിമാറുന്നതിന്റെ മറ്റൊരു വീഡിയോ ട്രാവൽ വ്ലോഗർ ഹംസ മുർതാസ കഴിഞ്ഞ ആഴ്ച പങ്കുവെച്ചിരുന്നു. മഞ്ഞ് നിറഞ്ഞ റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതും വിനോദ സഞ്ചാരികൾ തെന്നി വീഴുന്നത് തടയാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്.