എട്ടുകോടി മൂല്യമുള്ള ആഭരണങ്ങൾ; മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടവും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ

Update: 2025-09-11 04:43 GMT

കൊല്ലൂർ: കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ വിലമതിക്കുന്ന വജ്രകിരീടവും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബികാദേവിക്കും വീരഭദ്ര സ്വാമിക്കുമാണ് അദ്ദേഹം ആഭരണങ്ങൾ കാഴ്ചവെച്ചത്. മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലൂരിലെത്തിയ ഇളയരാജ, ക്ഷേത്രദർശനം നടത്തിയ ശേഷം ക്ഷേത്ര ഉപദേശികളുടെ സാന്നിധ്യത്തിൽ ഇവ സമർപ്പിക്കുകയായിരുന്നു. മകനും സംഗീത സംവിധായകനുമായ കാർത്തിക് രാജയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുമ്പും ഇളയ രാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

സുവർണ്ണ മുഖം പതിച്ച വജ്രകിരീടവും വീരഭദ്ര സ്വാമിക്കുള്ള സ്വർണവാളുമാണ് സമർപ്പിക്കപ്പെട്ടവയിൽ പ്രധാനം. അടുത്തിടെ, ഒരു സിനിമയുടെ ഗാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയരാജയുടെ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തിയപ്പോൾ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇളയരാജയെ തടഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു.

Tags:    

Similar News