ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീര്‍ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും; ഈ മൂന്നുകുടുംബങ്ങള്‍ ജനാധിപത്യത്തിന് തടയിട്ടവരാണെന്നും അമിത് ഷാ

യുവാക്കളുടെ കയ്യില്‍ കല്ലുകള്‍ക്ക് പകരം ലാപ്‌ടോപ്പുകള്‍ നല്‍കി

Update: 2024-09-21 10:59 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടും മൂന്നും ഘട്ടം വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് അമിത് ഷാ. കോണ്‍ഗ്രസിനും നാഷണല്‍ കോണ്‍ഫറന്‍സിനും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും എതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. പതിവുപോലെ മൂന്നുകുടുംബങ്ങള്‍ എന്ന വിശേഷണം ഉയര്‍ത്തിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

''ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീര്‍ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും. അബ്ദുല്ല കുടുംബത്തിന്റെയും, മുഫ്തി കുടുംബത്തിന്റെയും നെഹ്‌റുഗാന്ധി കുടുംബത്തിന്റെയും. ഇത് അത്യാവശ്യമാണ് കാരണം ഈ മൂന്നുകുടുംബങ്ങള്‍ ജനാധിപത്യത്തിന് തടയിട്ടവരാണ്''- ജമ്മു കശ്മീരിലെ മെന്ധറില്‍ നടന്ന പൊതുറാലിയില്‍ അമിത് ഷാ പറഞ്ഞു.

''മൂന്നുപാര്‍ട്ടികളും ചേര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ''അബ്ദുല്ല, മുഫ്തി, നെഹ്‌റുഗാന്ധി കുടുംബങ്ങള്‍ തൊണ്ണൂറുകള്‍ മുതല്‍ ഇന്നുവരെ ഭീകരവാദം പ്രചരിപ്പിക്കുകയാണ്'' അദ്ദേഹം പറഞ്ഞു.

മോദി ഭരണത്തില്‍ വന്ന ശേഷം യുവാക്കളുടെ കയ്യില്‍ കല്ലുകള്‍ക്ക് പകരം ലാപ്‌ടോപ്പുകള്‍ നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 25നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് മൂന്നാംഘട്ടവും. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Tags:    

Similar News