ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്ക് തോൽവി; നാഷണൽ കോൺഫറൻസ് സ്ഥാനാർഥി ബഷീർ അഹമ്മദ് ഷാ വീരിക്ക് വിജയം

Update: 2024-10-08 07:22 GMT

ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്ക് തോൽവി. നാഷണൽ കോൺഫറൻസ് സ്ഥാനാർഥി ബഷീർ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. പരാജയം അംഗീകരിക്കുന്നുവെന്ന് ഇൽതിജ പ്രതികരിച്ചു. സോഫി യൂസഫായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. ശ്രീഗുഫ്വാര-ബിജ്ബെഹറ മണ്ഡലത്തിലാണ് ഇൽതിജ മുഫ്തി ജനവിധി തേടിയത്.

37 കാരിയായ ഇൽതിജ മുഫ്തിയുടെ കന്നി തെരഞ്ഞെടുപ്പ് അങ്കമായിരുന്നു ഇത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് മെഹബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവായാണ് ഇൽതിജ രാഷ്ട്രീയ പ്രവേശനം നടത്തിയത്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ മെഹബൂബയ്ക്ക് വേണ്ടി ഇൽതിജ പ്രചാരണത്തിനും ഇറങ്ങിയിരുന്നു.

മുഫ്തി കുടുംബത്തിൻ്റെ പരമ്പരാഗത കുടുംബ സീറ്റായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ. 1996ൽ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1999 മുതൽ ഇവിടെ നിന്ന് വിജയിച്ചുവരികയായിരുന്നു.

മെഹ്ബൂബ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഇൽതിജയെ രംഗത്തിറക്കിയത്. എന്നാൽ പരാജയം പാർട്ടിക്ക് കനത്ത തിരിച്ചടിയായി.

Tags:    

Similar News